ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി രാഹുൽ ഈശ്വറിന്‍റെ ശബരിമല പ്രഖ്യാപനം കണ്ടില്ലേ?
ആലുവയിൽ നോമ്പ് മുറിക്കാനുള്ള സാധനങ്ങൾ വാങ്ങാൻ പോയ എടത്തല സ്വദേശി ഉസ്മാനെ പൊലീസ് മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്നപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന പരാമർശം നടത്തിയത്. ആക്രമിക്കപ്പെട്ടത് ഒരു മുസ്ലിം ആയതിനാലും ഉസ്മാനെ മർദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്തവർ ഏറെയും മുസ്ലിങ്ങൾ ആയതിനാലും ഒരു പൊതു വിഷയത്തെ വർഗീയവത്കരിക്കാൻ വേണ്ടി ‘തീവ്രവാദസ്വഭാവമുള്ളവർ’ പ്രകടനത്തിൽ ഉണ്ടായിരുന്നു എന്ന പരാമർശവും പിണറായി വിജയൻ നടത്തി. എന്നാൽ ശബരിമലയിലും ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ വിധിയെ പരസ്യമായി രാഹുൽ ഈശ്വർ വെല്ലുവിളിച്ചത് കണ്ടില്ലേ എന്നതാണ് ചോദ്യം.
ഇന്നലെ രാവിലെ ഏഴുമണിക്ക് തന്‍റെ ഫെയ്സ്ബുക് പേജില് രാഹുല്‍ ഈശ്വര്‍ പോസ്റ്റ് ചെയ്ത വീഡിയോയും കുറിപ്പും ഈ രാജ്യത്തെ നിയവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ശബരിമലയെ തികച്ചും ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയാണ് രാഹുൽ ചെയ്തിരിക്കുന്നത്. സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന 1991 ലെ ഹൈക്കോടതി വിധിയുടെ ബോഡ് ചൂണ്ടിക്കാട്ടി ഇതാണ് ആ വിധിയെന്ന് പറയുന്നതിലൂടെ സുപ്രീംകോടതി വിധിയോടെ റദ്ദ് ചെയ്യപ്പെട്ട ആ വിധിയെയാണ് തങ്ങൾ അംഗീകരിക്കുക എന്നാണ് രാഹുൽ വ്യക്തമാക്കുന്നത്. എന്നുവച്ചാൽ സുപ്രീംകോടതി വിധിയ്ക്ക് തങ്ങൾ തീർത്തും വില കൽപ്പിക്കുന്നില്ല എന്നാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. ‘അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് ശബരിമലയിൽ ശക്തമായ പ്രതിരോധവും പ്രാർത്ഥനയും നേരിടേണ്ടിവരും’ എന്നാണ് രാഹുലിന്‍റെ ആദ്യ വാചകം. കോടതിവിധിയോടെ സ്ത്രീപ്രവേശനം രാജ്യത്തിന്‍റെ നിയമമാക്കപ്പെട്ടിരിക്കുകയാണ് എന്നതിനാൽ ആ നിയമം അനുസരിച്ച് തങ്ങളുടെ അവകാശം വിനിയോഗിക്കാൻ എത്തുന്നവരെയാണ് രാഹുൽ ‘അതിക്രമികൾ’ എന്ന് വിളിക്കുന്നത്.
അയ്യപ്പ ധർമ്മ സേന ശബരിമലയിൽ എത്തിക്കഴിഞ്ഞതായും രാഹുൽ ഈശ്വർ വീഡിയോയിൽ പറയുന്നു. ‘സേന’ എന്ന വാക്കിന് മുന്നിൽ അയ്യപ്പ ധർമം ഉള്ളതുകൊണ്ട് തീവ്രവാദ സ്വഭാവവും അവർ എത്തിക്കഴിഞ്ഞു എന്ന് രാഹുൽ പറയുന്നതിലെ ഭീഷണിയും കാണാതിരിക്കാൻ കഴിയുമോ? സുപ്രീംകോടതി വിധിയോടെ റദ്ദ് ചെയ്യപ്പെട്ട, 1991 ലെ കേരള ഹൈക്കോടതിയുടെ യുവതി വിലക്ക് അറിയിക്കുന്ന ബോഡിനെ ‘ലക്ഷ്മണ രേഖ’ എന്ന വാക്ക് കൊണ്ടാണ് രാഹുൽ വിശേഷിപ്പിക്കുന്നത്. ഇതിനപ്പുറം രാജ്യതതിന്‍റെ നിയമം ബാധകമല്ല എന്നാണ് രാഹുൽ വ്യക്തമായും സൂചിപ്പിക്കുന്നത്. ഒരു റിപ്പബ്ലിക്കിന്‍റെ അതിർ വരമ്പാണ് ആ എടുത്തുകളയപ്പെട്ട നിയമത്തിന്റെ ബോഡിന്‍റെ ചുവട്ടിൽ ആരംഭിക്കുന്നത്. ‘മഹാത്മാ ഗാന്ധിയുടെ’ മാർഗമെന്ന് ഇടയ്ക്ക് പറയുന്നുണ്ടെങ്കിലും ആരെയും നിയമം അനുവദിക്കുന്ന തരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല എന്ന് തന്നെ രാഹുൽ കൃത്യമായി പറയുന്നു.
ശബരിമലയിലേക്ക് എത്താൻ സാധ്യതയുള്ള സ്ത്രീകളെ ‘മഹിഷികൾ’ എന്നാണ് രാഹുൽ വിശേഷിപ്പിക്കുന്നത്. അസുര സ്ത്രീകൾ എന്നാണ് ആ വാക്കിന്‍റെ അർത്ഥം. മതപരമായ നിയമങ്ങൾ ബാധകമായ ഒരു ഭൂമികയായി രാഹുൽ ശബരിമലയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ശബരിമലയിൽ സുപ്രീംകോടതി വിധി പാലിക്കാൻ ബാധ്യതപ്പെട്ട സർക്കാർ ആദ്യം ഹൈക്കോടതി വിധി പ്രകാരം സ്ഥാപിച്ചിരിക്കുന്ന ബോഡ് എടുത്ത് മാറ്റാൻ വൈകുന്നത് എന്തുകൊണ്ടാണ്? എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് ഇവിടെ പ്രവേശിപ്പിക്കാം എന്ന സുപ്രീം കോടതി ഉത്തരവ് അല്ലേ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടത്. നിയമ സംവിധാനത്തെ വെല്ലുവിളിച്ച് ശബരിമലയെ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ച രാഹുൽ ഈശ്വറിന്‍റെ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവുമാണ്. അദ്ദേഹത്തിനെതിരെ കേസെടുത്തില്ലെങ്കിൽ യുഎപിഎ പോലുള്ള നിയമങ്ങൾ രാജ്യത്തെ പ്രത്യേക സമുദായങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നതാണെന്ന ധാരണയുണ്ടാവും. ഒരു ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ആ ധാരണ ആശാസ്യമല്ല.
രാഹുലിന്‍റെ വിഡിയോ ലിങ്ക്
https://www.facebook.com/RahulEaswarOfficial/videos/243526399654673/