‘ഇങ്ങനെയൊരു ആക്രമണം ആദ്യമായാണ് കാണുന്നത്; അത് കേരളത്തിലാണെന്നതില്‍ നിരാശ തോന്നുന്നു’- ധന്യാരാജേന്ദ്രന്‍

By on

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമല സന്നിധാനം അഞ്ച് ദിവസത്തേക്ക് തുറന്നപ്പോൾ യുവതികളെ പ്രതിരോധിക്കാൻ സംഘപരിവാർ അക്രമവഴികൾ സ്വീകരിച്ചു. റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകരെ സംഘപരിവാർ ​പ്രവർത്തകർ ശാരീരികമായി ആക്രമിച്ചു. ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിതാ ബാലന്‍ അടക്കം ആറ് വനിതാ മാധ്യമപ്രവർത്തകർ ആക്രമണത്തിനിരയായി. ചരിത്രപ്രസിദ്ധമായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ റിപ്പോർട്ടിം​ഗിനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ദ ന്യൂസ് മിനിറ്റ് എഡിറ്റർ ധന്യാരാജേന്ദ്രൻ കീബോഡ് ജേണലിനോട് സംസാരിക്കുന്നു.

”പല സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴും ആക്രമിക്കപ്പെടാറുണ്ട്. ഇതിനുമുമ്പും ജേണലിസ്റ്റുകളെ ടാർ​ഗറ്റ് ചെയ്ത് ആക്രമിക്കുകയോ കൂട്ടമായി ആക്രമിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട്. അത് രാഷ്ട്രീയ പാർട്ടികളിൽ നിന്നായാലും മറ്റ് സംസ്ഥാനങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഈയൊരു സംഭവത്തിൽ എനിക്കേറ്റവും കൂടുതൽ വ്യക്തിപരമായി അസ്വസ്ഥമാക്കിയ ഒരു കാര്യം അവിടെ നിൽക്കുന്ന ​ഗ്രൂപ്പുകൾ, ഹനുമാൻ സേന, ആർഎസ്എസ് പോലുള്ള ഏത് ​ഗ്രൂപ്പ് ആയാലും അവരൊക്കെ അറ്റാക്ക് ചെയ്യുന്നതിനെ പലരും ജസ്റ്റിഫെെ ചെയ്യുകയാണ്. നിങ്ങൾ എന്തിനാണ് സ്ത്രീകളെ അയച്ചത്? നിങ്ങളെന്തുകൊണ്ട് ആണുങ്ങളെ അയച്ചില്ല? നിങ്ങൾ ബോധപൂർവ്വം ആളുകളെ പ്രകോപിപ്പിക്കാൻ വേണ്ടി സ്ത്രീകളെ അയച്ചതാണ് എന്നൊക്കെയാണ് പലരും പറയുന്നത്. നിങ്ങളുടെ സ്ത്രീകൾ ശബരിമലയിലേക്ക് കയറാൻ നോക്കി. അവർ പമ്പയിലായത് കൊണ്ടാണ് അവരെ ആക്രമിച്ചത് എന്നൊക്കെയുള്ള പ്രചരണങ്ങള്‍ക്ക് പൊതുസമ്മതി കിട്ടുകയാണ്. എന്നാല്‍ എല്ലാ വിമെൻ റിപ്പോർട്ടർമാരും നിലയ്ക്കൽ വരെയെ പോയിട്ടുള്ളൂ ആരും പമ്പയിലെത്തിയിട്ടില്ല,  അതിലൊരാൾക്കും ശബരിമലയിൽ കയറാനുള്ള ആ​ഗ്രഹവും ഉണ്ടായിരുന്നില്ല .

ഞാനൊരു ജേർണലിസ്റ്റാണ്, എഡിറ്ററാണ്. ‘ഇത് ജേർണലിസ്റ്റുകൾക്ക് കിട്ടേണ്ടതാണ്, അല്ലെങ്കിൽ അവരെന്തിനാണ് സ്ത്രീകളെ അയച്ചത്’ എന്ന് എന്‍റെ ഫാമിലിയിൽ എത്ര പേരാണ് പറഞ്ഞതെന്ന് അറിയുമോ…. ഞാനവരോട് ചോദിച്ചു ‘നാളെ എനിക്കാണ് അടി കൊണ്ടതെങ്കിൽ നിങ്ങൾ ഇതുതന്നെ പറയുമോ?’ സ്ത്രീ റിപ്പോർട്ടേഴ്സിനെ മനപൂർവ്വം അയക്കുന്നതാണ് എന്ന ആക്ഷേപത്തിന് ഒരു പൊതു അം​ഗീകാരം കിട്ടുന്നുണ്ട്. അങ്ങനെ ആണെങ്കിൽ ബാക്കി സമയത്ത് സ്ത്രീ റിപ്പോർട്ടേഴ്സ് പോകുന്നതിനെ എന്താണ് ചോദ്യം ചെയ്യാത്തത്? ഇതല്ലാതെ എത്രയോ അപകടകരമായ സ്ഥലങ്ങളിൽ പോയി സ്ത്രീ റിപ്പോർട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നില്ലേ? വാർ ക്രെെംസ് റിപ്പോർട്ട് ചെയ്യുന്നില്ലേ? അപ്പോഴൊന്നും ഇവരെന്താ ചോദിക്കാത്തത്?

സ്ത്രീ ആയാലും പുരുഷൻ ആയാലും വലിയ സംഘർഷം നടക്കുമ്പോൾ അതിന്‍റെ നടുവിൽ പോയി നിൽക്കുകയല്ല. അവിടെ ജോലി ചെയ്യാൻ പോയവരെ ആണ് ആക്രമിച്ചത്. അവരായിട്ട് പ്രശ്നമുണ്ടാക്കിയതല്ല, അല്ലെങ്കിൽ അവർ പ്രശ്നത്തിന്‍റെ നടുവിലേക്ക് പോയതല്ല. അവർ തലേ ദിവസം മുതൽ അവിടെയുണ്ട്. അല്ലാതെ അന്ന് രാവിലെ വന്ന് പെട്ടവരല്ല. അവർ അവിടെത്തന്നെ റിപ്പോർട്ട് ചെയ്യുന്നവരാണ്. 50 വയസ്സിന് മേലെ പ്രായമുള്ള ഒരു എൻഡിടിവി റിപ്പോർട്ടർ മലയുടെ താഴേക്ക് വരുമ്പോൾ അവരുടെ കാർ നിർത്തിച്ച് പ്രശ്നമുണ്ടാക്കി. പേഴ്സണലി അവർ ഭയങ്കര ഡിസ്റ്റർബ്ഡ് ആയിരുന്നു. യുവതികളായ, 30 വയസ്സൊക്കെ ഉള്ള റിപ്പോർട്ടർമാരെ ആക്രമിക്കാൻ അവർക്ക് വയസ്സിന്റെ എക്സ്ക്യൂസ് ഉണ്ടല്ലോ. കർണാടകയിൽ നിന്നുള്ള മായാ ശർമ എന്നൊരു അമ്പത് വയസ്സിലേറെ പ്രായമുള്ള റിപ്പോർട്ടറെയും വഴിയിൽ തടഞ്ഞുനിർത്തി. ഇതൊരു മോബ് മെന്റാലിറ്റി ആണ്. പ്രശ്നം ഈ മോബ് മെന്റാലിറ്റിക്ക് പൊതുസമ്മതി കിട്ടുമ്പോഴാണ്. ഇതിനെ ചോദ്യം ചെയ്താലും പലരും പറയുക ഇങ്ങനെയാണ്, അവർ ചെയ്തത് ശരിയായില്ല പക്ഷേ നിങ്ങൾ എന്തുകൊണ്ട് സ്ത്രീകളെ അയച്ചു? നിങ്ങളെന്തുകൊണ്ട് പുരുഷന്മാരെ അയച്ചില്ല? ആണുങ്ങൾക്കും അടികൊണ്ടില്ലേ? ഈ പൊതുസമ്മതിയാണ് എനിക്ക് ഇതിൽ വളരെ മോശമായി തോന്നിയ കാര്യം. ഇനി നാളെ നമ്മളെ ആരെങ്കിലും കൊന്നാൽ പോലും നൂറിൽ 75 പേരും പറയും നന്നായി എന്ന്.

എനിക്കൊരുപാട് അനുഭവങ്ങളുണ്ട് എന്റെ ക്യാമറ അടിച്ചതും എന്റെ ക്യാമറമാനെ അടിച്ചതും… അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ട്. പക്ഷേ ഇങ്ങനെയൊരു വയലൻസ്, അവിടെ പ്രൊഫഷണൽ ജോലി ചെയ്യാൻ പോയ ഒരാളെ ആക്രമിച്ചതിന് ഇത്രയും പബ്ലിക് സപ്പോർട്ട് കിട്ടുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അത് കേരളത്തിൽ നടക്കുന്നു എന്നത് അത്രയേറെ നിരാശയുണ്ടാക്കുന്നു.


Read More Related Articles