”എനിക്ക് ഇതുവരെയും ധൈര്യം നഷ്‌ടപ്പെട്ടിരുന്നില്ല, പക്ഷെ ഇപ്പോൾ ഇത് മരണമാണെന്ന് തോന്നുന്നു”; കശ്മീരി ഫോട്ടോ ജേണലിസ്റ്റ് നിസാർ ഉൽ ഹഖ്
ഓഗസ്റ്റ് അഞ്ചിന് ഇന്ത്യൻ ഭരണകൂടം ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം എല്ലാ ആശയവിനിമയ സൗകര്യങ്ങളും നിഷേധിച്ചുകൊണ്ട് ജമ്മു കശ്മീരിൽ ഇന്ത്യ സെെനിക അധിനിവേശം തുടരുകയാണ്. ഏറ്റവുമാദ്യം അടിച്ചമർത്തപ്പെട്ടത് കശ്മീരി മാധ്യമങ്ങളാണ്. മുൻ കാലങ്ങളിലും ഭരണകൂട അടിച്ചമർത്തൽ നേരിടേണ്ടി വന്നിരുന്ന കശ്മീരി മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നേരിടുന്നത് സമാനതകളില്ലാത്ത അനിശ്ചിതത്വവും പ്രതിസന്ധിയുമാണ്. ജമ്മു കശ്മീരിലെ പ്രധാന ഇംഗ്ലീഷ് ദിനപത്രങ്ങളിലൊന്നായ റെെസിങ് കശ്മീർ ലെ മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് നിസാർ ഉൽ ഹഖ് കശ്മീരി മാധ്യമപ്രവർത്തകർ നേരിടുന്ന അനിശ്ചിതത്വത്തെപ്പറ്റിയും മാധ്യമപ്രവർത്തനത്തിലെ രാഷ്ട്രീയ വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുന്നു.
2004ൽ കശ്മീരിലെ ഒരു പ്രാദേശിക ദിനപത്രത്തിൽ ഞാൻ ജോലി ചെയ്യാൻ തുടങ്ങി. ഞാനൊരു ഫോട്ടോ ജേണലിസ്റ്റായിട്ടാണ് ജോലി ചെയ്യാൻ തുടങ്ങിയത്. അന്ന് സാമൂഹ്യമാധ്യമങ്ങൾ ഉണ്ടായിരുന്നില്ല. ഞാൻ ഫോട്ടോഗ്രഫി ചെയ്യുമായിരുന്നു. അന്ന് ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വ്യത്യസ്തമായിരുന്നു, കശ്മീരിൽ നിന്നും എന്തെങ്കിലും കവർ ചെയ്യുക ബുദ്ധിമുട്ടായിരുന്നു. എന്‍റെ ജില്ലയിൽ നിന്നുള്ള ഒരേയൊരു ഫോട്ടോ ജേണലിസ്റ്റ് ഞാനായിരുന്നു, ഏറ്റുമുട്ടലുകൾ ഉണ്ടാകുമ്പോൾ അത് പോയി കവർ ചെയ്യാറുണ്ടായിരുന്നു. ഇത്രയധികം സായുധ സേന അന്ന് ഉണ്ടായിരുന്നില്ല, പൊലീസ് ആയിരുന്നു അന്ന് എണ്ണത്തിൽ കൂടുതൽ. അന്നൊന്നും ആർമിയോ പൊലീസോ എന്നെ പീഡിപ്പിച്ചിരുന്നില്ല. ജോലി ചെയ്യുമ്പോൾ എന്തിനാണ് ഈ ഏറ്റുമുട്ടൽ കവർ ചെയ്യുന്നത് എന്നോ ആർക്കുവേണ്ടിയാണ് ജോലി ചെയ്യുന്നത് എന്നോ ചോദിച്ചിരുന്നില്ല. അങ്ങനെയൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇത് 2004ലെ കാര്യമാണ് പറയുന്നത്. പക്ഷേ അതിന് ശേഷം 2005, 2006, 2007, 2008, 2009 എന്നീ വർഷങ്ങളിൽ എന്നെ പേടി ബാധിച്ചുതുടങ്ങി, കാരണം സിആർപിഎഫും ആർമിയും പൊലീസുമെല്ലാം എന്നെ ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു. അന്ന് പെല്ലറ്റ് ഗൺ ഉപയോഗത്തിലുണ്ടായിരുന്നില്ല.ടിയർ ഗ്യാസ് ഷെല്ലിങ് ഉണ്ടായിരുന്നു. എവിടെയെങ്കിലും ഒരു പ്രതിഷേധമുണ്ടായാൽ അതിന് നേരെ പെല്ലറ്റ് ആക്രമണം ഉണ്ടായിരുന്നില്ല, ഇത് 2005ലെ കാര്യമാണ്. ഞങ്ങൾ സെെന്യത്തോട് എതിരിടാറുണ്ട്, പക്ഷേ സാഹചര്യങ്ങൾ വലിയ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നില്ല. ആർമിയുടെയും പൊലീസിന്റെയും പരിപാടികളും ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2010 ഓടെയാണ് പെല്ലറ്റ് ഗൺ ഉപയോഗം വ്യാപകമായത്, ഇത് കശ്മീരിന്‍റെ സാഹചര്യങ്ങളെ ആകെയും മാറ്റുകയായിരുന്നു. കശ്മീരി ജനതയെ ഇത് ഭയത്തിലാഴ്ത്തി. ഒരു ജേണലിസ്റ്റിന്‍റെ ജോലി ഇതാണ്, എവിടെയെങ്കിലും ഏറ്റുമുട്ടലോ പ്രതിഷേധങ്ങളോ നടക്കുമ്പോൾ അവിടെ പോകുക, അത് റിപ്പോർട്ട് ചെയ്യുക. ജനങ്ങളോടും കലഹിക്കേണ്ടിവന്നിട്ടുണ്ട്, സെെന്യത്തോടും കലഹിക്കേണ്ടി വന്നിട്ടുണ്ട്. 2018ൽ ഒരു ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യാൻ പോകുകയായിരുന്നു, സൗത്ത് കശ്മീരിൽ ആയിരുന്നു, ഞങ്ങൾ ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തെത്തിയപ്പോൾ ഞങ്ങൾക്ക് കടന്നുപോകാൻ വേണ്ടി പ്രതിഷേധം തൽക്കാലത്തേക്ക് നിർത്താൻ ആവശ്യപ്പെട്ടു, ജനങ്ങൾ നമുക്കുവേണ്ടി വഴി മാറിത്തന്നു, ഞങ്ങൾ ഏഴുപേരുണ്ടായിരുന്നു, ഞങ്ങൾ മുന്നോട്ടുനടന്നു, ഞാനായിരുന്നു മുന്നിൽ. പെട്ടെന്ന് എനിക്ക് വല്ലാത്തൊരു കറന്റ് അനുഭവപ്പെട്ടു. ഞാൻ താഴെ വീണു. സഹപ്രവർത്തകനായ വസീം അന്ദ്രാബിയോട് ഞാൻ ചോദിച്ചു, വസീം അന്ദ്രാബി, താങ്കൾക്ക് പെല്ലറ്റ് കൊണ്ടോ? അപ്പോൾ വസീം പറഞ്ഞു, എന്നെ വിടൂ, നിങ്ങളുടെ കണ്ണിൽ നിന്നും ചോര വരുന്നു. ഞാനെന്‍റെ ഇടത് കണ്ണ് തൊട്ടുനോക്കി, എനിക്കൊന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ ചോരയാണ് തൊട്ടത്, പെല്ലറ്റ് എന്റെ കണ്ണിന്റെ ഉള്ളിലേക്ക് പോയി എന്നാണ് എനിക്കപ്പോൾ തോന്നിയത്. ആളുകൾ ഓടിക്കൂടി, അവരെന്നെ എഴുന്നേൽക്കാൻ സഹായിച്ചു. അവിടെനിന്നും രക്ഷപ്പെടുത്തി. എന്നെ ഒരു മെഡിക്കൽ അസിസ്റ്റന്റിന്‍റെ അടുത്തേക്ക് കൊണ്ടുപോയി. കുറേ ആൺകുട്ടികളുടെ ശരീരങ്ങളിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്യുകയായിരുന്നു അയാൾ. എന്റെ ഊഴമെത്തിയപ്പോൾ അയാൾ പറഞ്ഞു, നിങ്ങളുടെ പെല്ലറ്റ് എടുത്തുമാറ്റാൻ കഴിയില്ല, കാരണം അത് കൺപോളക്കുള്ളിലേക്ക് പോയിട്ടുണ്ട്. എന്റെ താടിയിലും പെല്ലറ്റ് കൊണ്ടിരുന്നു. എനിക്ക് എന്തെങ്കിലും കാണാൻ കഴിയുന്നുണ്ടോ എന്ന് അയാൾ ചോദിച്ചു. മരുന്നു പുരട്ടിയ പഞ്ഞി വെച്ച് കണ്ണ് പൊതിഞ്ഞു, എന്നോട് ജില്ലാ ആസ്പത്രിയിലേക്ക് പോകാൻ പറഞ്ഞു. ആരോഗ്യ വകുപ്പ് എന്നെ നന്നായി സഹായിച്ചിരുന്നു. അവിടെ വെച്ച് ഞാൻ കണ്ണ് പരിശോധിച്ചു. എന്റെ കണ്ണിന് സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ ആ സർജറി ചെയ്തുകഴിഞ്ഞാൽ അത് കണ്ണിന്‍റെ ആരോഗ്യത്തിനെ ബാധിക്കുമെന്ന് പറഞ്ഞു, കണ്ണിനെ ദുർബലപ്പെടുത്തുമെന്ന് പറഞ്ഞു. പെല്ലറ്റ് നീക്കം ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ഡോക്ടർ പറഞ്ഞു, അതവിടെ ഇരിക്കട്ടെ എന്ന്. ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനം, റെെസിങ് കശ്മീർ എനിക്കൊപ്പം പൂർണമായും നിന്നു. ഡോക്ടർ എനിക്ക് മൂന്ന് മരുന്നുകൾ കുറിച്ചുതന്നു, അത് മുടങ്ങാതെ കഴിക്കണം. ഒരു തവണ എങ്കിലും കഴിക്കാതിരുന്നാൽ എന്‍റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകും. ഒരു വർഷത്തേക്ക് ഈ മരുന്നുകൾ വാങ്ങണമെങ്കിൽ 65,000 രൂപ വേണം. ഒരു മാസത്തേക്ക് 3500 രൂപ. ഞാനിപ്പോൾ ഈ മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ വിടൂ, ഞാനവിടെ ജോലി ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകനാണ്, എനിക്ക് നിങ്ങളെ ഇപ്പോൾ നന്നായി കാണാം, പക്ഷേ കശ്മീരിലുള്ള സാധാരണ ജനങ്ങൾക്കിടയിൽ പെല്ലറ്റ് കണ്ണിനകത്തേക്ക് തുളച്ചുകയറിയ എത്രയോപേരുണ്ട്. ഒരിക്കൽ പുൾവാമയിൽ ഒരു പ്രതിഷേധം നടക്കുന്നതിനിടെ മാർക്കറ്റിൽ വന്ന ഒരു ബിഹാറി തൊഴിലാളിയുടെ രണ്ട് കണ്ണുകളിലും പെല്ലറ്റ് കൊണ്ടു, ഞാനത് റിപ്പോർട്ട് ചെയ്തിരുന്നു. അവന് ഒന്നും കാണാൻ കഴിയില്ല. തിരിച്ച് ഡൽഹിയിലെത്താൻ ഞങ്ങളവനെ സഹായിച്ചിരുന്നു.
താങ്കളുടെ എഡിറ്റർ ഷഹീദ് ഷൂജാഅത് ബുഖാരിയെക്കുറിച്ച് പറഞ്ഞല്ലോ, യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചത്?
കേസ് അന്വേഷണം നടക്കുകയാണ്. ഇപ്പോഴും നമുക്കറിയില്ല ആരാണ് റെെസിങ് കശ്മീർ എഡിറ്റർ ഷൂജാഅത് ബുഖാരിയെ കൊലപ്പെടുത്തിയതെന്ന്. കൊലപാതകത്തിന് ശേഷവും റെെസിങ് കശ്മീർ ജോലി തുടരുകയായിരുന്നു, കശ്മീരിന് ഇതുപോലൊരു ജേണലിസ്റ്റിനെ ഇതിന് മുമ്പ് കിട്ടിയിട്ടില്ല. ഓരോ റിപ്പോർട്ടറെയും ദിവസം എങ്ങനെ പോയി എന്നറിയാൻ ഫോൺ കോൾ ചെയ്യുമായിരുന്നു. രക്ഷിതാക്കൾ കുട്ടികളോട് ചോദിക്കുന്ന പോലെയായിരുന്നു ആ അന്വേഷണങ്ങൾ. മാധ്യമപ്രവർത്തനത്തിന്‍റെ ധാർമികതയും നിയമങ്ങളും അതുപോലെ പിന്തുടർന്നിരുന്നു. കൊല ചെയ്യപ്പെട്ടതിന്‍റെ പിറ്റേ ദിവസം തന്നെ പത്രം പ്രസിദ്ധീകരിക്കാൻ കഴിവുള്ള ഒരു സംഘം മാധ്യമപ്രവർത്തകരെ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. അതിന് ശേഷവും റെെസിങ് കശ്മീർ പ്രസിദ്ധീകരണം നിർത്തിയിട്ടുണ്ടായിരുന്നില്ല. അതിനേക്കാൾ വലുതായി എന്താണുള്ളത്? ഷുജാഅത് സാഹിബ് കശ്മീരിന്‍റെ വെളിച്ചമായിരുന്നു. നമ്മൾക്കാർക്കും ഷൂജാഅത് സാഹിബ് ആകേണ്ട, പക്ഷേ അദ്ദേഹം കാണിച്ച വഴിയിലൂടെയാണ് ഞങ്ങൾ സഞ്ചരിക്കാൻ ശ്രമിക്കുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരിൽ നടന്നതിനെക്കുറിച്ച് പറയാമോ?
2019 ഓഗസ്റ്റ് 4ന്, അല്ല, ഓഗസ്റ്റ് ഒന്നിന് തന്നെ, കൂടുതൽ സെെനികരെ വിന്യസിപ്പിക്കുന്നത് കണ്ട് എല്ലാവരും അസ്വസ്ഥരായിരുന്നു, അല്ലെങ്കിൽ തന്നെ സെെന്യം കശ്മീരിൽ അധികമാണ്, അതിൽ കൂടുതൽ എന്തിനാണ് ഇനിയും സെെന്യം? എന്തായിരുന്നു അത്യാവശ്യം? നമ്മളെല്ലാം ഭയത്തിലായിരുന്നു, ആർട്ടിക്കിൾ 370 റദ്ദാക്കപ്പെടാൻ പോകുന്നു എന്ന കാര്യം അപ്പോൾ തന്നെ എല്ലാവരും ചർച്ച ചെയ്യുന്നുണ്ടായിരുന്നു. ഒമർ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള തുടങ്ങിയ മുഖ്യധാരാ രാഷ്ട്രീയ പാർട്ടി നേതാക്കളെല്ലാം ഗവർണറെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കണ്ടിരുന്നു, ഗവർണറുടെ പ്രസ്താവന വന്നിരുന്നില്ല. ഔദ്യോഗിക പ്രസ്താവന വന്നത് ആർട്ടിക്കിൾ 35എ റദ്ദാക്കും എന്നത് അപവാദ പ്രചരണം ആണെന്നും ആർട്ടിക്കിൾ 35എ റദ്ദാക്കുകയില്ല എന്നുമായിരുന്നു. ആർട്ടിക്കിൾ 35എ റദ്ദാക്കാൻ കഴിയില്ല എന്നതായിരുന്നു ഗവർണറുടെ പ്രസ്താവന. തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായാണ് അധിക സെെന്യത്തെ വിന്യസിച്ചത് എന്നും അവർ പറഞ്ഞു. സെെനികരുടെ സാന്നിധ്യം ഇല്ലാതിരുന്ന സ്ഥലങ്ങളിലെല്ലാം സെെനികരെ വിന്യസിച്ചു, ബങ്കറുകൾ ഇല്ലാത്തിടത്തെല്ലാം ബങ്കറുകൾ സ്ഥാപിച്ചു. 1989ലേതുപോലുള്ള മിലിട്ടറി ബേസ് സൃഷ്ടിച്ചു. ഓഗസ്റ്റ് അഞ്ചിന് എന്‍റെ സുഹൃത്തിന്‍റെ സഹോദരിയുടെ വിവാഹമായിരുന്നു. ഗ്രാമത്തിലാണ്, അവിടെ ജിയോ നെറ്റ്വർക്ക് ഇല്ല. മെഹന്തി രാത്തിന് ശേഷം ഓഗസ്റ്റ് അഞ്ചിന് എഴുന്നേറ്റ് ഫോൺ നോക്കിയപ്പോൾ നെറ്റ് വർക്ക് ഇല്ല. പെട്ടെന്ന് എന്താണ് സംഭവിച്ചത്? ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുന്നു, ജിയോയിലും നെറ്റ്വർക്കില്ല. ഫോണിനും നെറ്റ്വർക്കില്ല. പരിസര പ്രദേശങ്ങളിൽ എവിടെയെങ്കിലും ഏറ്റുമുട്ടൽ നടക്കുന്നത് കൊണ്ട് ഇന്റർനെറ്റ് വിച്ഛേദിച്ചതായിരിക്കും എന്നാണ് ഞങ്ങൾ കരുതിയത്. സർക്കാർ നിർദേശം കിട്ടിയത് കാരണം ഇന്റർനെറ്റ് വിച്ഛേദിച്ചതായിരിക്കാം. ജനങ്ങൾ കൂട്ടം ചേരാതിരിക്കാൻ ചെയ്തതായിരിക്കാം. ഞാൻ അടുത്ത ഗ്രാമത്തിലേക്ക് പോകുകയാണെന്ന് എന്റെ സുഹൃത്തിനോട് പറഞ്ഞു. ടൗണിൽ പോയി അവിടെ ഇന്‍റര്‍നെറ്റ് ഉണ്ടോ എന്ന് നോക്കാമെന്നും ഞാൻ സുഹൃത്തിനോട് പറഞ്ഞു. ഞാൻ പോയി. വഴിയിൽ ആളുകളെ കണ്ടു. ടൗണിൽ നിന്നും അര കിലോമീറ്റർ ദൂരത്തിൽ മുൾവേലികൾ കണ്ടു. ഞാൻ സെെനികരോട് പറഞ്ഞു, ഞാനൊരു മാധ്യമപ്രവർത്തകനാണ്, എനിക്ക് ഓഫീസിൽ പോകണം എന്ന് പറഞ്ഞു. പുൾവാമ ടൗണിലേക്ക് പോകാൻ എനിക്ക് അനുവാദമില്ലെന്ന് അവരെന്നോട് പറഞ്ഞു. എന്തുകൊണ്ടാണ് എന്നെ ടൗണിലേക്ക് അനുവദിക്കാത്തത് എന്ന് ഞാൻ ചോദിച്ചു, എന്താണ് അതിന്‍റെ അർത്ഥം? അവർ ചോദിച്ചു, എന്തുകൊണ്ടാണ് എന്ന് അറിയില്ലേ എന്ന്. ഞാനവരോട് പറഞ്ഞു, ഞാനൊരു വിവാഹ സ്ഥലത്തായിരുന്നു, അവിടെ റ്റി വി യൊന്നുമില്ല, അവർ എന്നോട് പറഞ്ഞു, ആർട്ടിക്കിൾ 35എ റദ്ദാക്കി. അത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഞാനവരോട് ചോദിച്ചു, നിങ്ങൾ എന്താണ് പറയുന്നത്? ഗവർണർ അതേപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല, ഒരു രാഷ്ട്രീയ പാർട്ടിയും അതേപ്പറ്റി ഒരു വിവരവും അറിയിച്ചിട്ടില്ല. അത് അപവാദമാണ് എന്ന് ഞാനവരോട് പറഞ്ഞു. അവർ എന്‍റെ പേര് ചോദിച്ചു, എന്റെ പേര് നിസാർ, ഞാൻ പറഞ്ഞു. എനിക്ക് വീട്ടിൽ പോകണമായിരുന്നു. സഞ്ചരിക്കണമെങ്കിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ നിന്നും കർഫ്യൂ പാസ് വാങ്ങണമെന്ന് പറഞ്ഞു. ഞാൻ വീട്ടിലേക്ക് നീങ്ങി. ഒരു പൊലീസ് വാഹനം കണ്ടു, 144 ചുമത്താൻ പോകുകയാണ് എന്ന അനൗൺസ്മെന്‍റ് ചെയ്തുകൊണ്ടാണ് അത് പോകുന്നത്, നമ്മുടെ ഗ്രാമത്തിൽ. ഓരോ പ്രദേശത്തും അവർ കർഫ്യൂ ചുമത്തി. ഞാൻ ഉടുപ്പുമാറ്റി, ക്യാമറ എടുത്തു, ബെെക്കെടുത്ത് പുറപ്പെട്ടു. ഞാൻ കുറേ ഉൾ വഴികളിലൂടെ യാത്ര ചെയ്ത് ഡിസി ഓഫീസിലെത്തി, കർഫ്യൂ പാസ് കിട്ടാൻ വേണ്ടി. സഞ്ചരിക്കാൻ അനുവാദമില്ലെന്ന് അവിടെ നിന്നും എനിക്ക് നിർദേശം കിട്ടി. മുകളിൽ നിന്നും ഉത്തരവ് കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് എന്നോട് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. ഞാനവരോട് പറഞ്ഞു, ഇതെന്റെ ജോലിയാണ്, എനിക്കെങ്ങനെ വെറുതെയിരിക്കാൻ കഴിയും? ടൗണിലും ഞാൻ മാധ്യമപ്രവർത്തകനാണ് എന്ന് പറഞ്ഞു. അവരെന്നെ അകത്തേക്ക് വിട്ടു. ഞാൻ എല്ലാം ഷൂട്ട് ചെയ്തു. അന്ന് ഇന്റർനെറ്റ് പൂർണമായും ഓഫ് ആയിരുന്നു. അതിന് ശേഷം എനിക്ക് ശ്രീനഗറിലേക്ക് പോകണമായിരുന്നു. ലാൻഡ് ലെെനുകൾ പ്രവർത്തിക്കുന്നില്ല. ഞാനെന്ത് ചെയ്യും? ഇന്റർനെറ്റ് ഇല്ല. ലാൻഡ്ലെെൻ ഇല്ല. ഞാൻ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ എയർ ചെയ്യാൻ കഴിയില്ല. ഞാൻ വീട്ടിലേക്ക് തിരിച്ചുപോയി, ആകെ പരിഭ്രാന്തനായിരുന്നു. അതിനകം എല്ലാവരും കാര്യം അറിഞ്ഞു, എല്ലാവരും ഭയത്തിലും പരിഭ്രാന്തിയിലും ആയിരുന്നു. ഞാനെങ്ങനെ എന്‍റെ ജോലി ചെയ്യും? രണ്ട് ദിവസങ്ങൾ, മൂന്ന് ദിവസങ്ങൾ, നാല് ദിവസങ്ങൾ, അഞ്ച് ദിവസങ്ങൾ, പത്ത് ദിവസങ്ങൾ, പതിനഞ്ച് ദിവസങ്ങൾ… അങ്ങനെ ദിവസങ്ങൾ കടന്നുപോയി. അതോടൊപ്പം ഞാൻ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. പിന്നീട് എനിക്ക് കർഫ്യൂ പാസ് കിട്ടി. ഞാൻ ശ്രീനഗറിലേക്ക് പോയി, ഓഫീസിൽ ഇന്റർനെറ്റില്ല, പത്രം അടച്ചിട്ടു, സർക്കാർ സ്ഥാപിച്ച ഒരു മീഡിയ സെന്റർ മാത്രമാണ് ഉള്ളത്, അവിടെ ഇന്റർനെറ്റ് ഉണ്ട്, എനിക്ക് ജോലി ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. പ്രസ് എങ്ങനെ പ്രവർത്തിക്കും? ജനങ്ങൾ ഭയത്തിലായിരുന്നു, അസ്വസ്ഥരായിരുന്നു, ഈ ദിവസങ്ങളിലൊന്നും പ്രതിഷേധങ്ങൾ നടക്കുന്നുണ്ടായിരുന്നില്ല, ഗ്രാമങ്ങളിൽ പ്രത്യേകിച്ച്, ശ്രീനഗറിൽ പ്രതിഷേധങ്ങളുണ്ടായി. പക്ഷേ ഈ പ്രതിഷേധങ്ങളൊന്നും മുമ്പുണ്ടായിരുന്ന പോലത്തെ ആയിരുന്നില്ല, എത്ര അറസ്റ്റുകൾ സംഭവിച്ചു എന്നറിയില്ല, ഭരണകൂടം രേഖപ്പെടുത്തിയതിനേക്കാൾ കൂടുതലായിരിക്കും അത്. ഇന്റർനെറ്റ് ഇല്ലാത്ത കാരണം എനിക്കെന്റെ സോഴ്സുമായി ബന്ധം നഷ്ടപ്പെട്ടു. നമ്മളെങ്ങനെ അറിയും? ഫോണില്ല, ഇന്റർനെറ്റില്ല, ലാൻഡ്ലെെനില്ല. പ്രശ്നങ്ങളൊന്നും ഇല്ലെന്നും എല്ലാം സാധാരണമാണ് എന്നുമായിരുന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. അവർ ഡൽഹിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്. സ്കൂളുകളും കൊളേജുകളും അടച്ചിട്ടിരിക്കുകയാണ്. പൊതു ഗതാഗതം നടക്കുന്നില്ല. ആർക്കെങ്കിലും അസുഖമുണ്ടെങ്കിൽ, ആർക്കെങ്കിലും മരുന്ന് വാങ്ങണമെങ്കിൽ അവരെന്ത് ചെയ്യും? സ്വന്തമായി വാഹനങ്ങളുള്ളവർക്ക് മാത്രമേ എങ്ങോട്ടെങ്കിലും പോകാൻ പറ്റൂ. മാധ്യമങ്ങൾ പ്രവർത്തിക്കുന്നില്ല. കശ്മീരിലെ പത്രങ്ങൾ അടഞ്ഞുകിടക്കുകയാണ്. അത് തൊഴിലില്ലായ്മ സൃഷ്ടിക്കുന്നു.
ഞാൻ ഡൽഹിയിലേക്ക് വന്നത് ജോലി തേടിയാണ്. ഞാൻ ഏതെങ്കിലുമൊരു മാധ്യമസ്ഥാപനത്തിൽ ജോലിക്ക് കയറാനാണ് ശ്രമിക്കുന്നത്. എനിക്കെവിടെയും ജോലി കിട്ടിയില്ല. കിട്ടിയിരുന്നെങ്കിൽ കശ്മീരിൽ നിന്നും അവർക്ക് വേണ്ടി ജോലി ചെയ്യാമെന്നാണ് ഞാൻ വിചാരിക്കുന്നത്. സാഹചര്യങ്ങൾ നല്ലതായിരുന്നെങ്കിൽ ഞാനൊരിക്കലും ഡൽഹിയിൽ ജോലി തേടി വരില്ലായിരുന്നു. നമ്മുടെ പത്രങ്ങൾക്കൊന്നും പരസ്യം ലഭിക്കുന്നില്ല. 1989 മുതൽ ഇന്നുവരെ, ബുർഹാൻ വാനി കൊല്ലപ്പെട്ട സമയത്ത് പോലും ഇത്രയും സമ്മർദ്ദമുണ്ടായിരുന്നില്ല. ഇത്രയും സമ്മർദ്ദം നമ്മൾ മുമ്പൊന്നും അനുഭവിച്ചിട്ടുണ്ടായിരുന്നില്ല. ഒരു ഏറ്റുമുട്ടൽ കവർ ചെയ്യാൻ പോകുമ്പോൾ നമ്മൾ വലിയ ആത്മവിശ്വാസത്തിലായിരിക്കും നമ്മൾ പോകും എന്ന വിശ്വാസം, പക്ഷേ നമ്മൾ ജീവനോടെ തിരിച്ചുവരും എന്ന വിശ്വാസം ഇല്ലായിരുന്നു.
കശ്മീരിൽ നിന്നും റിപ്പോർട്ട് ചെയ്ത ചില ഇന്ത്യൻ മാധ്യമങ്ങൾ ചില വ്യക്തികളെ മാത്രം തെരഞ്ഞെടുത്ത് അവരോട് സംസാരിക്കുന്നതായാണ് കണ്ടിരുന്നത്. അവരുടെ റിപ്പോർട്ടിങ്ങിനെ കുറിച്ച് എന്താണ് പറയാനുള്ളത്?
എനിക്ക് ഇത്ര മാത്രമേ പറയാനുള്ളൂ, നിങ്ങൾക്കെല്ലാവർക്കും കശ്മീരിലേക്ക് വരാം. നിങ്ങൾ തന്നെ കശ്മീരിലേക്ക് വന്നു കാണൂ, അതല്ലേ നല്ലത്? നമ്മൾ നുണ പറയുകയാണെങ്കിലോ? നമ്മൾ നുണ പറയുകയാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇത് അപേക്ഷയാണ്, കശ്മീരിലേക്ക് വരൂ, നിങ്ങൾ തന്നെ കാണൂ. എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് വരാം. അടിസ്ഥാന തലത്തതിലേക്ക് ഇറങ്ങിവരൂ, ജനങ്ങളോട് സംസാരിക്കൂ. യാഥാർത്ഥ്യത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ കഴിയും. ലാൽ ചൗക്കിലോ ബാരാമുള്ളയിലോ ദാൽ ലേക്കിലോ ഒരു സംവാദം സംഘടിപ്പിക്കൂ. ജനങ്ങൾക്കിടയിൽ പാലത്തിന്റെ ജോലിചെയ്യുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. പക്ഷേ ദിവസം നൂറുതവണ അയൽ രാജ്യത്തെ ആക്രമിക്കുകയാണ് ഇന്ത്യൻ മാധ്യമങ്ങൾ ചെയ്യുന്നത്. ഈ മാധ്യമപ്രവർത്തകർക്ക് ഉണ്ടാകാൻ പോകുന്ന കുട്ടികൾ എന്താണ് പറയാൻ പോകുന്നത്? ഡൽഹിയിലേക്ക് വന്ന ഒരു കശ്മീരിയോട് അവർ എന്താണ് ചോദിക്കുക? നിങ്ങളാരാണ്? നിങ്ങൾ മുസ്ലിമാണോ? ഇതാണ് ഇന്നത്തെ ഇന്ത്യ.സാഹോദര്യത്തിന് വേണ്ടിയാകണം മാധ്യമങ്ങൾ ജോലി ചെയ്യുന്നത്. അത് ദുഖത്തെ ഇല്ലായ്മ ചെയ്യാനായിരിക്കണം. ക്രെെം റിപ്പോർട്ടിങ് ചെയ്യുന്നവർ വാർത്തകൾ കൃത്യമായി ഫോളോ അപ് ചെയ്യണം. സ്നേഹം പടർത്താൻ ശ്രമിക്കൂ. നമുക്കിടയിൽ സ്നേഹം രൂപപ്പെടും. ദേശീയമാധ്യമങ്ങൾ കശ്മീർ വിഷയത്തിൽ നടത്തുന്ന ചർച്ചകളെല്ലാം അതിൽ നിന്നും ലാഭമുണ്ടാക്കാനുദ്ദേശിച്ചുള്ള ബിസിനസ് മാത്രമാണ്. ഇന്ത്യ എന്തുമാത്രം വലുതാണ്? കശ്മീർ ഇത്രമാത്രം ചർച്ച ചെയ്യുന്നതെന്തിനാണ്? ആൾക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് സംസാരിക്കൂ. കശ്മീരിൽ മാത്രം ഇങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലജ്ജയില്ലേ? മാധ്യമസുഹൃത്തുക്കളെ ഞാൻ കശ്മീരിലേക്ക് ക്ഷണിക്കുകയാണ്. കശ്മീർ തുറന്നിരിക്കുകയാണെങ്കിൽ അത് കാണിക്കൂ, കശ്മീർ അടഞ്ഞിരിക്കുകയാണെങ്കിൽ അതും കാണിക്കൂ. അവിടത്തെ മാധ്യമപ്രവർത്തകർ എങ്ങനെ ജോലി ചെയ്യുന്നു എന്ന് മനസ്സിലായാൽ അതേപ്പറ്റി എഴുതൂ. അവിടത്തെ മാധ്യമപ്രവർത്തകർ സുരക്ഷിതരല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ അതേപ്പറ്റിയും എഴുതൂ. ഒരു കശ്മീരി ജേണലിസ്റ്റ് ഒരിക്കലും സ്വതന്ത്രമല്ല. കശ്മീരിലെ മാധ്യമപ്രവർത്തകർ വിഷാദരോഗികളായിക്കഴിഞ്ഞിരിക്കുന്നു. അവർ ചെയ്യുന്ന ജോലി കാരണമാണ് കശ്മീരി മാധ്യമപ്രവർത്തകർ വിഷാദരോഗികളാകുന്നത്. കശ്മീരി ജനതയെ ആകെ വിഷാദം ബാധിച്ചിരിക്കുകയാണ്. ആർട്ടിക്കിൾ 35എ പിൻവലിച്ചതോടെ അതിന്റെ ആഴം കൂടിയിരിക്കുകയാണ്. ഡൽഹിയിൽ ഒരു ജോലി കണ്ടെത്താനുള്ള അത്യാവശ്യം എന്താണ് എനിക്ക്? ഡൽഹിയിലേക്ക് വരാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല, ഏതെങ്കിലും ഒരു മാധ്യമസ്ഥാപനത്തിന് വേണ്ടി, വെബ്സെെറ്റിന് വേണ്ടി ഒരു ഡോക്യുമെന്ററി ചെയ്യുകയോ കശ്മീരിലെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്യാം. കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള പെെസ അങ്ങനെ സമ്പാദിക്കാം. ബുർഹാൻ വാനിയുടെ കൊലപാതകത്തിന് ശേഷം പോലും ഇത്രയും കടുത്ത ഉപരോധം ഉണ്ടായിട്ടില്ല.
പ്രസ് ക്ലബ് ഓഫ് ഇന്ത്യ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമപ്രവർത്തക സംഘടനകളുടെ ഭാഗത്തുനിന്നും കശ്മീരി മാധ്യമങ്ങൾ നേരിടുന്ന ഈ അടിച്ചമർത്തലിനെതിരെ മതിയായ പ്രതിഷേധമുയർത്തിയിട്ടുണ്ട് എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?
കശ്മീരി മാധ്യമപ്രവർത്തകർ പല തരത്തിലുള്ള ആക്രമണങ്ങൾ നേരിടുമ്പോഴും പീഡനങ്ങളും അടിച്ചമർത്തലും നേരിടുമ്പോഴും അവർ ശബ്ദമുയർത്തിയിട്ടുണ്ട് എന്ന വസ്തുത ഞാൻ തള്ളിക്കളയുന്നില്ല. പക്ഷേ ഇപ്പോൾ അവർ അവരുടെ ശബ്ദമുയർത്തി എന്നെനിക്ക് തോന്നുന്നില്ല. പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ ചെയർമാൻ നമ്മൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്, എനിക്ക് പെല്ലറ്റ് കൊണ്ട് പരിക്കേറ്റപ്പോൾ ചെയർമാൻ ശബ്ദമുയർത്തിയിട്ടുണ്ട്. നമ്മളും അതിനെതിരെ പ്രതിഷേധിച്ചു. എന്നാൽ ഈ സെെനിക ഉപരോധം തുടങ്ങിയ ശേഷം ഇതുവരെയും അയാൾ എന്തെങ്കിലും പറഞ്ഞു കേട്ടിട്ടില്ല. എന്തുകൊണ്ടാണ് പ്രസ് ക്ലബ് ചെയർമാൻ നിശ്ശബ്ദനായത്? അവരോട് ശബ്ദമുയർത്തണമെന്ന് ആവശ്യപ്പെടാൻ നമുക്ക് കഴിയില്ല. അവർക്ക് അത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, ഞങ്ങളുമായി സാഹോദര്യം തോന്നുന്നുണ്ടെങ്കിൽ അവരത് ചെയ്യും. ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കണം എന്നു പറഞ്ഞ് ഞങ്ങൾ അവരുടെ കാലുപിടിക്കാനൊന്നും പോകുന്നില്ല.
കർഫ്യൂ തുടങ്ങിയപ്പോൾ ഒരു ഔദ്യോഗിക പ്രസ്താവന കർഫ്യൂ 1200 മണിക്കൂറുകൾക്കാണ് എന്നാണ്. കർഫ്യൂ മുപ്പത് ദിവസത്തിലേറെ തുടർന്നപ്പോൾ നവംബർ വരെയാണ് എന്നും സർക്കാർ പറഞ്ഞു. 2020 മാർച്ച് വരെ സെെന്യം കശ്മീരിൽ തുടരുമെന്ന് റിപ്പോർട്ടുകളുണ്ട്. വരാൻ പോകുന്ന ദിവസങ്ങളെക്കുറിച്ച് എന്താണ് തോന്നുന്നത്?
വരാൻ പോകുന്ന ദിവസങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല. ഞാൻ റെെസിങ് കശ്മീരിന് വേണ്ടി ജോലി ചെയ്യുകയാണ്. കോൺടാക്റ്റ് ചെയ്യാൻ ഫോണില്ല. ഞാനിപ്പോഴും അവരുടെ കൂടെത്തന്നെ ആണെങ്കിൽ ഇനിയും ഞാൻ അവർക്ക് വേണ്ടി ജോലി ചെയ്യും. 2004 മുതൽ 2019 വരെ എങ്ങനെയൊക്കെയോ എനിക്ക് ജോലി ചെയ്യാൻ കഴിഞ്ഞു. എനിക്കിവിടെ ജോലി കിട്ടിയാൽ ഞാനിവിടെ താമസിക്കും, അല്ലെങ്കിൽ കശ്മീരിലേക്ക് തിരിച്ചുപോകും, പഴങ്ങളുടെ ബിസിനസ് തുടങ്ങും. ഞാനാലോചിക്കുകയായിരുന്നു, ഞാനൊരു ഉന്തുവണ്ടിയിൽ പഴങ്ങൾ കൊണ്ടുനടന്ന് വിൽക്കുന്നതിനെ പറ്റി. പക്ഷേ കടകൾ പ്രവർത്തിക്കുന്നില്ല, തോട്ടങ്ങളിൽ നിന്ന് വിളവുകൾ എടുക്കുന്നില്ല. കശ്മീരിൽ ഇപ്പോൾ നടക്കുന്ന ആകെയുള്ള ബിസിനസ് പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന ഉന്തുവണ്ടികൾ മാത്രമാണ്. ഞാനാലോചിക്കുകയായിരുന്നു, ഞാനും ഒരു ഉന്തുവണ്ടിയിൽ പഴക്കച്ചവടം നടത്തിയാലോ എന്ന്. ഒരു ദിവസം മൂന്നോ നാലോ മണിക്കൂറുകൾ കച്ചവടം ചെയ്യാം. അഞ്ഞൂറു രൂപയോളം ഒരു ദിവസം കിട്ടും. ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങിയാൽ ഓറഞ്ചും വാഴപ്പഴവും വാങ്ങിക്കൊണ്ടുപോകും. കശ്മീരിലെ ആളുകൾ ഈ ദിവസങ്ങളിൽ കൂടുതലായും കഴിക്കുന്നത് വാഴപ്പഴമാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങൾ. അതുകൊണ്ട് അതെനിക്ക് നല്ല ബിസിനസ് ആയിരിക്കും. പക്ഷേ അതെനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. സൗത്ത് കശ്മീരിലെ ഒരു മുതിർന്ന ജേണലിസ്റ്റ് വാഴപ്പഴം വിൽക്കുന്നു! ഒരു ജേണലിസ്റ്റിന് അത് ചെയ്യാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ മറ്റുള്ളവർ ഈ പ്രതിസന്ധിയെ നേരിടുന്നത് എങ്ങനെയായിരിക്കും? ഈമാനോടുകൂടി എനിക്ക് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി സമ്പാദിക്കണം. നിങ്ങൾക്ക് പറയാൻ കഴിയുമോ, ഞാൻ എന്ത് ജോലിയാണ് ചെയ്യേണ്ടത്? ഞാൻ ഈ ജോലി തന്നെ തുടരണോ? ഞാൻ ബിസിനസ് ചെയ്യണോ? വെെകുന്നേരത്തെ കുറച്ച് മണിക്കൂറുകൾ കൊണ്ട് കുറച്ച് പെെസയുണ്ടാക്കാൻ പറ്റുന്ന എന്തെങ്കിലും പാർട്ട് ടെെം ജോലി വേണം എനിക്ക്. ഞാൻ മറ്റെന്തെങ്കിലും ജോലി ചെയ്യാൻ തുടങ്ങിയാൽ എനിക്കറിയില്ല എന്തൊക്കെ ലേബലുകൾ എനിക്ക് മേൽ വീഴുമെന്ന്. എന്റെ കുടുംബം വിശന്നുമരിക്കരുത്. ഈ ചോദ്യം കൊണ്ടാണ് ഞാൻ ഡൽഹിയിലേക്ക് വന്നത്. കശ്മീരി മാധ്യമപ്രവർത്തകരെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയാണ് ഇത് ചെയ്തത്. കശ്മീരിനെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയാണ് ഇത് ചെയ്തത്. നമ്മൾ വിഷാദരോഗികളാകില്ലേ? പക്ഷേ നമ്മൾ അത്ര എളുപ്പത്തിൽ ഇല്ലാതാകില്ല. വെെദ്യുതി വിച്ഛേദിക്കണോ? അത് ചെയ്തോളൂ. ജലവിതരണം നിർത്തണോ? അതും ചെയ്തോളൂ. ഞാൻ എന്റെ സുഹൃത്തുക്കളോട് ജോലിക്ക് വേണ്ടി അന്വേഷിക്കുകയാണ്. കശ്മീരിൽ നിന്നുള്ളതെല്ലാം ഞാൻ കവർ ചെയ്തിട്ടുണ്ട്, സർക്കാർ പരിപാടികളും ആർമിയുടെ പരിപാടികളും അടക്കം. എനിക്കൊരിക്കലും ധെെര്യം നഷ്ടപ്പെട്ടിരുന്നില്ല, ഞാൻ മുന്നോട്ടുപോയിക്കൊണ്ടിരുന്നു. ഞാൻ 2019 വരെയെത്തി. ഇത് കശ്മീരിന്‍റെ മരണമാണ്. കശ്മീരിൽ സ്വാതന്ത്ര്യമില്ല.