കൊറോണ വൈറസ് വ്യാപനം പ്രവചിച്ച് 2018 ലെ ദക്ഷിണ കൊറിയൻ പരമ്പര; കണ്ടെത്തി നെറ്റ്ഫ്ലിക്സ് പ്രേക്ഷകർ
2018 ൽ നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്ത ദക്ഷിണ കൊറിയൻ പരമ്പര കൊറോണ വൈറസ് വ്യാപനം പ്രവചിച്ചതായി പ്രേക്ഷകരുടെ കണ്ടെത്തൽ. മൈ സീക്രെട്, ടെറിയസ് എന്ന പരമ്പരയുടെ ഒന്നാം സീസണിലെ പത്താമത്തെ എപ്പിസോഡിലാണ് കൊറോണയെക്കുറിച്ചു പറയുന്നത്. ഇന്ത്യ ഒഴികെ പല രാജ്യങ്ങളിലും നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്ത പരമ്പരയാണിത്. അയൽവാസിയുടെ ദുരൂഹ മരണത്തിന്റെ കാരണം കണ്ടെത്താനുള്ള ദൗത്യം പരാജയപ്പെട്ടതിന് പിന്നാലെ ഒരു ഡിറ്റക്റ്റീവ് സ്വയം ലോകത്തുനിന്ന് അകന്നു നിൽക്കുന്നു എന്നാണ് പരമ്പരയുടെ കഥാസാരം പറയുന്നത്. പത്താമത്തെ എപ്പിസോഡിന്റെ അൻപത്തി മൂന്നാം മിനിറ്റിലാണ് കൊറോണ വൈറസിനെക്കുറിച്ചു ചർച്ച ചെയ്യുന്നത്. ഒരു ഡോക്ടറുടെ കഥാപാത്രം മറ്റൊരു കഥാപാത്രത്തിന് ഒരു ഡോക്യുമെന്റ് കൈമാറുന്നതും ”നാം കൂടുതൽ ഗവേഷണം നടത്തണം, കണ്ടിട്ട് ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് പോലെയുണ്ട്” എന്ന് പറയുന്നതുമാണ് രംഗം. അപ്പോൾ മറ്റേ കഥാപാത്രം കൊറോണ വൈറസോ? പിന്നെ മെർസ്? എന്നും ചോദിക്കുന്നു. ”മെർസ്, സാർസ്, ഫ്ലൂ തുടങ്ങിയവയൊക്കെ ഒരേ ജനിതക കുടുംബത്തിൽ വരുന്നവയാണ്. കൊറോണ വൈറസ് ശ്വാസ കോശ സംവിധാനത്തെയാണ് ആക്രമിക്കുന്നത്. 2015 ലെ മെർസ് ബാധകാലത്ത് മരണ നിരക്ക് 20 ശതമാനമായിരുന്നു”എന്ന് ഡോക്ടറുടെ കഥാപാത്രം മറുപടി പറയുകയും ചെയ്യുന്നു.
”പക്ഷെ അതൊരു ഗുരുതര ആയുധമാക്കാൻ ഉതകുന്നതല്ലല്ലോ? ഞാൻ പറഞ്ഞത് ശരിയല്ലേ?” എന്ന് മറ്റേ വ്യക്തി ചോദിക്കുന്നു. ”ഞാൻ പറഞ്ഞപോലെ ഇത് ജനിതക വ്യതിയാനം വരുത്തിയ ഒരു വൈറസാണ്. 90 ശതമാനമായി മരണ നിരക്ക് ഉയർത്താൻ ഇത് ചിലർ വളർത്തിയെടുത്തിട്ടുണ്ട്” എന്ന് ഡോക്ടർ മറുപടി പറയുന്നു.
പരമ്പരയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾക്കും ചൂട് പിടിക്കുന്നതിനൊപ്പം മൈ സീക്രെട്ട്, ടെറിയസും ജനപ്രിയമാവുകയാണ്.
വീഡിയോ കാണാം