കാസർകോട് കേന്ദ്ര സർവ്വകലാശാല; മറ്റ് ഇന്ത്യൻ സർവ്വകലാശാലകളിൽ ആർഎസ്എസ് നേതൃത്വം ചെയ്യുന്നതിന്‍റെ കേരള മോഡൽ
ഒമ്പത് മാസത്തിനുള്ളിൽ മൂന്നു വിദ്യാർത്ഥികളെ പുറത്താക്കിയ, ആറ് വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ, ദളിത് ഗവേഷക വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യിപ്പിച്ച, അധ്യാപകനെ ഡിപ്പാർട്ട്മെന്‍റ് മേധാവി സ്ഥാനത്ത് നിന്നും സസ്പെൻഡ് ചെയ്ത, ദളിത് വിദ്യാർത്ഥിയുടെ PHD അഡ്മിഷന്‍ റദ്ദ് ചെയ്ത, മെഡിക്കൽ സർറ്റിഫിക്കറ്റ് പോലും വാങ്ങാൻ തയ്യാറാവാതെ മൂന്ന് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദ് ചെയ്ത, കേരള കേന്ദ്ര സർവകലാശാല ഭരണകൂടം പുതിയ ന്യായങ്ങളുമായി മുമ്പോട്ട് വന്നിരിക്കുകയാണ്.
ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ സ്ഥാനങ്ങളിലുള്ളവർ നേതൃത്വം നൽകുന്ന സർവകലാശാല ഭരണകൂടം നടത്തിവരുന്ന അഴിമതിക്കും, അനധി:കൃത നിയമനങ്ങൾക്കും, വിദ്യാഭ്യാസ വിരുദ്ധ നയങ്ങൾക്കുമെതിരെയുള്ള സമരങ്ങൾക്ക് നേതൃത്വം കൊടുത്തവരെയാണ് ഇത്തരത്തിൽ അച്ചടക്ക നടപടികൾക്ക് വിധേയരാക്കുന്നത്. സർവകലാശാലയ്ക്കെതിരെ അഴിമതി ആരോപണവുമായി മുൻ പരീക്ഷ കൺട്രോളർ വി. ശശിധരൻ രംഗത്ത് വരികയുണ്ടായിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ നടന്ന 89 അധ്യാപക നിയമനങ്ങളിൽ യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതാണ് ഒരു ആരോപണം. കഴിഞ്ഞ മാസമാണ്, അന:ധികൃതമായി പെൻഷൻ വാങ്ങുന്നുണ്ടായിരുന്ന വിസി ഡോ. ഗോപകുമാറിനോട്, 20 ലക്ഷം രൂപ കേരള സർവകലാശാലയിൽ തിരിച്ചടയ്ക്കാനായി യുജിസി ആവശ്യപ്പെടുന്നത്. സർവകലാശാലയുടെ ആദ്യ പ്രൊവിസി ആയി നിയമിക്കപ്പെട്ട ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡൻട് കൂടിയായ പ്രൊഫ. ജയപ്രസാദിന്റെ നേതൃത്വത്തിലാണ് എല്ലാ പോസ്റ്റുകളിലേക്കും ആർഎസ്എസ് കാരെ കയറ്റി കൊണ്ട് രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്നതെന്ന ആരോപണങ്ങളാണ് എസ്എഫ്ഐ, എഎസ്എ, എൻ എസ് യു ഐ, എംഎസ്എഫ്, എഐഎസ്എഫ്, ഫ്രറ്റേണിറ്റി മൂവമെൻറ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും മറ്റ് വിദ്യാർത്ഥികളുമൊക്കെ ഒറ്റയ്ക്കും ഒരുമിച്ചുമൊക്കെ നടത്തുന്ന പ്രതിഷേധങ്ങളിൽ കേൾക്കുന്നത്.
പുറത്താക്കപ്പെട്ട എംഎ വിദ്യാർത്ഥി അഖിലിനെ തിരിച്ചെടുക്കുക ( പുറത്താക്കപ്പെട്ട അഖില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു) , HOD സ്ഥാനത്ത് നിന്നുമുള്ള പ്രൊഫ. പ്രസാദ് പന്യന്‍റെ സസ്പെൻഷൻ പിൻവലിക്കുക, പിരിച്ചുവിട്ട (Outsourced സ്റ്റാഫുമാരുടെ എണ്ണം കൂടിയപ്പോൾ പരിഹരിക്കാനായി ചെയ്തത്) ഹോസ്റ്റൽ കുക്കുമാരെ തിരിച്ചെടുക്കുക, അറസ്റ്റ് ചെയ്യപ്പെട്ട് ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ട നാഗരാജുവിനെതിരെയുള്ള നടപടികൾ പിൻവലിക്കുക, വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ജനാധിപത്യപരമായി ‘എൻക്വയറി കമ്മിറ്റി’ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എസ്എഫ്ഐ ഒറ്റയ്ക്കും മറ്റ് വിദ്യാർത്ഥി സംഘടനകളും വിദ്യാർത്ഥികളും നടത്തിയ സമരത്തിന്റെ ഭാഗമായി എംപി, എംഎൽഎ, കളക്ടർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന മീറ്റിങ്ങിൽ വിദാർത്ഥികളുടെ പ്രധാന ആവശ്യങ്ങളൊന്നും അംഗീകരിക്കുകയുണ്ടായില്ല.
വിദ്യാർത്ഥി സംഘടനകളൊന്നും തന്നെ ഔദ്യോഗിക വിശദീകരണവും നൽകാത്ത സാഹചര്യത്തിലാണ് സർവകലാശാല ഭരണകൂടം പുതിയ ആരോപണങ്ങളുമായി പത്രകുറിപ്പിറക്കുന്നത്. ‘സർവകലാശാലയിൽ മാത്രം പ്രവർത്തിക്കുന്ന (മുഖ്യധാരാ രാഷ്ട്രീയ സംഘടനകളായ എസ്എഫ്ഐ, എബിവിപി, എൻഎസ്യു ഐ, എംഎസ്എഫ് ഇവയൊന്നുമല്ല) ചില വിദ്യാർത്ഥി സംഘടനകളുടെ (എഎസ്എ യും മാർക്സ് -അംബേദ്കർ സ്റ്റഡി സർക്കിളുമാണ് മുഖ്യധാര രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ലാതെ പ്രവർത്തിക്കുന്നവർ) മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നു ‘, ‘തീവ്രവാദ സ്വഭാവമുള്ളവർ ഹോസ്റ്റലികത്ത് കടന്നു കയറുണ്ട്; അവർക്കെതിരെയാണ് നടപടി എടുത്തത് ‘, ‘ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്നു ‘ – തുടങ്ങിയവയാണ് ആരോപണങ്ങൾ. തീവ്രവാദം, മാവോയിസം, മയക്കുമരുന്ന് മാഫിയ, എന്നീ കാര്യങ്ങൾ എടുത്തിട്ട് കള്ളകഥകളുണ്ടാക്കി വിദ്യാർത്ഥികളെ പേടിപ്പിച്ച് വിഘടിപ്പിക്കാനുള്ള ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ ഇന്ത്യ ഒട്ടാകെ നടത്തുന്ന പദ്ധതിയുടെ ഭാഗമായിട്ട് വേണം കേരള കേന്ദ്ര സർവകലാശാലയിലെ ഭരണകൂടത്തിന്‍റെ വിദ്യാഭ്യാസ വിരുദ്ധ നടപടികളെ മനസ്സിലാകേണ്ടത്.