കോർപറേറ്റുകൾക്ക് പരവതാനി വിരിക്കുന്ന പുതിയ ഇ.ഐ.എ ഡ്രാഫ്റ്റ്

By on

ഒറ്റനോട്ടത്തിൽ തെന്നെ പരിസ്ഥിതി വിരുദ്ധവും കോർപറേറ്റ്- നവലിബറൽ സാമ്പത്തിക താല്പര്യങ്ങൾ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കാനിരിക്കുന്ന ഇ.ഐ.എ ഡ്രാഫ്റ്റ് 2020 (Environment Impact  Assessment Draft 2020). 1984 ഇൽ ആയിരത്തിലധികം മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ട ഭോപാൽ ഗ്യാസ് ദുരന്തത്തിന് ശേഷം രാജ്യത്ത് പരിസ്‌ഥിതിയെ കുറിച്ചും വ്യവസായങ്ങൾ ഉയർത്തുന്ന സുരക്ഷ പ്രശ്നങ്ങളെ കുറിച്ചും വലിയ ചർച്ചകൾ ഉയർന്നുവന്നു.
അങ്ങനെയാണ് 1986 ഇൽ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വരുന്നത്. അതിലെ സുപ്രധാനമായ വകുപ്പ് ആണ് പരിസ്ഥിതി ആഘാത പഠനം (EIA). ഒരു വ്യവസായ സ്ഥാപനമോ വികസന പദ്ധതിയോ ആരംഭിക്കുമ്പോൾ ഉണ്ടായിരുന്ന പരിസ്ഥിതി ആഘാത പഠനമോ പരിസ്‌ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസോ ഒന്നുമില്ലാതെ തോന്നിയപോലെ ഏത് തരത്തിലുമുള്ള പദ്ധതിയും ആരംഭിക്കാം എന്നതാണ് പുതിയ ഡ്രാഫ്റ്റിന്റെ സവിശേഷത. ഇതിലെ ഏറ്റവും വലിയ വിരോധാഭാസം നിയമങ്ങളോ ചട്ടങ്ങളോ ലംഘിക്കുന്ന വ്യവസായങ്ങൾക്കോ പദ്ധതികൾക്കോ എതിരെ രാജ്യത്തെ ഒരു പൗരനും പരാതി നൽകാൻ സാധിക്കുകയില്ല എന്നതാണ്. സർക്കാറിനോ പ്രോജക്ട് അംഗങ്ങൾക്കോ മാത്രമേ നിയമലംഘനങ്ങൾക്കെതിരെ പരാതി ഉന്നയിക്കാൻ സാധിക്കുകയുള്ളൂ. അതായത് കള്ളൻ തന്നെ പോലീസിനോട് താൻ നടത്തിയ കളവിനെ കുറിച്ച് പരാതി നൽകണമെന്നാണ് പുതിയ ഡ്രാഫ്റ്റ് പറയുന്ന നിർദ്ദേശങ്ങളെന്ന് സാരം.
ഇ.ഐ.എ ക്ലിയറൻസ് ആവശ്യമില്ലാത്ത പ്രൊജക്ടുകളുടെ പട്ടികയിലേക്ക് ദേശീയപാത വിപുലീകരണം, ജലസേചനപദ്ധതി നവീകരണം പോലുള്ള പ്രൊജക്ടുകൾ കൂടി ഉൾക്കൊള്ളിച്ചു. നേരത്തെ ഇ.ഐ.എ നടപ്പിലാക്കാൻ ഉണ്ടായിരുന്ന പദ്ധതി പ്രദേശത്തിന്റെ വിസ്തൃതി 20,000 ചതുരശ്ര മീറ്റര്‍ എന്ന പരിധിയിൽ നിന്ന് 1,50,000 ചതുരശ്ര മീറ്റര്‍ ആക്കി വർധിപ്പിച്ചു. അതോടെ ഒരു വിമാനത്താവള നിർമ്മാണം പോലും ഇ.ഐ.എയുടെ പരിധിക്ക് പുറത്താവുന്നു. പദ്ധതി പൂർത്തിയായ ശേഷം മാത്രം ഇ.ഐ.എ ക്ലിയറൻസ് എടുത്താൽ മതി എന്ന ​ഗുരുതരമായ നിർദേശവും ഈ ഡ്രാഫ്റ്റിൽ ഉണ്ട്. ഒരു പദ്ധതി തുടങ്ങുന്നതിന് മുമ്പ് ഉണ്ടായിരുന്ന പബ്ലിക് ഹിയറിങിന്റെ സമയം 30 ദിവസത്തിൽ നിന്ന് ഇരുപത് ദിവസമാക്കി മാറ്റിയതും ഈ ഡ്രാഫ്റ്റിലെ പ്രധാന നിർദേശങ്ങളിൽ ഒന്നാണ്. ഇങ്ങനെ നിലവിൽ ഉണ്ടായിരുന്ന നിയമത്തെ എങ്ങിനെ ഒക്കെ ദുർബലമാക്കാമെന്നതും പരിസ്‌ഥിതിയെ തകർത്ത് കോർപ്പറേറ്റുകൾക്ക് കൂടുതൽ സൗകര്യം ഉറപ്പ് വരുത്താം എന്നതിനെ കുറിച്ചുള്ള ഗവേഷണ റിപ്പോർട്ട് ആണ് യഥാർത്ഥത്തിൽ EIA Draft 2020.
കോവിഡിന്റെ മറവിൽ കഴിഞ്ഞ മാർച്ച് 23 ന് ആണ് EIA കരട്‌ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പുറത്തിറക്കിയത്. ദുരന്തങ്ങളും മഹാമാരിയുമൊക്കെ തങ്ങളുടെ നിഗൂഡ അജണ്ടകൾ നടപ്പിലാക്കാൻ ഉപയോഗപ്പെടുത്തുക എന്നത് ലോകത്തിലെ എല്ലാ ഫാസിസ്റ്റ് ഗവൺമെന്റുകളും അനുവർത്തിക്കുന്ന നയമാണ്. കോവിഡ് മഹാമാരിയുടെ മറവിൽ സംഘ്പരിവാർ സർക്കാർ രാജ്യത്ത് തങ്ങളുടെ ഓരോ നിഗൂഡ അജണ്ടകളും ഒന്നൊന്നായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനാധിപത്യ സമരം നയിച്ച വിദ്യാർത്ഥി നേതാക്കൾ, പൗരാവകാശ പ്രവർത്തകർ,അക്കാദമിക രംഗത്തുള്ളവർ എന്നിവരെല്ലാം ഈ മഹാമാരിയുടെ കാലത്ത് ക്രൂരമായി പോലീസ് വേട്ടക്ക് വിധേയമാക്കി ജയിലറകളിലാണ്. ദേശീയ വിദ്യാഭ്യാസ നയവും വേണ്ടത്ര ചർച്ചകൾ ഇല്ലാതെ നടപ്പിലാക്കുന്നതും ഇതേ ഗണത്തിൽ വേണം മനസ്സിലാക്കാൻ.
ഇ.ഐ. എ ഡ്രാഫ്റ്റ് ഏപ്രിൽ 11 ന് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും വേണ്ട രീതിയിൽ ഉള്ള ചർച്ചകൾ പോലും നടത്താതെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മാതൃകയിൽ, പാർലമെന്റിൽ വെക്കാതെ പിൻവാതിലിലൂടെ നടപ്പിലാക്കാൻ ആണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കാതെ തിടുക്കത്തിൽ പാസാക്കി എടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും ആക്ടിവിസ്റ്റുകളും ഡൽഹി ഹൈക്കോടതിയിൽ നടത്തിയ നിയമ പോരാട്ടത്തിലൂടെ ആണ് ആഗസ്റ്റ് 11 വരെ ജനങ്ങൾക്ക് അഭിപ്രായങ്ങൾ ഇമെയിൽ വഴി അറിയിക്കാൻ അവസരം നൽകിയത്. രാജ്യത്തെ 22 ഭാഷകളിലേക്ക് ഡ്രാഫ്റ്റ് വിവർത്തനം നടത്തി പ്രസിദ്ധീകരിക്കാൻ കോടതി നിർദേശിക്കുകയുണ്ടായി. എന്നാൽ കേന്ദ്ര സർക്കാർ ആവട്ടെ ഈ നിർദേശമെന്നും പൂർണാർഥത്തിൽ നടപ്പിലാക്കാതെ നേപ്പാളി, മറാത്തി, ഒഡിയ ഭാഷകളിൽ മാത്രമാണ് വിവർത്തനം നടത്തിയത്.
ഈ കടുത്ത അനീതിക്കെതിരെ സംഘ്പരിവാറിന്റെ കുഴലൂത്തുകാരായ ദേശീയ മാധ്യമങ്ങൾ അടക്കം പുലർത്തിയ മൗനം നമ്മുടെ രാജ്യത്തെ മാധ്യമങ്ങൾ സംഘ്പരിവാറിന് മുന്നിൽ എത്രത്തോളം വിധേയപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കേരളത്തിൽ ആവട്ടെ ആഗസ്റ്റ് ആദ്യ വാരത്തോടെ മാത്രമാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ അടക്കം ഈ ഡ്രാഫ്റ്റിന് എതിരെ വലിയ പ്രക്ഷോഭങ്ങൾ നടന്ന് കൊണ്ടിരിക്കുമ്പോഴും കേരളം വലിയ മൗനത്തിൽ തന്നെയായിരുന്നു. ഒരു രാഷ്ട്രത്തിൽ ജനങ്ങൾ എന്ത് കാണണം, പറയണം, വായിക്കണം എന്നതിലൊക്കെ ഭരണകൂടത്തിന്റെ അദൃശ്യമായ കരങ്ങൾ നമ്മെ നിയന്ത്രിച്ചത് കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നമ്മുടെ മുന്നിൽ ഉള്ളത്. ഫാസിസ്റ്റ് ഭരണകൂടം നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ ഓരോ തൂണുകളെയും തങ്ങളുടെ വരുതിയിൽ ആക്കി നിശബ്ദമാക്കി എന്നുമാത്രമാണ് നാം കരുതേണ്ടത്.
രാജ്യത്ത് ഈ കോർപറേറ്റ് അനുകൂലമായ നിയമഭേദ​ഗതിക്ക് എതിരെ വലിയ തോതിൽ പരാതികൾ പ്രവഹിച്ചു. വ്യക്തികളും സംഘടനകളും തങ്ങളുടെ പരാതികൾ ഇമെയിലിലൂടെ അറിയിച്ചു. കൗമാരക്കാരിയായ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ​ഗ്രെറ്റാ തൻബർഗിന്റെ സംഘടനയുടെ ഇന്ത്യൻ ചാപ്റ്റർ Friday for future India, Let India breath,There is no planet B പോലുള്ള സംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായ മെയിൽ കമ്പയിനുകൾ സംഘടിപ്പിച്ചു. എന്നാൽ കലിമൂത്ത കേന്ദ്ര സർക്കാർ ഇത്തരം സംഘനകളുടെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തും യു.എ. പി.എ അടക്കുമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയുമാണ് പരിസ്ഥിതി പ്രവർത്തകരെ നിശബ്ദരാക്കാൻ ശ്രമിച്ചത്.
സമീപകാലത്ത് രാജ്യത്ത് ഉണ്ടായ പ്രകൃതി ദുരന്തങ്ങളും വ്യാവസായിക ദുരന്തങ്ങളും ഭരണകൂടങ്ങളെ കണ്ണ് തുറപ്പിക്കുന്നിലെങ്കിൽ ഒരുപാട് മനുഷ്യ ജീവനുകൾ ഇനിയും നാം വില കൊടുക്കേണ്ടിവരും. പരിസ്ഥിതി ക്ലിയറൻസ് വാങ്ങാതെ പ്രവർത്തിച്ച് നിരവധി പേരുടെ മരണത്തിന് കാരണമായ
വിശാഖപട്ടണത്തെ എൽ.പി.ജി പോളിമർ കമ്പനിയിൽ ഉണ്ടായ വാതക ചോർച്ച, അസാമിൽ വ്യവസായശാലയിൽ ഉണ്ടായ തീപിടുത്തം,കേരളത്തിൽ വർഷാവർഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയങ്ങൾ, അനിയന്ത്രിതമായ മൈനിങ്ങും ഒരു നിയന്ത്രണമില്ലാതെ പാറപൊട്ടിക്കലുകളും മൂലമുണ്ടാവുന്ന ഉരുൾപൊട്ടലുകളുമൊന്നും നമ്മുടെ കണ്ണ് തുറപ്പിക്കുന്നിലെങ്കിൽ അതിന്റെ പ്രത്യഘാതം വളരെ ഭീകരമായിരിക്കും.കഴിഞ്ഞ വർഷം നിലമ്പൂരിലെ കവളപാറ,ഈ വർഷം ഇടുക്കിയിലെ രാജമലയിലെ പെട്ടിപാറ തുങ്ങിയ പ്രദേശങ്ങളിലെ ദുരന്തങ്ങൾ മാത്രം എടുത്ത് നോക്കിയാൽ മനുഷ്യന്റെ ആർത്തിയോടെ ഉള്ള പ്രകൃതി ചൂഷണം ദുരന്തങ്ങൾക്ക് കാരണമായി വർത്തിച്ചിട്ടുണ്ട് എന്ന് നമ്മുക്ക് കാണാം.
പശ്ചിമഘട്ടത്തിലെ കൈയേറ്റവും വനനശീകരണവും ഖനനവും അനിയന്ത്രിത നിര്‍മാണ പ്രവര്‍ത്തനങ്ങളുമെല്ലാം ചേർന്ന് കൊച്ചു കേരളത്തി​​ന്റെ നെറുകയിലൊരുക്കിയ ജലബോംബുകൾ ദുരന്തമായി പതിച്ചതി​​ന്റെയും പതിവില്ലാത്ത തരത്തിൽ കേരളം കഴിഞ്ഞ കാലങ്ങളിൽ പ്രളയക്കെടുതിയിലമർന്നതി​​ൻറയും കാരണങ്ങൾ ചർച്ചക്കെടുക്കേണ്ട സമയം കൂടിയാണ് ഇ.ഐ. എ ഡ്രാഫ്റ്റ് 2020 നടപ്പിലാവാൻ പോവുന്ന സന്ദർഭം. ഇല്ലെങ്കിൽ നിലക്കാത്ത പേമാരിയിൽ പൊങ്ങിയ വെള്ളമത്രയും പടിഞ്ഞാറ് അറബിക്കടലിൽ പതിക്കുന്ന മുറക്ക് മലയാളിയുടെ മറവിയിലേക്ക് ഈ കെടുതിയും പോയിമറയും. പ്രളയക്കെടുതിയുടെ കണക്കെടുത്ത് കേന്ദ്രത്തിൽനിന്നുള്ള നഷ്​ടപരിഹാരം തിട്ടപ്പെടുത്തുന്നപോലെ നടക്കേണ്ട പ്രക്രിയയാണത്. ഇതിനൊന്നും ചെവികൊടുക്കാതെ കേരളത്തിന് ഇനിയും മുന്നോട്ടുപോകാനാകില്ല എന്നതാണ് ഗാഡ്ഗിൽ കമ്മിറ്റി നമ്മോട് പറഞ്ഞത്.
പരിസ്‌ഥിതി പ്രവർത്തനം രാജ്യദ്രോഹമായി കാണുന്ന ഭരണകൂടങ്ങൾ ഭരിച്ചു കൊണ്ടിരിക്കുന്ന രാജ്യത്ത് മണ്ണിനോടും മനുഷ്യനോടും ചേർന്ന് നിൽക്കുന്ന വികസനത്തിന്റെ പാഠങ്ങൾ വരും തലമുറയ്ക്ക് പകർന്നു നൽകാൻ നമ്മുക്ക് സാധിക്കണം. പരിസ്ഥിതി വിരുദ്ധവും കോർപറേറ്റ് താല്പര്യങ്ങളിൽ ഊന്നിയുമുള്ള വികസന കാഴ്ചപ്പാടുകൾക്കെതിരെ ശക്തമായ ജനകീയ ചെറുത്ത് നിൽപ്പിന് നാം മുന്നിട്ട് ഇറങ്ങേണ്ടതുണ്ട്.


Read More Related Articles