ശബരിമല സ്ത്രീപ്രവേശന വിഷയം; ലേഖനം ഷെയര്‍ ചെയ്തതിന് മാധ്യമ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു

By on

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള ലേഖനം പങ്കിട്ടതിന് ന്യൂസ് ഗില്‍ എന്ന വാര്‍ത്താ സൈറ്റിന്‍റെ കണ്ടന്‍റ് എഡിറ്റര്‍ ലിബി സിഎസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ 295 എ പ്രകാരമാണ് അറസ്റ്റ്. എറണാകുളം സെന്‍റ്രല്‍ പൊലീസാണ് ലിബിയെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നാണ് ലിബിയെ അറസ്റ്റ് ചെയ്തത്. ലിബിയെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

ലേഖനം തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച ലിബിയ്ക്കെതിരെ പത്തനംതിട്ടയിലും എറണാകുളത്തും കേസുണ്ട്. എറണാകുളത്തെ കേസിലാണ് ലിബിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ന്യൂസ് ഗില്ലിലെ ലേഖനം. കിത്താബ് എന്ന സ്കൂൾ നാടകത്തെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത് ഫേസ്ബുക്കിൽ എഴുതിയ ചില കുറിപ്പുകൾ ഒരുമിച്ചു ചേർത്ത് ലിബി സി എസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ന്യൂസ്‌ ഗിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.
ഇതിനെതിരെ പീപ്പിൾസ് ലീഗൽ വെൽഫെയർ ഫോറം എന്ന സംഘടനയുടെ വർക്കിങ് പ്രസിഡന്റ് സി.എസ്. സുമേഷ് കൃഷ്ണ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയുടെ പുറത്താണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തത്.

ശബരിമല സ്ത്രീപ്രേവശനത്തിന് ശ്രമിച്ച രഹനാ ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ ദീര്‍ഘനാള് കഴിയേണ്ടി വന്ന സാഹചര്യത്തില്‍ ഇടത് ഉദാര നിലപാടുകാരെ വിമര്‍ശിച്ചായിരുന്നു രഞ്ജിത് എന്ന മാധ്യമപ്രവര്‍ത്തകന്‍റെ കുറിപ്പുകള്‍. കിതാബ് എന്ന നാടകം പിന്‍വലിച്ചതിനെതിരെ ഒപ്പുശേഖരണവും പരസ്യ പ്രതികരണവും ഹിന്ദു സ്ത്രീവാദികള്‍ക്ക് നടത്താനാവുമ്പോള്‍ രഹന ഫാത്തിമയ്ക്ക് നിഷേധിക്കപ്പെടുന്ന പ്രതികരണ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ലേഖനം ഉന്നയിച്ച ചോദ്യം എന്ന് രഞ്ജിത് പ്രതികരിച്ചു. ഇന്ത്യയിലെ പരമോന്നത കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യം ചര്‍‌ച്ചചെയ്ത ഏറ്റവും വലിയ ലിംഗനീതി വിഷയത്തില്‍ നിലപാട് എടുത്ത് ജയിലില്‍ അടക്കപ്പെട്ട രഹന ഫാത്തിമയുടെ വിഷയത്തില്‍ ഇടപെടാന്‍ ഹിന്ദു ഫെമിനിസ്റ്റുകള്‍ ഉത്സാഹം കാണിക്കാതിരുന്നതും ലേഖനത്തില്‍ വിഷയമായിരുന്നു എന്നും രഞ്ജിത് ചൂണ്ടിക്കാട്ടി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള ലിബിയുടെ അറസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില് പ്രതിഷേധം ഉയരുകയാണ്.

ശബരിമല വിഷയത്തിൽ അഭിപ്രായങ്ങൾ പറഞ്ഞതിന് ശേഷം തനിക്കെതിരെ വരുന്ന അഞ്ചാമത്തെ കേസ് ആണിതെന്ന് ലിബി സി എസ് നേരത്തെ പറഞ്ഞിരുന്നു. സ്വന്തം നിലപാടുകൾ പറഞ്ഞതു കൊണ്ട് രഹന ഫാത്തിമയേ പോലെ താനും ജയിൽ വാസം അനുഭവിക്കേണ്ടി വരുമെന്ന് ഭയപ്പെടുന്നുവെന്ന് ലിബി ഡിസംബറില്‍ ആശങ്ക അറിയിച്ചിരുന്നു.


Read More Related Articles