സൗദി എഴുത്തുകാരൻ കോൺസുലേറ്റിനുള്ളിൽ കൊല്ലപ്പെട്ടെന്ന് തുർക്കി; നിഷേധിച്ച് സൗദി അറേബ്യ

By on

പ്രസിദ്ധ സൗദി എഴുത്തുകാരൻ ജമാൽ ഖഷോ​ഗിയുടെ തിരോധാനം നാടകീയമാവുന്നു. ജമാൽ ഖഷോ​ഗി ഈസ്താംബുളിലെ സൗദി കോൺ‍സുലേറ്റിനുള്ളിൽ കൊല ചെയ്യപ്പെട്ടെന്നാണ് തുർക്കി അന്വേഷക സംഘം പറയുന്നത്. കൃത്യം നിർവ്വഹിച്ചത് 15 പേരുടെ കൊലയാളി സംഘമാണെന്നും തുർക്കി പറയുന്നു. ചൊവ്വാഴ്ച സൗദി കോൺസുലേറ്റിലേക്ക് പോയ ഖഷോ​ഗിയെ കാണാതായിരുന്നു. അതേസമയം ഖഷോ​ഗി കൊല്ലപ്പെട്ടെന്ന വാർത്ത സൗദി അറേബ്യ നിഷേധിച്ചു. ഖഷോ​​ഗിയ്ക്ക് വേണ്ടി അന്വേഷണം നടക്കുകയാണെന്നും സൗദി അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. വാഷിം​ഗ്ടൺ പോസ്റ്റിന്‍റെ ഒപ്പീനിയിൻ വിഭാ​ഗത്തിൽ സ്ഥിരമായി എഴുതുന്ന ഖഷോ​ഗി അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ്. അൽ വതൻ പത്രത്തിന്‍റെ മുൻ എഡിറ്റർ കൂടിയാണ് ഖഷോ​ഗി. ലക്ഷക്കണക്കിന് ആളുകൾ റ്റ്വിറ്ററിൽ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്.

ഹാതിസ് സെം​ഗിസ് എന്ന തുർക്കി സ്വദേശിനിയെ വിവാഹം ചെയ്യാനായി തന്‍റെ വിവാഹമോചന രേഖ വാങ്ങാനായാണ് അദ്ദേഹം സൗദി കോൺസുലേറ്റിലേക്ക് പോയത്. അദ്ദേഹം വിവാഹം ചെയ്യാനിരുന്ന ഹാതിസ് കോൺസുലേറ്റിന് പുറത്ത് കാത്തു നിന്നു. 11 മണിക്കൂർ കോൺസുലേറ്റിന് പുറത്ത് നിന്നിട്ടും അദ്ദേഹം തിരികെ വന്നില്ലെന്ന് ​​ഹാതിസ് പറയുന്നു. താൻ തിരികെ വന്നില്ലെങ്കിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എർ‌ദ​ഗന്‍റെ ഉപദേശകരെ വിവരം അറിയിക്കണമെന്ന് ഖഷോ​ഗി പറഞ്ഞതായി ഹാതിസ് പറയുന്നു. ”ജമാൽ മരിച്ചിട്ടില്ല, അയാൾ കൊല്ലപ്പെട്ടതായി ഞാൻ വിശ്വസിക്കുന്നില്ല. ഒദ്യോ​ഗിക സ്ഥിരീകരണത്തിനായി ഞാൻ കാത്തിരിക്കുകയാണ്” എന്നാണ് ​ഹാതിസ് റ്റ്വിറ്ററിൽ കുറിച്ചത്.

15 പേരടങ്ങുന്ന സംഘം ജമാൽ ഖഷോ​ഗിയെ കൊലപ്പെടുത്തിയ ശേഷം ശരീരം നീക്കം ചെയ്തുവെന്നാണ് തുർക്കി പറയുന്നത്.
കോൺസുലേറ്റിന് സുരക്ഷ ഒരുക്കുന്ന തുർക്കി സുരക്ഷാ വിഭാ​ഗം സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഖഷോ​ഗി കോൺസുലേറ്റിൽ നിന്ന് നടന്ന് പുറത്തേയ്ക്ക് പോയിട്ടില്ല എന്നാണ് ടർക്കിഷ് അറബ് മീഡിയ അസോസിയേഷന്‍റെ മേധാവി പറയുന്നത്. അതേസമയം ആരോപപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സൗദി അറേബ്യ പ്രതികരിച്ചു. മാധ്യമങ്ങളെ കോൺസുലേറ്റിനുള്ളിൽ കടന്ന് പരിശോധിക്കാൻ അനുമതി നൽകിയതായും സൗദി അറേബ്യ അറിയിച്ചു. തുർക്കി അന്വേഷകർക്ക് കോൺസുലേറ്റിനുള്ളിൽ കടന്ന് എന്ത് പരിശോധന വേണമെങ്കിലും നടത്താമെന്ന് സൗദി കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ബ്ലൂംബെർ​ഗ് റ്റിവിയോട് പറഞ്ഞിരുന്നു. ജമാൽ ഖഷോ​ഗി ഒരു മണിക്കൂറിനകം കോൺസുലേറ്റിൽ നിന്ന് പോയതായാണ് താൻ മനസിലാക്കുന്നതെന്നും അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്ന് അറിയാൻ തനിക്കും താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Read More Related Articles