ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസ്: പെൺകുട്ടിയുടെ വാഹനത്തിൽ റ്റ്രക്ക് ഇടിച്ചു; ബന്ധുക്കള്‍ കൊല്ലപ്പെട്ടു, അഭിഭാഷകന് ഗുരുതര പരിക്ക്
ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ബംഗാർമാവു മണ്ഡലത്തിലെ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാർ ബലാത്സംഗം ചെയ്തുവെന്ന് പരാതി ഉന്നയിച്ച പെൺകുട്ടിയുടെ വാഹനത്തിൽ റ്റ്രക്ക് ഇടിച്ചു. സ്ത്രീയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. പരാതിക്കാരിക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന അഭിഭാഷകനായ മഹേന്ദ്ര സിംഗിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും ലക്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവ്വകലാശാലയിൽ ചികിത്സയിലാണ്. റായ്ബറേലിയിലേക്ക് പോവുകയായിരുന്നു ഇവർ. ലാൽഗഞ്ജിലേക്ക് പോവുകയായിരുന്ന റ്റ്രക്ക് ആണ് ഇടിച്ചത്. കൊലപാതക ശ്രമത്തിന്റെ ഭാഗമാണ് അപകടമെന്ന് പരാതിക്കാരിയുടെ ബന്ധുക്കൾ ആരോപിച്ചു. പോസ്കോ പ്രകാരമുള്ള കേസിൽ 2018 മുതൽ ജയിലിലാണ്. അതേസമയം സിംഗിന് യോഗി ആദിത്യനാഥ് സർക്കാരിൽ ശക്തമായ സ്വാധീനം ഉണ്ട് എന്നതും ശ്രദ്ധേയമാണ്. അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ പരാതിക്കാരിയുടെ മാതാവാണെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
Unnao rape case: Victim and 2 others injured after the vehicle they were travelling in, collided with a truck in Raebareli. More details waited. pic.twitter.com/n26TGoxpcK
— ANI UP (@ANINewsUP) 28 July 2019
പെണ്‍കുട്ടിയ്ക്ക് സുരക്ഷക്കായി നൽകപ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം അപകട സമയത്ത് ഉണ്ടായില്ലെന്ന് ഉന്നാവോ എസ് പി എംകെ വെർമ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും എസ് പി പറഞ്ഞു.
MK Verma, SP Unnao: Security guards provided for protection of the victim by police were not present with her at the time of accident today. Investigation underway. Action will be taken once investigation concludes. pic.twitter.com/nLqlBJDXtg
— ANI UP (@ANINewsUP) 28 July 2019
അപകടം ആസൂത്രിതമാണെന്നും കുൽദീപ് സിംഗ് ആണ് ഇതിന് പിന്നിലെന്നും പരാതിക്കാരിയുടെ സഹോദരി ആരോപിച്ചു.
2017 ജൂണിലാണ് എംഎൽഎ കുൽദീപ് സിംഗും സഹോദരൻ അതുൽ സെംഗാറും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന് 17 വയസുകാരി പരാതി ഉന്നയിച്ചത്. തൊഴിൽ അന്വേഷിച്ചു ചെന്ന പെൺകുട്ടിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഉത്തർപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സംഭവം. എംഎൽഎയ്ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും പരാതി നൽകിയെങ്കിലും യോഗി ആദിത്യനാഥ് സർക്കാർ ഒരു നടപടിയും എടുത്തിരുന്നില്ല. 2018 ഏപ്രിൽ 5ന് പെൺകുട്ടിയുടെ പിതാവിനെ യോഗി സർക്കാർ അറസ്റ്റ് ചെയ്യുകയും കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു എംഎൽഎയുടെ സഹോദരൻ അതുൽ സെംഗാറിന്റെ നേതൃത്വത്തിൽ തന്നെ അതിക്രൂരമായി മർദ്ദിച്ചുവെന്ന് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇതിനിടയിൽ തന്റെ പരാതിയിൽ നടപടി എടുക്കാത്തതിനോട് പ്രതിഷേധിച്ച് ഇരയായ പെൺകുട്ടി യോഗി ആദിത്യനാഥിന്റെ വസതിക്ക മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് ഏപ്രിൽ 9 ന് ചികിത്സയിലായിരിക്കെ മരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് എംഎൽഎയ്ക്കെതിരെ നടപടിയുണ്ടാവുന്നത്. 2018 ഏപ്രിൽ 13 ന് കുൽദീപ് സെംഗാറിനെ സിബിഐ കസ്റ്റഡിയിലെടുക്കുകയും പിന്നാലെ അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.