മാറ്റി നിർത്തപ്പെട്ടവരെ നേതൃത്വത്തിലേക്ക് ‘കൈ’ പിടിച്ചുയർത്തിയ ഒരു കോൺ​ഗ്രസുകാരന്‍റെ പോരാട്ടത്തിന്‍റെ കഥ

By on

ഇരു കൈപ്പത്തികളും ഇല്ലാത്ത ഒരു യുവാവിന്‍റെ പോരാട്ടമാണ് കൈ ചിഹ്നമുള്ള പാർട്ടിയുടെ അഖിലേന്ത്യാ തല നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് ഇടം ഉറപ്പാക്കിയത്. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയായ ഫിറോസ് ആണ് രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയെക്കൊണ്ട് വിപ്ലവകരമായ തീരുമാനം എടുപ്പിച്ചത്.

‘ഞാനൊരാൾ ഒറ്റക്ക് വിചാരിച്ചാൽ ഇവിടെ എന്തു ചെയ്യാനാ’ നമ്മൾ ഓരോരുത്തരും ദിവസവും ഒരു തവണയെങ്കിലും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. ഈ ചോദ്യം ഒന്ന് ഫിറോസിനോട് ചോദിച്ചു നോക്കൂ.. ഒരു കഥൈ സൊല്ലട്ടുമാ എന്ന മട്ടിൽ ഫിറോസ് നമുക്കൊരു കഥ പറഞ്ഞു തരും. നിശ്ചയദാർഢ്യം മാത്രം കൈമുതലാക്കി നിധി തേടി യാത്ര തിരിച്ച ആൽക്കെമിസ്റ്റിലെ സാന്റിയാഗോയെ പോലെ ഫിറോസിന്റെ കഥയിൽ ഓരോ കേൾവിക്കാർക്കും പ്രചോദനമാകുന്ന ആത്മവിശ്വാസത്തിന്റെ തെളിച്ചമുണ്ട്. താൻ തന്റെ ലക്ഷ്യത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചാൽ ഈ ലോകം മുഴുവനും ആ യാത്രയിൽ തനിക്കൊപ്പം ചേരുമെന്ന ആത്മീയതയുടെ വെളിച്ചമുണ്ട്.

മലബാറിലെ ചങ്ങരംകുളത്ത് നിന്നും ഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് വരെ എത്തി, താൻ കൂടി അംഗമായ കോൺഗ്രസ്‌ പാർട്ടിയിൽ സംസ്ഥാന-ജില്ലാ നേതൃ സ്ഥാനങ്ങളിൽ ഭിന്നശേഷിക്കാർക്ക് കൂടി സംവരണം എന്ന വലിയ ലക്ഷ്യത്തിലേക്കാണ്, അഞ്ചു കൊല്ലങ്ങൾ കൊണ്ട് ഭിന്നശേഷിക്കാരനായ ഫിറോസ് നടന്നെത്തിയിരിക്കുന്നത്.

ഫിറോസിന്‍റെ നിരന്തര പരിശ്രമം മൂലം ഇനി മുതൽ യൂത്ത് കോൺഗ്രസ്സിനുള്ളിൽ എല്ലാ സംസ്ഥാനങ്ങളിലും ഒരു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനവും എല്ലാ ജില്ലകളിലും ഓരോ ജില്ലാ സെക്രട്ടറി സ്ഥാനവും ഭിന്നശേഷിക്കാർക്കുള്ളതാണ്. ഭിന്നശേഷിക്കാരുടെ രാഷ്ട്രീയ പ്രാധിനിത്യം ഉറപ്പാക്കുന്നതിനു വേണ്ടി സംവരണം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ ഫിറോസിന്‍റെ നേട്ടം കോൺഗ്രസ്സിന്‍റേത് കൂടിയാണ്.

“നെഹ്രുവിന്‍റെ കാലം മുതൽ സാമൂഹിക നീതിയുടെ മൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്‌. ഞാനും ആ കോൺഗ്രസ്സ് മൂല്യങ്ങൾ ഉൾകൊള്ളുന്ന ആളാണ്‌. ആ മൂല്യങ്ങളിലേയ്ക്ക് ചെറിയ കൂട്ടിചേർക്കൽ മാത്രമാണ് ഞാൻ നടത്തിയത്”-ഫിറോസ് പറയുന്നു.

രണ്ടാമത്തെ വയസിൽ വീട്ടിൽ കളിക്കുന്നതിനിടെ തീയിലേക്ക് കൈകുത്തി വീണ് പൊള്ളലേറ്റ് ഇരു കൈപ്പത്തികളും നഷ്ടമായതാണ് ഫിറോസിന്. പക്ഷേ ബാല്യം മുതൽ താൻ അനുഭവിച്ച വേദനകൾ അത്രയും തന്നെ കൂടുതൽ കരുത്തനാക്കിയിട്ടേ ഉള്ളുവെന്ന് ഫിറോസ് പറയുന്നു.

“ഓരോ ജന്മത്തിനും ഒരു കാരണം ഉണ്ടെന്നു ഞാൻ കരുതുന്നു. എനിക്ക് ചെറുപ്പത്തിലേ ദൈവം ഒരുപാട് വേദന തന്നു. അതിലൂടെ ദൈവം മറ്റുള്ളവരുടെ വേദനയെ ഉൾക്കൊള്ളാനും എല്ലാവരെയും പറ്റി ആലോചിക്കാനുമുള്ള കഴിവ് തന്നു എന്നാണ് ഞാൻ കരുതുന്നത്. വികലാംഗനായത് കൊണ്ട് ചെറുപ്പത്തിൽ സുഹൃത്തുക്കൾ എന്നെ മാറ്റി നിർത്തിയിട്ടുണ്ട്. ജാതീയമായും സാമ്പത്തികമായും മാറ്റി നിർത്തപ്പെടുന്നവരെ പറ്റിയാണ് ഞാൻ ഓർത്തത്. പൊതുവിഷയങ്ങളിൽ ഇടപെടണം എന്നും ആളുകളുടെ പ്രശ്നങ്ങൾ കേൾക്കണം എന്നും എനിക്ക് ചെറുപ്പത്തിലേ തോന്നിയിരുന്നു”

എന്‍റെ ഉള്ളിൽ ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ട്. ഈ സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ട ഒരുപാട് പേരുണ്ട്.അംഗപരിമിതർ മാത്രമല്ല ജാതി, ലിംഗ, സാമ്പത്തിക വിവേചനം അനുഭവിക്കുന്നവർ ഉണ്ട്. അവർക്കിടയിൽ പ്രവർത്തിക്കണം.. അവരുടെ പ്രശ്നങ്ങൾ മനസിലാക്കി അവർക്ക് വേണ്ടി എന്നെ കൊണ്ട് കഴിയുന്നത് ചെയ്യണം. ക്രിയാത്മകമായി പ്രവർത്തിക്കാൻ ആകുന്നവരെ കോൺ​ഗ്രസ് നേതൃത്വം പരിഗണിക്കണം. നമ്മുടെ ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പാർട്ടിയെന്ന നിലയിൽ കോൺഗ്രസ് പാർട്ടിയിൽ എനിക്ക് പ്രതീക്ഷയുണ്ട്. നമ്മുടെ മതേതര മൂല്യങ്ങൾ തകർന്നു പോകുമ്പോൾ കോൺഗ്രസ് ക്ഷയിക്കാൻ പാടില്ല. അതു കൊണ്ട് ഞാൻ ഉന്നയിക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ കോൺഗ്രസ്സ് ഏറ്റെടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. രാഹുൽ ഗാന്ധി എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള നേതാവാണ്.

ഞാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിട്ട് പത്തു വർഷം ആയി. ആദ്യം പ്രാദേശിക നേതൃത്വം ഒരു അംഗപരിമിതൻ ആയത് കൊണ്ട് എന്നെകൊണ്ട് ഇതൊക്കെ സാധിക്കുമോ എന്ന് ആശങ്കപെട്ടിരുന്നു. പക്ഷേ എനിക്കും എന്തെങ്കിലും ചെയ്യണം എന്നെനിക്ക് തോന്നി. എന്നെ പോലുള്ളവർക്കും പലതും ചെയ്യാൻ ഉണ്ടെന്ന് അറിയാമായിരുന്നു. അങ്ങനെയാണ് ഞാൻ പൊതു വിഷയങ്ങളിൽ ഇടപെട്ട് തുടങ്ങിയത്. എന്നാൽ പലപ്പോഴും താഴെ തട്ടിൽ നമ്മളെ ഉൾക്കൊള്ളിക്കുന്നില്ല. ഒരു പക്ഷേ അവർക്ക് നമ്മളെ കൊണ്ട് ഇതൊക്കെ ആകുമോ എന്ന ആശങ്ക കൊണ്ടായിരിക്കാം. ഇന്ന് സ്ഥിതി മാറി. ഇന്ന് മൂന്നു ചക്രമുള്ള വാഹനങ്ങളിൽ എന്നെ പോലുള്ള ആളുകൾ ഒരുപാട് സഞ്ചരിക്കുന്നുണ്ട്. അവർ പുറമേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്. പക്ഷേ വേണ്ടത് പോലെ അവരെ ഉൾക്കൊളളുന്നില്ല. അപ്പോഴാണ് ഞാൻ സംവരണം എന്ന ആവശ്യം ഉന്നയിച്ചത്.

ഈ ആവശ്യവുമായി മുന്നോട്ട് പോകുമ്പോൾ തീർച്ചയായും എന്‍റെ ഒരുപാട് സുഹൃത്തുക്കളുടെയും നേതാക്കളുടെയും പിന്തുണ എനിക്ക് ഉണ്ടായിരുന്നു. കോൺഗ്രസിനകത്താണെങ്കിൽ ശ്രീ ഡീൻ കുര്യാക്കോസിനെ പോലുള്ളവർ അതുപോലെ തന്നെ സുനിൽ ലാലൂർ.. അവരൊക്കെ ഒരുപാട് സഹായിച്ചു. മാത്രമല്ല കോൺഗ്രസ്സിൽ ഒരുപാട് പുതിയ ചെറുപ്പക്കാരുണ്ട് വി ടി ബൽറാമിനെ പോലെ വിദ്യാസമ്പന്നരായ ആളുകൾ.. അവർക്കൊക്കെ ഞാൻ പറയുന്നത് ഉൾക്കൊള്ളാനാകുന്നുണ്ട്. ഞാൻ അവരോടൊക്കെ സംസാരിക്കാറുണ്ട്. അവരൊക്കെ നമ്മുടെ ഫീലിംഗ് ഉൾക്കൊള്ളുന്നവരാണ്.

കോണ്‍ഗ്രസ് നേതൃത്വം ഫിറോസിനെ ആദരിക്കുന്നു

സംവരണം അവകാശമാണ്

”കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഒരു വലിയ പ്രവർത്തനവുമായി മുന്നോട്ട് പോകുകയായിരുന്നു. തീർച്ചയായും അതിന്റെ വിജയം കണ്ടതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്. അംഗപരിമിതരായ ആളുകൾക്ക് രാഷ്ട്രീയ അവകാശം കിട്ടുവാൻ ഞാൻ അഞ്ചു വർഷം പോരാട്ടം നടത്തി. 2015 ഇൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീ ഡീൻ കുര്യാക്കോസ് സാറുമായി ബന്ധപ്പെട്ട് ഞാൻ അതിന്റെ ആദ്യ പരാതി കൊടുത്തു. തൃശൂർ ജില്ലയിലെ സെക്രട്ടറി ആയിരുന്ന ശ്രീ സുനിൽ ലാലൂർ വഴിയാണ് അതിനു അവസരം ഉണ്ടായത്. അന്നാ കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചു. പിന്നീട് അതിന്റെ നടപടികൾ നടന്നു കൊണ്ടിരുന്നു.കഴിഞ്ഞ ഒരു മാസം മുൻപ് ഞാൻ ഡൽഹിയിൽ പോയി പി.സി ചാക്കോ സാറിനെ കണ്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ പിസി ചാക്കോ സാറിനും ശ്രീ രാഹുൽ ഗാന്ധിക്കും പരാതി കൊടുത്തു. കാരണം ഭിന്നശേഷിക്കാരെ മാത്രമായി രാഷ്ട്രീയത്തിൽ നിന്ന് ഒഴിച്ച് നിർത്തുന്നത് ശെരിയല്ല. രാഷ്ട്രീയത്തിൽ പല തരത്തിൽ സംവരണം ഉണ്ടല്ലോ?എസ് സി, എസ് റ്റി,  ഒബിസി, സ്ത്രീകൾ തുടങ്ങിയവർക്കൊക്കെ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നു. പിന്നെന്തു കൊണ്ട് ഭിന്നശേഷിക്കാരെ രാഷ്ട്രീയ വൽക്കരിക്കുന്നില്ല?

കോൺഗ്രസ്സ് വലിയൊരു ദേശീയ പ്രസ്ഥാനം ആണ്. അതിനു വലിയൊരു പുരോഗമന ചരിത്രം ഉണ്ട്. മൗലാനാ അബ്ദുൽ കലാം ആസാദ് ജവഹർലാൽ നെഹ്‌റു തുടങ്ങിയ ഒരുപാട് കോൺഗ്രസ് നേതാക്കന്മാരുടെ പുരോഗമന ആശയങ്ങൾ ആണ് നമ്മേ മുന്നോട്ട് നയിച്ചത്. തീർച്ചയായും ആ കോൺഗ്രസ്സ് മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ആളാണ്‌ ഞാനും. അതു കൊണ്ടാണ് എന്നെ പോലുള്ള ഭിന്നശേഷിക്കാരെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഭാഗമാക്കണം, അവരേയും ജനാധിപത്യത്തിനുള്ളിൽ കൊണ്ട് വരണം സാമൂഹിക നീതി വകുപ്പിന്‍റെ കീഴിൽ കൊണ്ടു വരണം അതു മാത്രമല്ല പഞ്ചായത്ത് ബ്ലോക്ക്‌ തലം മുതൽ അവരെ ഉൾപ്പെടുത്തണം ഇതൊക്കെ എനിക്ക് പാർട്ടിയോട് ആവശ്യപ്പെടണം എന്ന് തോന്നിയത്. രാഹുൽ ഗാന്ധി പ്രസിഡന്റ്‌ ആയപ്പോൾ ആ കാര്യം അംഗീകരിച്ചു. യൂത്ത് കോണ്ഗ്രസ്സിന്റെ ഇനി മുതലുള്ള സംഘടനാ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് സംവരണം ഉണ്ട്. രാഹുൽ ഗാന്ധി എനിക്ക് വലിയ പ്രതീക്ഷയുള്ള നേതാവാണ്. പാർട്ടിയിലും സംവരണം ആവശ്യപ്പെട്ട് ഞാൻ ഒരു അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തീർച്ചയായും പാർട്ടിയിൽ കൂടി സംവരണം വരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്”.

മറ്റു പ്രവർത്തനങ്ങൾ

”അംഗപരിമിതരായവരുടെ യാത്രയുമായി ബന്ധപ്പെട്ട ഒരു കേസ് ഞാൻ ഹൈകോടതിയിൽ കൊടുത്തിരുന്നു. നിലവിൽ ഒരു ഭിന്നശേഷിക്കാരന് ഒരു ബസിൽ നാൽപ്പത് കിലോമീറ്റർ മാത്രമേ യാത്രചെയ്യാനാകൂ. പ്രത്യേകിച്ചു സ്വകാര്യ ബസുകളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു മേഖലയാണ് മലബാർ മേഖല. ഇവിടെ ഏറ്റവും കൂടുതൽ സ്വകാര്യ ബസുകൾ ആണുള്ളത്. സാധാരണ ഒരു സ്വകാര്യ ബസിൽ ഒരു ഭിന്നശേഷിക്കാരന് നാൽപ്പത് കിലോമീറ്റർ മാത്രമാണ് യാത്ര ചെയ്യാൻ കഴിയുക. നാൽപ്പത് കിലോമീറ്റർ കഴിഞ്ഞാൽ അയാൾ ഇറങ്ങണം. തൃശൂർ നിന്ന് കോഴിക്കോട് വരെ യാത്ര ചെയ്യാൻ ഒരു അംഗപരിമിതൻ മൂന്നു ബസുകൾ വരെ കയറണം. കെ എസ് ആർ ടി സി യിൽ ആണെങ്കിൽ ലോ ഫ്ലോർ ബസുകളിൽ ഭിന്നശേഷിക്കാർക്ക് സംവരണം പോലുമില്ല. ആകെ നമുക്ക് ഡിസേബിൾ ഫ്രണ്ട്‌ലി എന്ന് പറയാവുന്നത് ലോ ഫ്ലോർ ബസുകളാണെന്നോർക്കണം.

ഈ പ്രശ്നം ഞാൻ കഴിഞ്ഞ സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അന്ന് നടപടിയുണ്ടായില്ല. തുടർന്നെനിക്ക് കോടതിയിൽ പോകേണ്ടി വന്നു. ഞാൻ കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം ഡിസ്പോസ് ചെയ്തു ആ കേസ്. ഡിസ്പോസ് ചെയ്യുമ്പോൾ കോടതി ഒരു ഉപാധി വെച്ചു. ഈ പരാതിക്കാരനെ കേൾക്കണം എന്ന് സർക്കാരിനോട് പറഞ്ഞു. അതിന്‍റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെ ഡയറക്ടർ ശ്രീ മിനി ആന്‍ണി ഐ എ എസ് എന്നെ ഹിയറിങ്ങിനു വിളിച്ചു.അന്ന് കെ എസ് ആർ ടിസി സൂപ്രണ്ട് , ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നമ്മുടെ കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ എന്നോട് ഒരു ചോദ്യം ചോദിച്ചു. നിങ്ങൾക്ക് വെള്ളം സബ്സിഡി ഉണ്ടോ? കറന്‍റ് സബ്സിഡി ഉണ്ടോ? പിന്നെന്തിനു നിങ്ങൾ ട്രാൻസ്‌പോർട്ടേഷൻ മാത്രം ഇളവ് ചോദിക്കുന്നു. പിന്നെ പറഞ്ഞു കെ എസ് ആർ ടി സിയിലെ തൊഴിലാളികൾക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ ഇല്ല. അവർ ആത്മഹത്യ ചെയ്യുകയാണ്. അപ്പോൾ നിങ്ങൾക്ക് എങ്ങനെയാണ് ഇളവ് അനുവദിക്കുക. അപ്പോൾ ഞാൻ പറഞ്ഞു, കെ എസ് ആർ ടി സി നഷ്ടമാണെങ്കിലും ഞങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഞങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗമാണ്. അപ്പോൾ മിനി ആന്‍റണി ഐ എ എസ് അവർക്ക് കൃത്യമായി മറുപടി കൊടുത്തു. അങ്ങനെ സംസാരിക്കരുതെന്ന് പറഞ്ഞു. എന്നാൽ ഇപ്പോഴും എനിക്ക് ഞാൻ ഉന്നയിച്ച വിഷയത്തിൽ മറുപടി കിട്ടിയിട്ടില്ല. അത് കൊണ്ട് ഞാൻ വീണ്ടും കോടതിയെ സമീപിക്കാൻ പോകുകയാണ്”.

ഭിന്നശേഷിക്കാരോട്

”തീർച്ചയായും നമുക്കൊരുപാട് അവസരങ്ങൾ കിടക്കുന്നുണ്ട്. നമ്മൾ അതൊക്കെ പരമാവധി ഉപയോഗിക്കണം. നമ്മൾ ഒരിക്കലും മാറി നിൽക്കേണ്ടവരല്ല. നമ്മൾ മുഖ്യധാരയിലേക്ക് വരേണ്ടവരാണ്. തീർച്ചയായും അവർ വരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. കാരണം ഇന്ന് പഴയത് പോലെയല്ല. അവർ സഞ്ചരിക്കുന്നുണ്ട്. അവർക്ക് മൂന്നു ചക്ര വാഹനങ്ങൾ ഉണ്ട്. അവർക്ക് ഒരുപാട് കഴിവുകൾ ഉണ്ട്. അവരുടെ കഴിവുകൾ ഒക്കെ നമ്മൾ കാണാൻ കിടക്കുന്നേയുള്ളൂ.
എന്നെ ഏറ്റവും നിരാശപ്പെടുത്തിയത് എന്താണെന്ന് വെച്ചാൽ അന്ധ വിദ്യാർത്ഥികൾ ഒൻപതാം ക്ലാസ്സ്‌ വരേ ബ്രൈലീ ലിപിയിൽ പഠിച്ചിട്ടും പത്താം ക്ലാസ്സിൽ അവർ സഹായിയെ കൊണ്ടാണ് പരീക്ഷ എഴുതിക്കുന്നത്. അത് പോരാ അവരെ അവർ പഠിച്ച രീതിയിൽ എഴുതാൻ അനുവദിക്കുക ആണ് വേണ്ടത്. ഒരു സഹായിയെ കൊണ്ട് എഴുതിക്കുന്നതും അവർ പഠിച്ച ലിപിയിൽ അവർ എഴുതുന്നതും രണ്ടാണ്. ആ വിദ്യാഭ്യാസസമ്പ്രദായം ഗവണ്മെന്‍റ് മാറ്റേണ്ടതുണ്ട്.
പിന്നെ എനിക്കൊരു അഭ്യർത്ഥന ഉള്ളത് നമ്മുടെ കോളേജ്കൾ എല്ലാം ഡിജിറ്റൽ റെക്കോർഡിങ് സിസ്റ്റം ഉണ്ടാകേണ്ടതുണ്ട്. ജെ എൻ യൂ പോലുള്ള അപൂർവം കേന്ദ്ര സർവകലാശാലകളിലെ അത്തരം അവസരങ്ങൾ ഉള്ളു. മഹാരാജാസ് പോലുള്ള നമ്മുടെ കോളേജുകളിൽ ഒരുപാട് അന്ധവിദ്യാർത്ഥികൾ പഠിക്കുന്നതെനിക്കറിയാം. അവർക്കൊക്കെ അതു ലഭ്യമാകണം. നമ്മൾ ഡിജിറ്റൽ യുഗം എന്നൊക്കെ പറയാറുണ്ട്.എന്നാൽ അതു ആവശ്യമുള്ളിടത്ത് കാണാത്തതിൽ ദുഖമുണ്ട്”.

കുടുംബം, ജോലി

”വീട്ടിൽ ഉമ്മ ഉപ്പ രണ്ട് സഹോദരിമാരും രണ്ട് സഹോ​ദരൻമാരും. ഞാൻ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആണ്. അർബൻ ബാങ്കിൽ ജോലി ചെയ്യുന്നു.നമുക്ക് സാമൂഹിക പ്രവർത്തനം കൊണ്ട് ജീവിക്കാൻ ആകില്ലല്ലോ..ജോലിയോടൊപ്പം ഞാൻ എന്‍റെ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തുന്നുണ്ട്”.


Read More Related Articles