സക്കരിയയുടെ ഉമ്മ പറഞ്ഞത് ശരിയാണ് “അലിവില്ലാത്ത ഹൃദയങ്ങള്‍ ഈ ഭൂമിയിലും ഉണ്ട്”

By on

Rajeeb Taha

ഇന്നും പതിവു പോലെ കോടതി മുറിക്കുള്ളില്‍ വെച്ച് സക്കരിയയെ കണ്ടു. വിചാരണ പുരോഗമിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി പതിവ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പോലീസ് സക്കരിയ ഉള്‍പ്പടെയുള്ളവരെ ജയിലിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു. മനുഷ്യന്‍റെ മരവിച്ച് പോയ മനുഷ്യത്വത്തെ കുറിച്ച് ഓർത്ത് ചില നെടുവീര്‍പ്പുകള്‍ ഇടാനാണ് സക്കരിയയുടെ ഉമ്മയെ പോലെ നമുക്കും കഴിയുന്നുള്ളു. കുറേ നാളുകള്‍ക്ക് മുമ്പ് സക്കരിയയുടെ ഒരു പരോള്‍ അപേക്ഷയുമായി ഇത് കൂടുതല്‍ ബോധ്യപ്പെട്ടിരുന്നു.

ഒരു ദിവസം രാവിലെ സക്കരിയയുടെ സുഹൃത്തും ബന്ധുവുമായ അന്‍വര്‍ വിളിച്ച് സക്കരിയയുടെ ജ്യേഷ്ഠൻ യു എ ഇയില്‍ വെച്ച് മരണപ്പെട്ടുവെന്ന് വിവരം ജയിലില്‍ കഴിയുന്ന സക്കരിയയെ അറിയിക്കാനും മയ്യിത്ത് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും സക്കരിയക്ക് മയ്യിത്ത് കാണാനും മറ്റും പരോള്‍ ലഭ്യമാക്കാനുള്ള നീക്കങ്ങള്‍ അഭിഭാഷകരുമായി നടത്തണമെന്നും അറിയിച്ചു. (കുറെ നാളുകള്‍ക്ക് മുമ്പ് നടന്ന അദ്ദേഹത്തിന്റെ വിവാഹത്തിന് ഞാനും അയ്യൂബിയും പങ്കെടുത്തിരുന്നതാണ്) ഉടന്‍ തന്നെ ബംഗളുരുവില്‍ ജാമ്യത്തിലുള്ള ബഹു-അബ്ദുന്നാസിര്‍ മഅ്ദനിയെ വിവരം അറിയിച്ചു. അദ്ദേഹം നിര്‍ദേശിച്ചത് അനുസരിച്ച് അഡ്വ. പി ഉസ്മാനെ ബന്ധപ്പെട്ട് പരോള്‍ ലഭ്യമാക്കുന്നതിനുള്ള കാര്യങ്ങള്‍ നീക്കി. പരപ്പന അഗ്രഹാര ജയില്‍ സൂപ്രണ്ടിനെ വിളിച്ച് മരണവിവരം സക്കരിയയെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു (അഡ്മിനിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍ അതീവദുര്‍ബലമായ അഗ്രഹാര ജയിലില്‍ ഇത് നടക്കില്ല എന്ന് അറിയാമായിരുന്നു) പക്ഷേ 11 മണിയോടെ കോടതിയില്‍ ഹാജരാക്കുന്ന സമയത്താണ് മരണവിവരം സക്കരിയ അറിയുന്നത്. പരോള്‍ അപേക്ഷ കോടതിക്ക് മുന്നില്‍ അഡ്വ.ഉസ്മാന്‍, അഡ്വ. ബാലന്‍ എന്നിവര്‍ സമര്‍പ്പിച്ചു. യാത്ര സമയം ഉള്‍പ്പെടെ 4 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടത്.

ഹ്രസ്വവാദത്തിലൂടെ കാര്യങ്ങള്‍ അഭിഭാഷകര്‍ കോടതിയെ ധരിപ്പിച്ചു. പ്രോസിക്യൂട്ടറുടെ എതിര്‍ വാദം ആരംഭിച്ചു. സാധാരണ രീതിയില്‍ മരണം പോലുള്ള ആവശ്യങ്ങള്‍ക്കുള്ള പരോള്‍ അപേക്ഷകള്‍ക്ക് പ്രോസിക്യൂട്ടര്‍മാര്‍ പൊതുവേ കാര്യമായ എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല. പക്ഷേ ഇവിടെ മറിച്ചാണ് സംഭവിച്ചത് പ്രോസിക്യൂട്ടറുടെ വാദം പ്രതിയായ സക്കരിയ്ക്ക് 4 ദിവസം അനുവദിക്കാന്‍ പറ്റില്ല എന്നായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് വാഹനത്തില്‍ ബംഗ്ലൂര്‍ -പരപ്പനങ്ങാടി യാത്രക്ക് തന്നെ 2 ദിവസം വേണ്ടിവരുമെന്നും, സ്വന്തം സഹോദരന്‍റെ മരണത്തെ തുടര്‍ന്ന് വീട്ടില്‍ രണ്ട് ദിവസം താമസിക്കാന്‍ അനുവദിക്കുകയെന്നത് മനുഷ്യത്വപരമായ കാരുണ്യവും നീതിയുമാണെന്ന് അഡ്വ ഉസ്മാനും ബാലനും കോടതിയെ ബോധിപ്പിച്ചു. അതിന് മറുപടി പറഞ്ഞ പ്രോസിക്യൂട്ടറുടെ വാക്കുകള്‍ കേട്ട് കോടതിയും അഭിഭാഷകരും സ്റ്റാഫുകളും ഉള്‍പ്പെടെ ഞെട്ടിതരിച്ച് പോയി. “മരിച്ചവര്‍ പോയില്ലേ. ജീവിച്ചിരിക്കുന്നവര്‍ പോയാല്‍ അവര്‍ തിരിച്ച് വരികയൊന്നും ഇല്ലല്ലോയെന്ന”പരിഹാസ മറുപടിയാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായത്. തന്റെ ഒരേയൊരു ജ്യേഷ്ഠൻ മരണപ്പെട്ടത് അല്പം മുമ്പ് മാത്രം അറിഞ്ഞ സക്കരിയായുടെ മുന്നില്‍ വെച്ചായിരുന്നു ആ പ്രോസിക്യൂട്ടറുടെ മറുപടി. പക്ഷേ മനുഷ്യത്വം ഇല്ലാത്ത ആ വാദത്തെ കോടതി തള്ളിക്കളയുകയും സക്കരിയക്ക് 4 ദിവസത്തെ പരോള്‍ കോടതി അനുവദിക്കുകയും ചെയ്തു.

ഇങ്ങനെ ഒരുനൂറ് മനുഷ്യത്വരഹിതമായ അുനുഭവങ്ങള്‍ ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അയവിറക്കാനുണ്ട്. അതെ, സക്കരിയയുടെ ഉമ്മ പറഞ്ഞത് ശരിയാണ് “അലിവില്ലാത്ത ഹൃദയങ്ങള്‍ ഈ ഭൂമിയിലും ഉണ്ട്”


Read More Related Articles