മേഘങ്ങൾക്ക് വിമാനങ്ങളെ റേഡാറുകളിൽ നിന്നും മറയ്ക്കാനാവുമോ? റേഡാർ പ്രവർത്തിക്കുന്നത് എങ്ങനെ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒരു റ്റെലിവിഷൻ അഭിമുഖത്തിൽ അവകാശപ്പെട്ടത്, ബലാകോട്ടിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയത് മഴയുള്ള സമയത്ത് വിമാനങ്ങൾ റേഡാറിൽ പെടില്ല എന്ന തന്റെ ഉപദേശം സ്വീകരിച്ചുകൊണ്ടാണ് എന്നാണ്. പ്രധാനമന്ത്രി കരുതുന്നത് പോലെ മേഘങ്ങൾക്ക് റേഡാർ തരംഗങ്ങളെ തടയാനാവുമോ? എന്താണ് റേഡാറിന്റെ പ്രവർത്തനം?
യഥാർത്ഥത്തിൽ റേഡാറുകളുടെ ‘കാഴ്ച’ വെളിച്ചം കൊണ്ടല്ല. റേഡിയോ തരംഗങ്ങൾ കൊണ്ടാണ്. വിമാനങ്ങളെയും, വാഹനങ്ങളെയും, ബഹിരാകാശ പേടകങ്ങളെയും, നിയന്ത്രിത മിസൈലുകളെയും, കാലാവസ്ഥ മാറ്റത്തെയും ഒക്കെ റേഡാറുകൾ കണ്ടെത്തുന്നത് വിദ്യുത്-കാന്തിക തരംഗങ്ങൾ ഉപയോഗിച്ചാണ്. വിദ്യുത്-കാന്തിക തരംഗങ്ങൾ അയക്കാനും സ്വീകരിക്കാനും അത് പരിശോധിക്കാനും ഒക്കെയുള്ള സംവിധാനങ്ങൾ റേഡാറുകളിലുണ്ട്. റ്റ്രാൻസ്മിറ്റർ അയക്കുന്ന നിരന്തരമോ ഇടവിട്ടുള്ളതോ ആയ തരംഗങ്ങൾ അതിന്റെ പരിധിയിലുള്ള വസ്തുക്കളിൽ തടഞ്ഞ് തിരികെ റീസീവറിലെത്തും. അത് കണ്ടെത്തിയ വസ്തുക്കളുടെ വേഗത, സ്ഥാനം എന്നിവയെക്കുറിച്ച് വിവരം നൽകും.
റേഡിയോ തരംഗങ്ങൾ വസ്തുക്കളിൽ പ്രതിഫലിപ്പിച്ച് ലോകത്തെ കാട്ടിയത് 1886 ൽ ജർമ്മൻ ശാസ്ത്രജ്ഞൻ ഹൈൻറിക് ഹേർട്സാണ്. ഈ ശാസ്ത്രീയ തത്വം ഉപയോഗിച്ച് റേഡാറിന്റെ ആദ്യകാല രൂപത്തിലൊന്ന് 1895 ൽ റഷ്യൻ രാജകീയ നാവിക സേനയുടെ ശാസ്ത്രീയ ഉപദേശകനായിരുന്ന അലക്സാണ്ടർ പൊപ്പോവ് വികസിപ്പിച്ചു. വിദൂരത്തിൽ സഞ്ചരിക്കുന്ന ഒരു കപ്പലിൽ നിന്നുമുള്ള തരംഗങ്ങൾ കണ്ടെത്തുകയും തന്റെ ഉപകരണം വിദൂരവസ്തുക്കളെ കണ്ടെത്താൻ സഹായിക്കുമെന്ന് എഴുതിയെങ്കിലും അലക്സാണ്ടർ പൊപ്പോവ് പരീക്ഷണവുമായി മുന്നോട്ട് പോയില്ല. പിന്നീട് കനത്ത് മൂടൽമഞ്ഞിൽ മറഞ്ഞ കപ്പലുകളെ കണ്ടെത്തും വിധം റേഡാർ സംവിധാനം വികസിപ്പിച്ചത് 1904 ൽ ജർമ്മൻ ഉപജ്ഞാതാവായ ക്രിസ്റ്റ്യൻ ഹുൾസ്മെയെറാണ്. പിന്നീട് പലകാലങ്ങളിലായി ബ്രിട്ടീഷ്, അമേരിക്കൻ സാങ്കേതിക-വിദഗ്ധരും നടത്തിയ പരീക്ഷണങ്ങളിലൂടെ റേഡാർ എന്ന കണ്ടെത്തൽ വികസിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്താണ് റേഡാറുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടത്.
റേഡിയോ ഡിറ്റക്റഷൻ ആന്‍റ് റേഞ്ചിംഗ് എന്നതിന്‍റെ ആദ്യാക്ഷരങ്ങൾ ഉപയോഗിച്ച് അമേരിക്കൻ നേവിയാണ് റേഡാര്‍ എന്ന വാക്ക് രൂപപ്പെടുത്തിയത്. അന്ന് സൈനിക ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുത്ത റേഡാർ സംവിധാനം ഇന്ന് പല മേഖലകളിലും ഉപയോഗിക്കുന്നു. ആകാശ ഗതാഗത നിയന്ത്രണം, ജ്യോതിശാസ്ത്രം, വ്യോമ പ്രതിരോധം, മിസൈൽ വേധ സംവിധാനങ്ങൾ, കടൽ ഗതാഗത നിയന്ത്രണം, സമുദ്ര നിരീക്ഷണം, ബഹിരാകാശ നിരീക്ഷണം, കാലാവസ്ഥ പഠനം തുടങ്ങി നിരവധിയായ മേഖലകിലാണ് റേഡാറുകൾ ഉപയോഗിക്കപ്പെടുന്നത്. ഭൂമിയുടെ ആഴങ്ങളിലേക്ക് കടന്നു ചെന്ന് ഭൗമ പഠനം നടത്താൻ കഴിയുന്ന റേഡാർ സംവിധാനങ്ങളും നിലവിലുണ്ട്.
സമീപഭാവിയിൽ സർവ്വ സാധാരണമാകാൻ പോവുന്ന സെൽഫ് ഡ്രൈവിംഗ് വാഹനങ്ങളുടെ അടിസ്ഥാന സാങ്കേതിക വിദ്യയും റേഡാറുകളുടേതാണ്. സുര്യന്‍റെയോ ചന്ദ്രന്‍റെയോ പ്രകാശത്തെ ആശ്രയിച്ചല്ല റേഡാറുകൾ പ്രവർത്തിക്കുന്നത്. അതിന് കണ്ടെത്തേണ്ട വസ്തുക്കൾ പുറപ്പെടുവിക്കുന്ന വിദ്യുത്-കാന്തിക തരംഗങ്ങൾ പോലുമല്ല അത് ആശ്രയിക്കുന്നത്. മറിച്ച് സ്വന്തമായി പുറപ്പെടുവിക്കുന്ന തരംഗങ്ങളെയാണ് റേഡാറുകൾ ആശ്രയിക്കുന്നത്. വസ്തുക്കളെ റേഡിയോ തരംഗങ്ങൾ അയച്ച് കണ്ടെത്തുന്ന രീതിയ്ക്ക് ഇല്യൂമിനേഷൻ എന്നാണ് പറയുന്നത്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ദിക്കുകളിലേക്ക് റേഡാറിന്‍റെ റ്റ്രാൻസ്മിറ്റർ റേഡിയോ തരംഗങ്ങൾ അയക്കുന്നു ആ തരംഗങ്ങൾ വസ്തുക്കളിൽ ചെന്ന് തട്ടി പ്രതിഫലിക്കുകയോ വിവിധ ദിക്കുകളിലേക്ക് ചിതറുകയോ ചെയ്യും. ഇവയിൽ ചില തരംഗങ്ങൾ വസ്തുക്കളിലേക്ക് തുളച്ച് കയറുകയും ചെയ്യും.
വൈദ്യുതി ചാലകശേഷിയുള്ള മിക്കവാറും എല്ലാ വസ്തുക്കളും റേഡാർ തരംഗങ്ങളെ നന്നായി പ്രതിഫലിപ്പിക്കും. റ്റ്രാൻസ്മിറ്ററിലേക്ക് പ്രതിഫലിച്ച് തിരിച്ചെത്തുന്ന തരംഗങ്ങളെയാണ് റേഡാർ ഉപയോഗിക്കുക. റേഡാർ സംവിധാനം സ്വീകരിക്കുന്ന തരംഗങ്ങൾ ദുർബലമാവാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇത്തരത്തിൽ ദുർബലമായ സിഗ്നലുകളെ ഇലക്റ്റ്രോണിക് ആംപ്ലിഫയറുകളുപയോഗിച്ച് ശക്തിപ്പെടുത്താൻ കഴിയും. വെളിച്ചത്തെ തടയാൻ കഴിയുന്ന മൂടൽ മഞ്ഞ്, ഹിമപാതം, മഴ, മേഘങ്ങൾ തുടങ്ങിയവയൊന്നും റേഡാർ തരംഗങ്ങൾക്ക് തടസമല്ല.