സംഘപരിവാര്‍ ചരിത്രത്തെ മാറ്റി വരയ്ക്കുന്ന വിധം; ടിപ്പു ജയന്തിയെപ്പറ്റി ​ഗൗരി ലങ്കേഷ് എഴുതിയ ലേഖനം

By on

ഭൂതകാലത്തിന് നിറം പിടിപ്പിക്കുമ്പോൾ
​ഗൗരി ലങ്കേഷ്

ടിപ്പു സുൽത്താന്‍റെ ജന്മ വാർഷികം അടുക്കുകയാണ്, ചിലരാഷ്ട്രീയ പാർട്ടികൾ വർ​ഗീയ വെെകാരികത ആളിക്കത്തിക്കുന്ന തിരക്കിലാണ്. നവംബർ 10ന് സംസ്ഥാന ​സര്‍ക്കാര്‍ ടിപ്പു സുൽത്താന്‍റെ ജന്മവാർഷികം ഒരു തവണ കൂടെ ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ടിപ്പു സുൽത്താൻ വീണ്ടും വാർത്തയാകുകയാണ്. ഈ മുസ്ലീം ഭരണാധികാരിയെ എതിർക്കുന്ന ബിജെപി നേതാക്കൾ പ്രക്ഷുബ്ധരാണ്. ഈയിടെ ചിക്മ​ഗ്ലൂർ ബിജെപി എംഎൽഎ സിടി രവിയുമായുള്ള ഒരു ടെലഫോൺ സംഭാഷണം ഒരു ടിവി ചാനൽ പുറത്തുവിട്ടിരുന്നു. അത് ഇങ്ങനെയായിരുന്നു,
ആങ്കർ: നിങ്ങൾ എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ ടിപ്പു സുൽത്താന്‍റെ ജന്മവാർഷിക ആഘോഷങ്ങളെ ഇത്രയധികം എതിർക്കുന്നത്?
രവി: ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ എല്ലാവരുടെയും ജന്മവാർഷികം ആഘോഷിക്കണം എന്നാണെങ്കിൽ നമ്മൾ പോർച്ചു​ഗീസുകാരുടെയും ഫ്രഞ്ചുകാരുടെയും ഡച്ചുകാരുടെയും എല്ലാം ജന്മവാർഷികം ആഘോഷിക്കണം, കാരണം അവരും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരാണ്.
ആങ്കർ: നമുക്ക് വിദേശീയരെ മറക്കാം. തദ്ദേശീയരെ പറ്റി സംസാരിക്കാം.
രവി: ടിപ്പു വിദേശിയായിരുന്നു.
ആങ്കർ: എങ്ങനെ? ടിപ്പുവിന്‍റെ ജനനം എവിടെയായിരുന്നു?
രവി: ഹെെദരലി ആരാണ്? അയാൾ പേർഷ്യൻ ആയിരുന്നു.
ആങ്കർ: ഹെെദരലി പേർഷ്യൻ ആയിരുന്നോ, ഇറാനിയൻ ആയിരുന്നോ അഫ്ഘാനിസ്ഥാനി ആയിരുന്നോ എന്നൊന്നും ഇവിടെ പ്രസക്തമല്ല. ടിപ്പു ജനിച്ചത് എവിടെയായിരുന്നു?
രവി: അങ്ങനെയെങ്കിൽ ഇവിടെ ജനിച്ചവരെല്ലാം ഇന്ത്യക്കാരാണ്.
ആങ്കർ:ആ ലോജിക്കിൽ ആണെങ്കിൽ കറാച്ചിയിൽ ജനിച്ച എൽകെ അദ്വാനി പാകിസ്താനി ആണോ? വിദേശി ആണോ?
രവി: അന്ന് അഖണ്ഡ ഭാരതമായിരുന്നു!
പെട്ടെന്ന് തന്നെ ഈ ക്ലിപ് സോഷ്യൽ മീഡിയയിൽ വെെറലായി. പലരും രവിയുടെ ചരിത്ര ബോധത്തിന്‍റെ പാപ്പരത്തത്തെ കളിയാക്കി ചിരിച്ചു.

ഹെെദരലിയുടെ ​​മുത്തച്ഛന്‍ ബാ​ഗ്ദാദിൽ നിന്ന് വന്ന് കൽബുർ​ഗിയിൽ സ്ഥിരതാമസമാക്കി എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്‍റെ മകൻ ഫാത് മുഹമ്മദ് മെെസൂരിലെ വോഡയാര്‍ രാജവംശത്തിന്‍റെ സൈന്യത്തില്‍  ചേർന്ന് കമാൻഡറായി. ഫാത് മുഹമ്മദിന്‍റെ വീര്യത്തിൽ മതിപ്പ് തോന്നിയ വോഡയാറുകള്‍ കോലാർ അദ്ദേഹത്തിന് സമ്മാനമായി നൽകി. കോലാർ ജില്ലയിലെ ബുഡികോട്ടെ എന്ന ​ഗ്രാമത്തിലാണ് ഹെെദർ ജനിച്ചത്.  പിന്നീട്, ഇതേ വോഡയാറുകള്‍ ബം​ഗളൂരു മൊത്തത്തിൽ ഹെെദരാലിക്ക് സമ്മാനമായി നൽകി, അദ്ദേഹത്തിന്‍റെ മകൻ ടിപ്പു സുൽത്താൻ ജനിച്ചത് ദേവനഹള്ളി ​ഗ്രാമത്തിലാണ്. ഹെെദരലിയുടെ പിൻ​ഗാമികൾ എവിടെ ജനിച്ചവരോ ആയിക്കോട്ടെ, ഹെെദരലി ഒരു മൂന്നാം തലമുറ അധിവാസിയാണ് എന്ന കാര്യം വളരെ വ്യക്തമാണ്. ഈ പശ്ചാത്തലത്തിൽ ടിപ്പു സുൽത്താൻ പേർഷ്യക്കാരനാണ് എന്ന് രവി വാദിക്കുന്നത് വലിയ വിഡ്ഢിത്തമാണ്.
എന്തായാലും ആരാണ് യഥാർത്ഥ നിവാസിയെന്നും ആരാണ് വിദേശി? 30 വർഷം മുമ്പ് വന്നയാളോ അല്ല 300 വർഷം മുമ്പ് വന്നയാളോ അതുമല്ല 3,000 വർഷം മുമ്പ് വന്നവരോ?

ടിപ്പു സുൽത്താനെ കുറിച്ചുള്ള ആകെയുള്ള അറിവ് പങ്കുവെച്ച് ബിജെപി എംപി ശോഭ കരന്ദ്ലാജെ പറഞ്‍ഞത് ഇങ്ങനെ, ടിപ്പു ജനിച്ചത് നൂറ്റാണ്ടുകൾക്ക് മുമ്പാണ്. അദ്ദേഹം ദശാബ്ദങ്ങൾക്ക് മുമ്പ് മരിക്കുകയും ചെയ്തു. ഇതേപ്പറ്റി കൂടുതൽ അഭിപ്രായങ്ങളൊന്നുമില്ല, ചിരിച്ച് നിലത്തുകിടന്നുരുളുക മാത്രമേ ചെയ്യാനുള്ളൂ.

കഴിഞ്ഞ വർ‍ഷം കൊഡ​ഗു ജില്ലയിൽ ടിപ്പു സുൽത്താൻ ജയന്തി ആഘോഷങ്ങൾ ബിജെപി എതിർത്തപ്പോൾ, ഒരുഹിന്ദുവും ഒരു മുസ്ലീമും കൊല്ലപ്പെട്ട സംഘർഷത്തിലാണ് അത് അവസാനിച്ചത്. ഇത്തവണ ബിജെപി അത് ചിത്രദുർ​ഗ ജില്ലയിൽ ചെയ്യാൻ ശ്രമിക്കുന്നു. ബിജെപി എംപി പ്രതാപ് സിൻഹയാണ് അതിന്റെ ക്യാംപെയ്ൻ നയിക്കുന്നത്.  ‘ടിപ്പു ജയന്തി ഇനിയും ആവശ്യമുണ്ടോ?’ എന്ന തലക്കെട്ടിൽ പ്രതാപ് സിംഹ എഴുതിയ ഒരു ലേഖനം ചരിത്രപരമായ തെറ്റുകൾ മാത്രം നിറഞ്ഞതാണ്. ആ ജില്ലയിലെ വാൽമീകി, ചലവാടി സമുദായങ്ങളിൽ മുസ്ലീം വിരുദ്ധ വികാരങ്ങൾ ഇളക്കിവിടുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ടതായിരുന്നു ആ ലേഖനം. സിംഹയുടെ തലതിരിഞ്ഞ ചരിത്രവ്യാഖ്യാനം ലേഖനത്തിന്‍റെ ആ​ദ്യവരിയിൽ തന്നെ വ്യക്തമാണ്. ഹെെദർ ഒരു സാധാരണ ‘കൂലി’ ആണെന്നും ജോലി വോഡയാര്‍ പട്ടാളത്തിന്‍റെ കുതിരലായം വൃത്തിയാക്കൽ ആയിരുന്നു തൊഴിലെന്നും ആണ് എഴുതിയത്. അങ്ങനെയാണെങ്കിൽ ഒരു കുതിരലായം വൃത്തിയാക്കുന്ന ഒരാൾക്ക് നവാബ് ഹെെദരലി ഖാൻ എന്ന പദവി നൽകാൻ മാത്രം വിഡ്ഢിയായ രാജാവാണ് കൃഷ്ണരാജ വോഡയാർ എന്നും സിംഹയ്ക്ക് സമ്മതിക്കേണ്ടിവരും.

ചുരുക്കിപ്പറഞ്ഞാൽ സിംഹയുടെ ലേഖനത്തിലെ പ്രധാന പോയിന്‍റുകള്‍ ഇവയാണ്, ചതിയനായ ഹെെദർ ‘ഇസ്ലാമിക് ടെക്നിക്’ ഉപയോ​ഗിച്ച് മടകരി നായകനെ (ചിത്രദുർ​ഗ രാജാവും വാൽമീകി ജാതിക്കാരനും) ആക്രമിച്ചു. ഹെെദർ ചിത്രദുർ​ഗ കൊള്ളയടിക്കുക മാത്രമല്ല ഒരുപാട് വാൽമീകികളെ കൊല്ലുകയും 20,000ത്തോളം വാൽമീകികളെ ശ്രീരം​ഗപട്ടണത്ത് കൊണ്ടുപോയി ഇസ്ലാമിലേക്ക് മതംമാറ്റുകയും ചെയ്തു. ഒനകെ ഒബ്ബാവ (ചലവടി സമുദായത്തിൽ ജനിച്ച) ചിത്രദുർ​ഗ കോട്ടയെ ഹെെദറുടെ പട്ടാളക്കാരിൽ നിന്നും പ്രതിരോധിച്ചു (അതെ, ശത്രുവിന്‍റെ കോട്ട പിടിച്ചടക്കാൻ നോക്കുന്നത് എഴുത്തുകാരനെ സംബന്ധിച്ച് വെറും ‘ഇസ്ലാമിക് ടെക്നിക്’ആണ്). അങ്ങനെയെങ്കിൽ ടിപ്പുവിന്‍റെ ജന്മവാർഷികാഘോഷത്തെപ്പറ്റി വാൽമീകി, ചലവടി സമുദായത്തിൽ പെട്ടവർക്ക് ഇപ്പോൾ എന്തായിരിക്കും തോന്നുക?
വസ്തുത ഇതാണ്, വിജയന​ഗര സാമ്രാജ്യത്തിന്‍റെ പതനത്തിന് ശേഷം അവരവരുടെ കുത്തകാധികാരം സ്ഥാപിക്കാനുള്ള പാലേ​ഗാറുകളുടെയും പല രാജവംശങ്ങളുടെയും യുദ്ധഭൂമിയായി കർണാടക മാറിയിരുന്നു. 1500നും 1800നും ഇടയിൽ ബഹമാനികളും, ബീജാപ്പൂരിലെ സുൽത്താൻമാരും, കെലാടിയിലെ നായകരും മെെസൂരിലെ വടയാറുകളും മറ്റുപലരും അവർക്കിടയിൽതന്നെ പല യുദ്ധങ്ങളിൽ പോരാടിയിട്ടുണ്ട്. അതേ കാലഘട്ടത്തിൽ തന്നെ ചിത്രദുർ​ഗയുടെയും വിധി പല തരത്തിൽ മാറുകയുമുണ്ടായി. വിജയന​ഗര സാമ്രാജ്യത്തിന്റെ പ്രവിശ്യ എന്നതിൽ നിന്നും മറാത്തകളുടെയും മു​ഗളരുടെയും കപ്പമായും ചിത്രദുർ​ഗ മാറി. 1779ൽ ഹെെദർ വടയാറുകൾക്ക് വേണ്ടി ചിത്രദുർ​ഗ പിടിച്ചടക്കി.

അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള അന്നത്തെ യുദ്ധങ്ങളിൽ ഇരുവശങ്ങളിലും ഹിന്ദുക്കളും മുസ്ലീങ്ങളും ഉണ്ടായിരുന്നു. വോഡയാര്‍ പട്ടാളത്തിന്‍റെ കമാൻഡർ ഹെെദർ ആയിരുന്നെങ്കിൽ മടകരി നായകന്‍റെ പട്ടാളത്തിൽ നിരവധി മുസ്ലീം പട്ടാളക്കാർ ഉണ്ടായിരുന്നു. വിജയന​ഗര സാമ്രാജ്യത്തിലെ ദേവരായ രണ്ടാമൻ തന്‍റെ ​ഹിന്ദു സെെനികരെ കുതിരപ്പട്ടാള തന്ത്രങ്ങൾ പഠിപ്പിക്കുവാൻ മുസ്ലീം സെെനികരെ നിയമിച്ചിരുന്നു. ടിപ്പു സുൽത്താന്‍റെ പല മന്ത്രികളും പട്ടാളക്കാരും ഹിന്ദുക്കളായിരുന്നു. അന്നത്തെ ഇത്തരം യുദ്ധങ്ങളെ ജാതിയുടെയും സമുദായത്തിന്‍റെയും പ്രിസത്തിലൂടെ നോക്കുകയാണെങ്കിൽ ​ഗം​ഗരും ചോളരും തമ്മിലുള്ള യുദ്ധത്തെ മുക്കുവരും ​ഗൗണ്ടരും തമ്മിലുള്ള യുദ്ധമായി വ്യാഖ്യാനിക്കേണ്ടിയും വരും. വിജയന​ഗര രാജാവ് സദാശിവ രായൻ ബം​ഗളൂരു സ്ഥാപകനായ കെംപ ​ഗൗഡയെ ജയിലിലടച്ചതിനെ ഒരു ബണ്ടും ഒരു വൊക്കലി​ഗയും തമ്മിലുള്ള യുദ്ധമായി മനസ്സിലാക്കേണ്ടിവരും. പോരാടുന്ന വിഭാ​ഗങ്ങൾക്ക് അന്യോന്യം ജാതിയും മതവും പ്രധാനമായിരുന്നില്ല എന്ന് മനസ്സിലാക്കാൻ ഈ വസ്തുത ഒാർത്താൽ മതി, ഹിന്ദു മറാത്തകൾ ഹെെദരാബാദിലെ മുസ്ലീം നവാബുമായി ചേർന്ന് ക്രിസ്ത്യാനികളായ ബ്രിട്ടീഷുകാരോട് കെെകോർത്തിരുന്നു, മുസ്ലീമായ ടിപ്പുവിനെതിരെ.

അതെ. ഹെെദരും ടിപ്പുവും ഒക്കെ കൊള്ളയടിച്ചിട്ടുണ്ട്, കൊന്നിട്ടുണ്ട്, മുറിപ്പെടുത്തിയിട്ടുണ്ട് ശത്രുക്കളുടെ രാജത്വം വെട്ടിപ്പിടിച്ച ശേഷം. അക്കാര്യത്തിൽ അവർ വിജയികളായ മറ്റ് ഹിന്ദു രാജാക്കന്മാരിൽ നിന്നും വ്യത്യസ്തരായിരുന്നില്ല. കലിം​ഗ യുദ്ധത്തിനിടെ അശോക ചക്രവർത്തി ഒരു ലക്ഷത്തിലേറെപ്പേരെ കൊലപ്പെടുത്തുകയും ആയിരങ്ങളെ നാടുകടത്തുകയും ചെയ്തതും നമ്മൾ ഒരിക്കലും മറക്കരുത്. അതെ, അശോകനും ആളുകളെ ഹിന്ദുമതത്തിലേക്ക് മതപരിവർത്തനം നടത്തിയിരുന്നു, സ്വന്തം വിശ്വാസത്തെ അപഹസിച്ചവരെ കൊന്നുകളയുകയും ചെയ്തിരുന്നു.
ബിജെപി നേതാക്കൾ ചരിത്രത്തെ വർ​ഗീയമായി മാത്രം നോക്കുന്നത് നിർത്തുക. വർ​ഗീയ വിഷം നിറഞ്ഞ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതും അവസാനിപ്പിക്കുക. കാരണം ഇന്ന് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ നാളെ അതിക്രമങ്ങളിലേക്കും കലാപങ്ങളിലേക്കും മാത്രമേ വഴി തെളിക്കൂ.

 

മൊഴിമാറ്റം-മൃദുല ഭവാനി

നവംബര്‍ 1, 2016 ല്‍ ബാംഗ്ലൂര്‍ മിററില്‍ പ്രസിദ്ധീകരിച്ച ലേഖനം


Read More Related Articles