ലേലം ഉറപ്പിച്ച നിമിഷത്തിൽ സ്വയം നശിച്ച പെയിന്‍റിം​ഗ്; ലോക കലാ ചരിത്രത്തിലെ ബാങ്ക്സി മാജിക്

By on

വ്യവസ്ഥയോട് കലഹിക്കുന്ന കലയ്ക്ക് ഒരു പ്രശ്നമുള്ളത് അത് ആത്യന്തികമായി വിൽപ്പനച്ചരക്ക് ആക്കാൻ മുതലാളിത്തത്തിന് കഴിയും എന്നതാണ്. ആർട്ടിസ്റ്റിന്‍റെ അനുമതിയോടെയോ അല്ലാതെയോ കലാസൃഷ്ടി വിലയ്ക്ക് വാങ്ങപ്പെടുന്നതോടെ അത് ഉയർത്തിയ വിപ്ലവത്തിന് വിലങ്ങ് വീഴും എന്ന് വിശ്വസിക്കുന്ന ആർട്ടിസ്റ്റിന് മാത്രമാണ് തന്റെ കലാ സൃഷ്ടിയുടെ അന്ത്യവും തീരുമാനിക്കാനാവുക. അങ്ങനെ കഴിഞ്ഞയാഴ്ച ലോകത്തിന് വിസ്മയം സമ്മാനിച്ച ചിത്രമാണ് ​ഗേൾ വിത് ബലൂൺ. ലോക പ്രസിദ്ധനായ അ‍ജ്ഞാതൻ, തെരുവുകലാകാരനായ ബാങ്ക്സിയുടെ സുപ്രസിദ്ധ ​ചിത്രം ​ഗേൾ വിത് ബലൂൺ ആണ് 14 ലക്ഷം ഡോളറിന് ലേലം ഉറപ്പിച്ച നിമിഷത്തിൽ നശിച്ചത്. ഈ മാസം അഞ്ച് വെള്ളിയാഴ്ച രാത്രിയാണ് ലണ്ടനിലെ സോത്ബിയിലെ ഒരു ​ഗ്യാലറിയിൽ വച്ച് ​ഗേൾ വിത് ബലൂണിന്‍റെ ലേലം നടന്നത്. ലേലം മൂന്നാം തരം ഉറപ്പിച്ച നിമിഷം പെയിന്റിം​ഗ് ഫ്രെയിമിനുള്ളിൽ നിന്ന് ഊർന്നിറങ്ങി. താഴേക്ക് നിരങ്ങി നീങ്ങിയ പെയിന്റിം​ഗ് നുറുങ്ങുകളായി ചീന്തിയിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വളരെ പെട്ടെന്ന് ഇന്റർനെറ്റിൽ തരം​ഗമായി. ലേലമുറിയിൽ ഉണ്ടായിരുന്നവരൊക്കെ സ്തബ്ധരായി. ചിലർ നിലവിളിച്ചു.

വളരെപ്പെട്ടെന്ന് തന്നെ ചിത്രത്തിന്‍റെ അന്ത്യത്തെക്കുറിച്ചുള്ള വിശദീകരണമായി സാക്ഷാൽ ബാങ്ക്സി ഒരു വീഡിയോ തന്‍റെ ഇൻസ്റ്റ​ഗ്രാമിലൂടെ പുറത്തുവിട്ടു. ​​ഗോയിം​ഗ്, ​ഗോയിം​ഗ് ​ഗോൺ എന്ന കുറിപ്പുമായി ആദ്യം സംഭവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ചിത്രം എങ്ങനെ സ്വയം നശിച്ചു എന്നത് വിശദീകരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. നശിപ്പിക്കുവാനുള്ള ത്വരയും സർ​ഗാത്മകമാണ് എന്ന പിക്കാസോ വചനം ഉദ്ധരിച്ചു കൊണ്ടായിരുന്നു ആ വീഡിയോ ബാങ്ക്സി പ്രസിദ്ധീകരിച്ചത്. പെയ്ന്‍റിംഗിന്‍റെ കൂട്ടിനുള്ളിൽ അതിനെ ചീന്തിക്കളയാനുള്ള സാങ്കേതിക വിദ്യ താൻ ഒളിപ്പിച്ചിരുന്നു എന്ന് ബാങ്ക്സി വീഡിയോയിൽ കാട്ടിത്തരുന്നു.

പക്ഷേ കൃത്യമായി ലേലം ഉറപ്പിച്ച നിമിഷത്തിൽ ഫ്രെയിമിനുള്ളിലെ ഷ്രെഡർ എങ്ങനെ പ്രവർത്തിച്ചു. അതിന്‍റെ വിശദീകരണം സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളിലുണ്ട്. ലേലമുറിയിൽ ഒരാൾ റിമോട്ട് പോലെ എന്തോ ഒന്ന് പ്രവർത്തിപ്പിക്കുന്നത് ആരോ കണ്ടിരുന്നു! ആരായിരിക്കും അത്? ബാങ്ക്സി ? അതേസമയം സംഭവം ആകെ ഒരു തട്ടിപ്പാണെന്ന് വാദിക്കുന്നവരും ഉണ്ട്. പെയിന്‍റിംഗ് നശിപ്പിക്കപ്പെട്ടതിന് പിന്നിലെ സാങ്കേതികത്വത്തിന്‍റെ സാധ്യത ചോദ്യം ചെയ്ത് നിരവധി ആളുകള് സമൂഹമാധ്യമരംഗത്ത് എത്തിയിട്ടുണ്ട്.

സിറിയന്‍ അഭയാര്‍ത്ഥികളെ പിന്തുണച്ച് രണ്ടായിരത്തി രണ്ടില്‍ ബാങ്ക്സി വരച്ച ഗ്രഫിറ്റിയാണ് ബലൂണ്‍ ഗേള്‍.  കെട്ടിടത്തിന്‍റെ ചുവരിലായിരുന്നു ചിത്രം.  സിങ്കുറ ഗ്രൂപ്പ് ഈ ചിത്രം മതിലില് നിന്ന് മുറിച്ചെടുത്ത് ലേലം ചെയ്തു.   2014 മാര്‍ച്ചില്‍ ബാങ്ക്സി ഈ ചിത്രം വീണ്ടും നിര്‍മ്മിച്ചു. വിത് സിറിയ എന്ന ഹാഷ്ടാഗിലായിരുന്നു പുനര്‍സൃഷ്ടി.  ബലൂണ് ഗേളിന്‍റെ പകര്‍പ്പാണ് ലണ്ടനില്‍ കഴിഞ്ഞ വെള്ളിയാഴ്ച ലേലം ചെയ്യപ്പെട്ടത്.


Read More Related Articles