2022 ഫുട്ബോൾ ലോകകപ്പിനായി ഖത്തറിൽ യോനീ മാതൃകയിൽ മൈതാനമൊരുങ്ങുന്നു
സ്ത്രീലൈംഗികാവയവത്തിന്റെ മാതൃകയിൽ ഖത്തർ ലോകകപ്പിനായി സ്റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നു. അൽ വഖ്റ പോർട്ടിലാണ് നാൽപതിനായിരം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം ഒരുങ്ങുന്നത്. സ്റ്റേഡിയത്തിന്റെ നിർമ്മാണം ഈ വർഷം പൂർത്തിയാകും. ബ്രിട്ടീഷ് ആർക്കിടെക്റ്റ് ഡേം സാഹയുടെ അവസാനത്തെ ഡിസൈനാണ് 2022 ലെ ലോകകപ്പ് ഫുട്ബോളിനായി ഒരുങ്ങുന്ന സ്റ്റേഡിയം.2012 ൽ ലണ്ടൻ ഒളിംപിക്സ് മത്സരത്തിനായി അക്വാട്ടിക് സെൻറർ, ഇറ്റലിയിലെ മാക്സി മ്യൂസിയം, ചൈനയിലെ ഒപേറ ഹൗസ് എന്നിവ രൂപകൽപന ചെയ്ത ആർക്കിടെക്റ്റാണ് ഡേം സാഹ.
സ്റ്റേഡിയത്തിന്റെ രൂപത്തിലെ പ്രത്യേകത കാരണം ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. “ദ്വാരമുള്ള എല്ലാം യോനിയാണോ ” എന്നാണ് സാഹ വിമർശനങ്ങളോട് പ്രതികരിച്ചിരുന്നത്. 2013 ലാണ് അൽ വഖ്റ സ്റ്റേഡിയത്തിന്റെ ആദ്യ ഡിസൈൻ പുറത്ത് വിട്ടത്. പരമ്പരാഗത മത്സ്യബന്ധന ബോട്ടായ “ദോ ബോട്ടി”ന്റെ മാതൃകയിലുള്ള ഡിസൈനായിരുന്നു അന്ന് പ്രസിദ്ധീകരിച്ചത്.
ഫിഫ ലോകകപ്പിനായി 8 സ്റ്റേഡിയങ്ങളാണ് ഖത്തറിൽ ഒരുങ്ങുന്നത്. ഗൾഫിലെ കാലാവസ്ഥ പരിഗണിച്ച് 2022 ലോകകപ്പ് മിഡിൽ ഈസ്റ്റിലെ ശൈത്യകാലത്താണ് നടത്തപ്പെടുക. ചരിത്രത്തിൽ ആദ്യമായാണ് ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇത്തരത്തിൽ നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കാൻ പോകുന്നത്. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് മത്സരങ്ങൾ നടക്കുക.