പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ എസ്എഫ്ഐ വിജയത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ ഐക്യം റദ്ദാക്കപ്പെട്ടതെങ്ങനെ

By on

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വന്ന് പഠിക്കുന്ന ഇടങ്ങളാണ് കേന്ദ്ര സർവ്വകലാശാലകൾ. പരിമിതമെങ്കിലും രാജ്യാന്തര വിദ്യാർത്ഥികളും ഉണ്ട്. അത് കൊണ്ട് തന്നെയാണ് ഇവിടുത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്കും യൂണിയൻ തെരഞ്ഞെടുപ്പിലേക്കും ദേശീയ ശ്രദ്ധ ഉണ്ടാകുന്നതും.  യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കും, കാവിവൽക്കരണത്തിനും, രാഷ്ട്രീയാധികാരത്തിനും വേണ്ടി നടന്ന വിദ്യാർത്ഥി സമരത്തിനും പോണ്ടിച്ചേരിയിലെ തന്നെ ആദ്യത്തെ ക്വീൻ പരേഡിനും ശേഷമാണ് ഇത്തവണത്തെ പിയുഎസ് യു (Pondicherry University Students Union) തെരഞ്ഞെടുപ്പ് നടന്നത്. അംബേദ്കർ സ്റ്റുഡന്റസ് അസോസിയേഷൻ (ASA), മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷൻ (MSF), സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ (SIO), സ്റ്റുഡന്‍റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI), Spectra (LGBTQ Students comunity), അംബേദ്കർ പെരിയാർ സ്റ്റുഡന്‍റ്സ് ഫോറം (APSF), ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് ഫെഡറേഷൻ (AISF), നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫ് ഇന്ത്യ (NSUI), എന്നിങ്ങനെ ABVP ഒഴികെ ഉള്ള ക്യാമ്പസിലെ എല്ലാ വിദ്യാർത്ഥി കൂട്ടായ്മകളും ഒരുമിച്ച് നടത്തിയ വിദ്യാർത്ഥി മുന്നേറ്റം ക്യാമ്പസിനകത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തിന് പുതിയ ഒരു മാനം തന്നെ നൽകിയിരിക്കുന്നു എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നുണ്ട്.

സമരാനന്തരം വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച വൈസ് ചാൻസലർ, ഒരാഴ്ചക്ക് ശേഷം പോണ്ടിച്ചേരിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ 25% റിസർവേഷൻ എടുത്ത് കളഞ്ഞാതായും ഒരു കാരണവശാലും ക്യാമ്പസിൽ വിദ്യാർത്ഥി രാഷ്ട്രീയം അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് കൊണ്ട് ഒരു വാർത്താസമ്മേളനം വിളിച്ച് ചേർത്ത് തന്റെ നയം വ്യക്തമാക്കി. തുടർ വിദ്യാഭ്യാസത്തിനായി പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയല്ലാതെ മറ്റൊരു വഴിയും ഇല്ലാത്ത ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന ദലിത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തിന് നേരെയുള്ള വെല്ലുവിളി കൂടിയായി ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്.

മറ്റു കേന്ദ്ര സർവകലാശാലകളിൽ നിന്ന് വ്യത്യസ്തമായി പാർലമെന്‍ററി രീതിയിലുള്ള തെരഞ്ഞെടുപ്പ് സംവിധാനമാണ് പോണ്ടിച്ചേരിയിൽ നിലവിൽ ഉള്ളത്. ആദ്യ ഘട്ടത്തിൽ വിദ്യാർത്ഥികൾ നേരിട്ട് വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന പ്രതിനിധികൾ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 12 അംഗ കൗൺസിലിനെ തിരഞ്ഞെടുക്കുന്നു. രണ്ടാം ഘട്ട ഇലക്ഷനിൽ പ്രതിനിധികളെ പണം കൊടുത്ത് സ്വാധീനിക്കൽ, ഭീഷണി പെടുത്തൽ, തട്ടിക്കൊണ്ട് പോകൽ അടക്കം എല്ലാ വിധ കലാപരിപാടികളും കുതിരക്കച്ചവടങ്ങളും ഇവിടെ നടന്ന് വരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് അത്തരം പ്രവണതകൾ കുറഞ്ഞ് വരുന്നത് പ്രതീക്ഷാവഹമാണ് താനും. രാഷ്ട്രീയത്തെ മറികടന്ന് പണവും കായികബലവും സമം ചേർത്തുള്ള എബിവിപി-ജാതി ഹിന്ദു കൂട്ടുകെട്ടിന് പല കോലത്തിലും മേൽക്കയ് നൽകാൻ ഈ ഇലക്ഷൻ സംവിധാനം തന്നെ കാരണമാകുന്നു.

2015 ലും 2016 ലും എഎസ്എ-എസ്എഫ്ഐ സഖ്യ രാഷ്ട്രീയം പറഞ്ഞ് കൊണ്ട് തന്നെഎബിവിപി-ജാതി ഹിന്ദു ശക്തികളെ നേരിടുകയും ഒരു ദലിത് വിദ്യാർത്ഥിയെ രണ്ട് വർഷവും യൂണിയൻ പ്രസിഡന്‍റ് ആക്കുവാൻ സാധിക്കുകയും ചെയ്തു (ലങ്കേശ്വരൻ,2015) (നാനി ബാബു 2016). എന്നാൽ കഴിഞ്ഞ വർഷം(2017) എംഎസ്എഫ്, എസ്ഐഒ എന്നീ മുസ്ലിം വിദ്യാർത്ഥി സംഘടനകളുടെ സഖ്യത്തിലെ രാഷ്ട്രീയ ദൃശ്യത നിരാകരിച്ച് കൊണ്ട് എസ്എഫ്ഐ സഖ്യത്തിൽ നിന്ന് വിട്ട് നിന്നു. എസ്എഫ്ഐയുടെ ഇതേ ധാർഷ്ട്യം കൊണ്ട് തന്നെ, ഈ വർഷവും സഖ്യ ചർച്ചകൾ പരാജയപ്പെടുകയാണ് ഉണ്ടായത്. ഇന്ത്യയിൽ, സംഘ് പരിവാറിന്‍റെ പ്രഥമ ഇരകളായ മുസ്ലിങ്ങൾ രാഷ്ട്രീയമായി അസേർട്ട് ചെയ്യുമ്പോൾ ഭൂരിപക്ഷ വർഗീയത സമം ന്യൂനപക്ഷ വർഗീയത എന്ന എന്ന ദ്വന്ദം ഉണ്ടാക്കി ആ രാഷ്ട്രീയത്തെ അപ്പാടെ റദ്ദ് ചെയ്യുകയാണ് എസ്എഫ്ഐ ചെയ്തത്. എഎസ്എയെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങളുടെ എല്ലാ വിധ പ്രതിനിധാനങ്ങളും ഉറപ്പ് വരുത്തേണ്ടത് തങ്ങളുടെ രാഷ്ട്രീയ അടിത്തറയായത് കൊണ്ട് തന്നെ അത്തരം ഒരു വിട്ടുവീഴ്ചക്കും തയ്യാറാവുകയുണ്ടായില്ല.

ഇത്തവണ ആദ്യ ഘട്ട ഇലക്ഷനിൽ എസ്എഫ്ഐക്ക് വ്യക്തമായ മേൽക്കൈ ലഭിച്ചു. എന്നാൽ കൗൺസിൽ തെരഞ്ഞെടുപ്പ് വിജയിക്കാൻ അത് പോരായിരുന്നു. എഎസ്എ നേതൃത്വം നൽകുന്ന എഡിസി (Alliance for Democratic Campus) കൗൺസിൽതെരഞ്ഞെടുപ്പിൽ ഒരു സ്ഥാനത്തേക്ക് മാത്രം മത്സരിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലേക്കും എസ്എഫ്ഐയെ പിന്തുണക്കാനാണ് തീരുമാനിച്ചത്. എബിവിപി-ജാതി ഹിന്ദു ഗ്രൂപ്പ് നെ തോൽപ്പിച്ച് എസ്എഫ്ഐയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥി ജുനൈദ് നാസർ അടക്കം 11 പേർ അങ്ങനെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഇത്തവണ എഎസ്എ കാണിച്ച രാഷ്ട്രീയ നൈതികത കഴിഞ്ഞ തവണ എസ്എഫ്ഐ കാണിച്ചിരുന്നെങ്കിൽ എബിവിപി അടക്കം ഉള്ള, തലയും വാലും തിരിയാത്ത സാമ്പാർ മുന്നണി അധികാരത്തിൽ വരില്ലായിരുന്നു.

എന്നാൽ, ഹൈദരാബാദ് സർവകലാശാലയിൽ കഴിഞ്ഞ വർഷത്തെ അലയൻസ് വിജയത്തിന് ശേഷം മുസ്ലിം വിസിബിലിറ്റിക്ക് എതിരെ വിളിച്ച വംശീയ മുദ്രാവാക്യങ്ങളുടെ തുടർച്ചയെന്നോണം, പോണ്ടിച്ചേരിയിലെ എസ്എഫ്ഐ ആഘോഷങ്ങളിലും ‘മൂരി’ വിളികൾ തുടർന്നു. രാഷ്ട്രീയ നൈതികത/മര്യാദ ഇത്യാദി സാമഗ്രികൾ ഒരു വിഭാഗത്തിന്‍റെ മാത്രം ഉത്തരവാദിത്തമല്ല എന്ന മിനിമം ജനാധിപത്യ ബോധം എസ്എഫ്ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്. അനുദിനം ആധികാരികതയും വിസിബിലിറ്റിയും ആർജ്ജിച്ച് കൊണ്ടിരിക്കുന്ന, മുസ്ലിം വംശഹത്യക്ക് കോപ്പ് കൂട്ടുന്ന ആർഎസ്എസിന്‍റെ സവർണ്ണ ഹിന്ദു വലതുപക്ഷ രാഷ്ട്രീയത്തെ ചെറുത്ത് തോൽപ്പിക്കാൻ വിശാലമായ ദളിത്-മുസ്ലിം-ന്യൂനപക്ഷ രാഷ്ട്രീയത്തോട് ഐക്യപ്പെടാൻ ക്യാമ്പസുകൾക്ക് അകത്തും പുറത്തും ഇടതുപക്ഷ രാഷ്ട്രീയത്തിന് കഴിയട്ടെ എന്ന് പ്രത്യാശിക്കാം.

പോണ്ടിച്ചേരി സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ലേഖകൻ


Read More Related Articles