പിണറായി വിജയനെതിരായ ജാതിയധിക്ഷേപത്തോട് സിപിഐഎം പ്രതികരിക്കാത്തത് ഇതുകൊണ്ടാണ്
Opinion By Aravind Indigenous
ദലിതുകൾ മുസ്ലിങ്ങൾ തുടങ്ങി ഈഴവർ വരെയുള്ള പിന്നോക്ക സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വരുന്ന സിപിഎം സഖാക്കളോടാണ് എനിക്ക് സംസാരിക്കാൻ ഉള്ളത്. പ്രാഥമികമായി ഇത് സിപിഎം എന്ന സംഘടനയെ വിമർശിക്കുന്ന ഒരു കുറിപ്പല്ല. സംഘടനയെ ഉപദേശിക്കുന്ന കുറിപ്പല്ല. അതിനേക്കാൾ ഉപരിയായി എന്നെപോലെയും നിങ്ങളെപ്പോലെയും പിന്നോക്ക സാഹചര്യങ്ങളിൽ നിന്ന് വരുന്ന ആളുകളെ വളരെ വ്യക്തിപരമായി ബാധിക്കുന്ന പ്രശ്നമാണ്. അതുകൊണ്ടാണ് വളരെ വ്യക്തിപരമായ രീതിയിൽ ഞാൻ ഈ ചർച്ച കൊണ്ടുപോകുന്നത്.
നമ്മുടേതുപോലെ വളരെ പിന്നോക്കം നിൽക്കുന്ന സാഹചര്യത്തിൽ നിന്ന് സംസ്ഥാനത്തെ ഭരിക്കുന്ന നിലയിലേക്ക് ഉയർന്നു വന്ന ഒരാളാണല്ലോ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷത്തെ എന്നെ ഏറ്റവും മുറിവേല്പിച്ച വിഷയങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തിനേറ്റ ജാതി അധിക്ഷേപം. രണ്ടു തവണയാണ് അദ്ദേഹം പൊതുവേദിയിൽ വെച്ച് ജാതി അധിക്ഷേപത്തിന് ഇരയായത്. രണ്ടുതവണയും രാഷ്ട്രീയ എതിരാളികളായ സംഘപരിവാറുമായോ അതിന്റെ രാഷ്ട്രീയ ബോധവുമായോ ബന്ധമുള്ളവരാണ് ജാതീയമായി അദ്ദേഹത്തെ അധിക്ഷേപിച്ചത്. ആദ്യതവണ ഒരു സവർണ സ്ത്രീ ‘ചോവ കൂതി മോനെ’ എന്നാണദ്ദേഹത്തെ അധിക്ഷേപിച്ചത്. രണ്ടാമത്തെ തവണ ബിജെപി യുടെ പത്രം തന്നെ ‘തെങ്ങു കയറേണ്ടവനെ പിടിച്ചു തലയിൽ കയറ്റുമ്പോൾ ആലോചിക്കണം’ എന്നാണ് കാർട്ടൂൺ വരച്ചു അധിക്ഷേപിച്ചത്.
സിപിഎം എന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടിയെ അതും കേഡർ പാർട്ടിയെ 17 വർഷക്കാലം സെക്രട്ടറിയായി നയിച്ച ഒരു നേതാവിനെതിരെയാണ് അതുണ്ടായത്. ഇപ്പോൾ സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരിക്കുന്ന ഒരാളെയാണ് ഒരു സവർണ സ്ത്രീയും ഒരു പ്രമുഖ സംഘപരിവാർ പത്രവും രണ്ടു തവണ ജാതീയമായി അധിക്ഷേപിച്ചത്? എന്നിട്ടെന്തുണ്ടായി? എന്നെപോലെ പിന്നോക്കം നിൽക്കുന്ന ഒരാൾ സിപിഎം എന്ന സംഘടനയിൽ മുൻപ് പ്രവർത്തിച്ചത് പോലും മറ്റുള്ളവരിൽ നിന്നുള്ള കയ്യേറ്റങ്ങളിൽ നിന്നും പ്രാഥമികമായി സംരക്ഷണം കിട്ടും എന്നുകൂടി വിചാരിച്ചിട്ടാണ്. എന്നിട്ടിപ്പോൾ ഇതെന്താണ് ഈ വര്‍ഷം തീരുന്ന സാഹചര്യത്തിൽ നമ്മളെ പോലെ മുഖ്യമന്ത്രിയെപ്പോലെ പിന്നോക്ക സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വരുന്ന അനേകം ആളുകൾക്ക് വ്യക്തിപരമായി അനുഭവപ്പെട്ടത്? അപമാനിതരായിപ്പോയില്ലേ നമ്മൾ?
ആരാണ് പ്രതികരിച്ചത്? നമ്മളിൽ ചിലർ വ്യക്തിപരമായി പ്രതികരിച്ചു, പല നേതാക്കളും വ്യക്തിപരമായി പ്രതികരിച്ചു. തർക്കമില്ല. എന്നാൽ എന്തുകൊണ്ട് സംഘടനാപരമായി നമുക്ക് പ്രതിഷേധിക്കാൻ കഴിഞ്ഞില്ല? ഒരു പന്തം കൊളുത്തി ജാഥ പോലും നമുക്ക് നടത്താൻ കഴിഞ്ഞില്ല. എന്തുകൊണ്ട് അതിനുവേണ്ടി ഒരു സംഘടനാപരമായ തീരുമാനം ഉണ്ടായില്ല?ശബരിമലയേക്കാൾ പ്രത്യക്ഷമായി നമുക്ക് സവർണ്ണതയെ തിരിച്ചറിയാൻ കഴിഞ്ഞില്ലേ രണ്ടുതവണ? എനിക്കും നിങ്ങൾക്കും അത് അനുഭവപ്പെട്ടില്ലേ? ആ ജാതി ത്തെറി അധിക്ഷേപം ഇപ്പോഴും നമ്മുടെ ചെവിയിൽ മുഴങ്ങുന്നില്ലേ? എന്തുകൊണ്ട് സംഘടനാപരമായി സംസ്ഥാനത്തെ ഏറ്റവും വലിയ കേഡർ പാർട്ടി മൗനം പാലിച്ചു ?
അത് രണ്ടും ജാതി അധിക്ഷേപങ്ങളും ആയിരുന്നു എന്ന് നമുക്ക് തര്‍ക്കമില്ല. നമുക്ക് അത് അനുഭവപ്പെട്ടതാണ്. അപമാനിക്കപ്പെട്ടത് നമ്മളാണ്. തെങ്ങുകയറ്റം കുലത്തൊഴിലായിരുന്ന ഒരു സാമൂഹിക സാഹചര്യത്തിൽ നിന്ന് വരുന്ന ഒരാൾക്ക് ഈ രാജ്യം ഭരിക്കാൻ യോഗ്യതയില്ലെന്നാണ് ആ സവർണ സ്ത്രീയും പത്രവും അധിക്ഷേപിച്ചത്, അല്ലെങ്കിൽ അത്തരം സാമൂഹിക സാഹചര്യത്തിൽ നിന്ന് വരുന്ന ഒരാളെ,അയാൾക്ക് എന്ത് സ്ഥാനം ഈ ജനാധിപത്യ സംവിധാനത്തിൽ ഉണ്ടെങ്കിലും അയാളെ അധിക്ഷേപിച്ചാൽ ഒരു ചുക്കും ഉണ്ടാകാൻ പോകില്ലെന്ന ഉറപ്പുണ്ടെന്നാണവർ തെളിയിക്കുന്നത്. അത് തന്നെ സംഭവിക്കുകയും ചെയ്തു.ഒന്നും തന്നെ ഉണ്ടായില്ല. വ്യക്തിപരമായ പ്രതിഷേധങ്ങളിൽ എല്ലാം ഒതുങ്ങി.
കാരണം എന്താണെന്നു അറിയുമോ? സിപിഎം എന്ന സംഘടനയിൽ തീരുമാനം എടുക്കപെടുന്നത് ഏറ്റവും മുകളിലെ കമ്മിറ്റികളിൽ ആണ്. ആ കമ്മിറ്റികളിൽ നിന്ന് താഴേക്കാണ് തീരുമാനങ്ങൾ നടപ്പിലാക്കുന്നത്. ആ കമ്മിറ്റികളിൽ മുഖ്യമന്ത്രിക് നേരെ നടന്ന ജാതി അധിക്ഷേപത്തിന് പ്രതികരിക്കേണ്ടതുണ്ട് എന്ന് ഒരു പൊതു ബോധം രൂപപ്പെടാത്തതുകൊണ്ടാണ് വ്യക്തിപരമായ പ്രതിഷേധങ്ങളിൽ എല്ലാം ഒതുങ്ങി പ്പോയത്. ആ കമ്മിറ്റികളിൽ എന്നെപോലെ നിങ്ങളെപ്പോലെ പിണറായി വിജയൻ എന്ന പിന്നോക്ക സാമൂഹിക സാഹചര്യത്തിൽ വരുന്ന ഒരാൾക്ക് ഏൽക്കുന്ന ജാതി തെറി വൈകാരികമായി അനുഭവപ്പെടുവാൻ തക്ക ആളുകളുടെ പ്രാതിനിധ്യം കുറവാണ്. അതുകൊണ്ടാണ് പാർട്ടിയിൽ അങ്ങനെ ജാതി അധിക്ഷേപത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നു ഒരു പൊതു ബോധം രൂപപ്പെടാത്തതു .അതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നു രാഷ്ട്രീയ ബോധ്യമുണ്ടാകുവാൻ, ജാതിത്തെറി വൈകാരികമായി അനുഭവപ്പെടുവാൻ കഴിയുന്ന ആളുകളുടെ പ്രാതിനിധ്യം ആ കമ്മിറ്റികളിൽ കുറവാണു എന്നതാണ് അതിന്റെ സാമൂഹ്യ ശാസ്ത്രപരമായ കാരണം.
എം ബി രാജേഷിനെപ്പോലെയും കൊടിയേരിയെപ്പോലെയും കടകമ്പള്ളിയെപ്പോലെയും ജാതി അധിക്ഷേപം കഥകളിൽ കേട്ടും പുസ്തകത്തിൽ മാത്രം വായിച്ചും പരിചയമുള്ളവരാണ് ആ സംഘടനയുടെ നേതൃത്വ കമ്മിറ്റികളിൽ പ്രാതിനിധ്യത്തിൽ കൂടുതൽ ഉള്ളത് എന്നതാണ് അതിന്റെ വസ്തുതാപരമായ കാരണം. അവർ ഉയർന്ന സാമൂഹിക സാഹചര്യങ്ങളിൽ നിന്നുള്ള സവർണ സമുദായങ്ങളിൽ നിന്നുള്ളവരാണ്. അതുകൊണ്ടാണ് ജാതി അധിക്ഷേപം ഒരു പ്രതികരിക്കേണ്ട പ്രാധാന്യം ഉള്ള വിഷയമായി ആ കമ്മിറ്റികളിൽ പൊതുബോധമായി രൂപപ്പെടാത്തതു. സംഘടനയെ നിയന്ത്രിക്കുന്നതിൽ തന്നെ അത്തരത്തിലുള്ള അത്തരം സാമൂഹിക സാഹചര്യങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രാതിനിധ്യം ആനുപാതികമായി കൂടുതലാണ്. അത് ഏറ്റവും താഴെ ലോക്കൽ കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ അങ്ങനെയാണ്. അല്ലായിരുന്നെങ്കിൽ, ഈ ജാതി തെറി വൈകാരികമായി അനുഭവപ്പെടാൻ കഴിയുന്ന സാമൂഹിക സാഹചര്യങ്ങളിൽ നിന്നുള്ളവർ ആ സംഘടനയുടെ നേതൃത്വ നിരയിൽ ആനുപാതികമായി കൂടുതൽ ഉണ്ടായിരുന്നു എങ്കിൽ ഉറപ്പായും ഞാൻ പറയുന്നു വനിതാമതിലിനേക്കാൾ വലിയൊരു രാഷ്ട്രീയ ഇടപെടൽ സിപിഎം എന്ന ഏറ്റവും വലിയ ഒറ്റക്കക്ഷി കേരളത്തിൽ ഈ ജാതി അധിക്ഷേപത്തിനെതിരെയും ജാതി വിവേചനത്തിനെതിരെയും നടത്തുമായിരുന്നു.
എന്നാൽ സംഘടനയോട് ചേർന്ന് നിൽക്കുന്ന ആളുകളുടെ ജനസംഖ്യ അനുപാതത്തിനനുസരിച്ചു അതിന്റെ നേതൃത്വ നിരയിൽ വലിയൊരു ജാതി വിവേചനം നിലനിൽക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. അതുകൊണ്ടാണ് നമ്മളെ മാത്രം ഈ ജാതി അധിക്ഷേപം വ്യക്തിപരമായ ഒരു രാഷ്ട്രീയ പ്രശ്നമായി മാറുന്നതും സംഘടനക്ക് അത് അങ്ങനെ അല്ലാതായി മാറുന്നതും. നേത്ര്ത്വത്തിൽ, അധികാരത്തിൽ എല്ലാം പിന്നോക്കം നിൽക്കുന്ന സാമൂഹിക സാഹചര്യത്തിൽ നിന്നുള്ളവർ ഉണ്ടാകുമ്പോൾ അത്തരം സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വരുന്നവരുടെ പ്രശനങ്ങൾക്ക് കൂടിയാണ് സംഘടനയിലും അധികാരത്തിലും ചർച്ചചെയ്യപ്പെടുന്നതു എന്നത് ഒരു സാമൂഹിക നീതിയുമായി ബന്ധപ്പെട്ട വസ്തുതയാണ്. അതിനു ഞാൻ എന്റെ വ്യക്തിപരമായ ഒരു അനുഭവം പറയാം.
അതായതു എന്റെ സുഹൃത്ത് അജിന്തിന്റെ അച്ഛനാണ് എസ് അജയകുമാർ സർ, സിപിഎം എന്ന പാർട്ടിയുടെ തന്നെ ആലത്തൂർ മണ്ഡലത്തിലെ പാർലമെന്റ് അംഗമായിരുന്ന അദ്ദേഹം ഇപ്പോൾ സംസ്ഥാന പട്ടിക ജാതി കമ്മീഷൻ അംഗമാണ്. അദ്ദേഹം ദളിത് ആണ്. എന്റെ ആദ്യത്തെ അധ്യയന വര്‍ഷത്തിലെ സ്കോളർഷിപ് തൃശൂർ പട്ടികജാതി വികസന ഓഫീസിലെ ഒരു സന്ധ്യ എന്ന ഉദ്യോഗസ്ഥ തടഞ്ഞു വെക്കുകയുണ്ടായി. സ്‌കോളർഷിപ്പിനുള്ള എല്ലാ യോഗ്യതകളും ഉണ്ടായിട്ടും ‘എന്തുകൊണ്ടോ’ ആ ഉദ്യോഗസ്ഥ അതുമായി ബന്ധപെട്ടു ചോദ്യങ്ങൾ ചോദിച്ച എന്നോട് തീർത്തും അധികാര രൂപത്തിൽ ആണ് സംസാരിച്ചത്. സ്കോളർഷിപ് അനുവദിക്കാൻ കഴിയില്ലെന്ന് തീർത്തു പറഞ്ഞു, എന്നാൽ അജിന്തുമായി ബന്ധപ്പെട്ടു അജയകുമാർ സാറിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു.
ഞാൻ കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോൾ ഏതു തരത്തിലായിരിക്കും അവർ എന്നോട് പെരുമാറിയിട്ടുണ്ടാകുക എന്ന് അദ്ദേഹത്തിന് വൈകാരികമായി അനുഭവപ്പെടുകയാണുണ്ടായത്. അത് അദ്ദേഹത്തിന്റെ ദളിത് അനുഭവപരിസരങ്ങളിൽ നിന്ന് അദ്ദേഹത്തിന് ബോധ്യമുള്ള കാര്യമാണ്. എന്നാൽ ഞാൻ ഇത് എം ബി രാജേഷ് എംപി യോടാണ് പറയുന്നതെങ്കിൽ അദ്ദേഹത്തിന് അത് മനസിലാക്കാൻ കഴിയില്ല. കാരണം ജാതി വിവേചനം അയാൾക്ക് ഒരിക്കലും വ്യക്തി ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല. എം ബി രാജേഷ് ഗോവിന്ദാപുരം ദളിത് കോളനിയിൽ ജാതി വിവേചനം ഇല്ലെന്നു ആവർത്തിക്കുന്നത് അയാളുടെ തെറ്റല്ല. അയാൾക്ക് അവിടെ നിലനിൽക്കുന്ന ജാതി വിവേചനം മനസിലാക്കാൻ കഴിയാഞ്ഞിട്ടാണ്. അതയാളുടെ അനുഭവ പരിസരങ്ങളിൽ ഉള്ള ഒന്നല്ല. അയാൾ സവർണ സമുദായങ്കമാണ്.
അജയകുമാർ സർ എന്റെ മുൻപിൽ വെച്ച് തന്നെ ത്രീശൂർ പട്ടികജാതി വികസന ഓഫീസിലേക്ക് വിളിക്കുകയും പരാതി കിട്ടിയിട്ടുണ്ട് സ്കോളർഷിപ് ശരിയാക്കിയില്ലെങ്കിൽ നടപടിയുണ്ടാകും എന്ന് ഗൗരവത്തിൽ സംസാരിക്കുകയും ചെയ്തു. പിന്നീട് ഒരു അപേക്ഷ മാത്രമേ എനിക്ക് നൽകേണ്ടി വന്നുള്ളൂ മുഴുവൻ തുകയും എനിക്ക് സ്കോളർഷിപ് ആയി ലഭ്യമായി എന്നതാണ് വസ്തുത. ഇപ്പോൾ പുതിയ വിഷയം ഉണ്ടായിരിക്കുന്നത് പുതിയ വർഷത്തിൽ 36000 രൂപക്ക് മുകളിൽ സ്കോളർഷിപ് അനുവദിച്ച രേഖയുമായി പണം ക്രെഡിറ്റ് ആകാത്തതിനെക്കുറിച്ചു ചോദിയ്ക്കാൻ ചെന്ന എന്നോട് സൂപ്രണ്ട് മാഡം സന്ധ്യ പറഞ്ഞത് ‘മാർക്ക് ലിസ്റ്റ് കൂടി തന്നാലേ സ്കോളർഷിപ് തരു എന്നാണ് ‘കമ്മീഷനെ ബന്ധപെട്ട് പരാതി നൽകിയ ആളാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ആണ് ‘ഇവനാരെടാ’ എന്ന നിലയിലുള്ള അവരുടെ എന്നോടുള്ള പ്രത്യേക തരത്തിലുള്ള വിവേചനം. മാർക്ക് ലിസ്റ്റിന്റെ ആവശ്യമില്ലെന്നും സാങ്‌ഷൻ ആക്കിയ ക്യാഷ് ക്രെഡിറ്റ് ആക്കിയാൽ മതി”യെന്നും ഞാൻ പറഞ്ഞപ്പോൾ ‘അത് നിങ്ങളല്ല തീരുമാനിക്കുന്നത്, മാർക്ക് ലിസ്റ്റ് ഇവിടെ കൊണ്ടുവന്നു തന്നാലേ സ്കോളർഷിപ് തരുള്ളൂ’ എന്നാണ് ആ മാഡത്തിന്റെ അധീശത്വ ബോധം എനിക്ക് മറുപടി തന്നത്.
കമ്മീഷനുമായി ബന്ധപെട്ടു പരാതിയുമായി പോകുകയാണ് എന്ന് പറഞ്ഞപ്പോൾ പുച്ഛ ഭാവത്തിലെ അവരുടെ നോട്ടം ഇപ്പോഴും എന്റെ മനസിലുണ്ട്. ഈ കാര്യം വീണ്ടും അജയകുമാർ സർനോട് പറഞ്ഞപ്പോൾ ജാതി വിവേചനം ഉണ്ട് എന്ന് കൃത്യമായി അദ്ദേഹത്തിന് മനസിലാകുകയാണ്.
ഇതേവിഷയം ചിലപ്പോൾ ഞാൻ കടകമ്പള്ളിയോടാണ് പറയുന്നതെങ്കിൽ അയാൾക്കും അതിൽ ജാതി വിവേചനം കാണാൻ കഴിയില്ല. കോടിയേരി ബാലകൃഷ്ണന് പോലും മനസിലാക്കാൻ കഴിയില്ല. കാരണം അവർ അങ്ങനെയുള്ള സാമൂഹിക സാഹചര്യങ്ങളിൽ നിന്നല്ല വരുന്നത്. അതുകൊണ്ടുതന്നെ.
പരിയറും പെരുമാൾ എന്ന സിനിമയിൽ നായകനായ യുവാവിനെ തുണയ്ക്കുന്ന ലോ കോളജ് പ്രിൻസിപ്പലിനെ ഓർമയില്ലേ? അത് വൈകാരികമായ അനുഭവപരിസരങ്ങളിൽ നിന്നുള്ള ഒരു മനസിലാക്കലാണ്. ആ പ്രിൻസിപ്പൽ ദളിതനാണ്. അയാൾക്കതു മനസിലാകും. പ്രശ്നബാധിതരുടെ ഒരു ഐക്യപ്പെടലാണത്. അജിന്തിന്റെ അച്ഛൻ അജയകുമാർ സർ ആ പ്രിൻസിപ്പാലിനെപോലെയാണ്. അധികാരത്തിൽ ഇരിക്കുന്ന നമ്മുടെ പ്രതിനിധിയാണ് അദ്ദേഹം.അതുകൊണ്ടാണ് ഞാൻ വീണ്ടും പറയുന്നത് സിപിഎം എന്ന സംഘടനയുടെ നേതൃത്വത്തിൽ ഈ ജാതി വിവേചനം മനസിലാക്കാൻ കഴിയുന്ന നമ്മുടേത് പോലെ ഈ പിന്നോക്ക സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് വരുന്ന ആളുകൾ കൂടുതൽ വരേണ്ടതുണ്ട്. അപ്പോഴേ നമുക്ക് ആ സംവിധാനത്തിൽ നമ്മുടെ പ്രശ്നങ്ങൾക്ക് കൂടുതൽ ചർച്ചക്ക് ശബ്ദം ലഭിക്കൂകയുള്ളു.
ഇനി ഏറ്റവും പ്രധാനപ്പെട്ട ഈ പ്രാതിനിധ്യത്തിന്റെ ഒരു ഫലം പറയാം. ഈ നേരത്തെ പറഞ്ഞ ഉദ്യോഗസ്ഥക്ക് എതിരെ കമ്മീഷൻ നടപടി എടുക്കുകയാണ്. കമ്മീഷൻ അവരെ അത് അറിയിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായി എന്റെ സുഹൃത്തും സഹപാഠിയുമായ ബനീഷക്ക് ആദ്യ വര്ഷം മുതൽ തടഞ്ഞു വച്ച സ്കോളർഷിപ് തുകയുടെ ബാക്കി മുഴുവൻ അനുവദിച്ചെന്ന അറിയിപ്പ് കിട്ടി. ബനീഷയുടെ സ്കോളർഷിപ് തടഞ്ഞു വെച്ച വിഷയവുമായി ബന്ധപ്പെട്ടും ഞാൻ ഇപ്പറഞ്ഞ ഉദ്യോഗസ്ഥയോടു സംസാരിച്ചിരുന്നു. എനിക്ക് ആദ്യ ഗഡുവായി ഒരു 13 ആയിരം രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ആയി. ബാക്കി ജനുവരി 5 നു ശേഷം തീരുമാനം ആകും എന്ന് മര്യാദ പൂർവം അറിയിപ്പ് കിട്ടി.
ഇത് ഒരു ഉദാഹരണം മാത്രമാണ് പിന്നോക്കം നിൽക്കുന്ന ആളുകളുടെ പ്രാധിനിത്യം അധികാര വ്യവസ്ഥയിൽ ഉണ്ടായപ്പോൾ തന്നെയുള്ള ഒരു വ്യക്തിക്കുണ്ടായ ജാതി വിവേചനത്തിൽ നിന്നുള്ള ചെറിയ മാറ്റം.ഇനി നിങ്ങൾ തിരിഞ്ഞു നോക്ക് നമ്മുടെ നാട്ടിൽ നടന്ന ജാതി വിവേചനത്തിന്റെ ഉദാഹരണങ്ങൾ, സിപിഎം എന്ന പാർട്ടി അതിനോട് എടുത്ത നിലപാടുകൾ. ചെങ്ങറയിൽ അനേക കാലം ഭൂമി നിഷേധിക്കപ്പെട്ട ദലിതുകൾ ഒരു രാഷ്ട്രീയ ശക്‌തയായി ഹാരിസൺ മലയാളം പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമി പിടിച്ചടക്കിയപ്പോൾ അതിനെതിരെ, ആ ഭൂരഹിതരായ ദരിദ്രർക്കെതിരെ സിപിഎം ഉപരോധം സംഘടിപ്പിക്കുകയാണ് ചെയ്തത്. അരിപ്പ ഭൂസമരത്തിലും അത് തന്നെയാണ് സിപിഎം ചെയ്തത്. ഗോവിന്ദപുരത്തു അതെ ദളിതുകൾക്ക് നേരെയാണ് സിപിഎം നിലനില്കുന്നതു. ചിത്രലേഖ ആക്രമിക്കപ്പെടുന്നത് സിപിഎം എന്ന പാർട്ടി സംവിധാനം കൊണ്ടാണ്. എം ജി യൂണിവേഴ്സിറ്റിയിൽ ജാതി വിവേചനത്തിന് എതിരെ പരാതി നൽകിയതിന് സംഘടിതമായി ആക്രമിക്കപ്പെട്ട ദീപ പി മോഹനൻ എന്ന ദളിത് ഗവേഷക, ഇന്നലെ കോട്ടയത്ത് ദളിത് ക്രൈസ്തവരുടെ കരോളിന് നേരെ ഉണ്ടായ ഡിവൈഎഫ്ഐ എന്ന സംഘടനയുടെ ആക്രമണം അങ്ങനെ എത്ര ഉദാഹരണങ്ങൾ? എപ്പോഴും സിപിഎം ന്റെ എതിര്വശത്തു തീർത്തും പിന്നോക്ക സാഹചര്യത്തിൽ നിന്ന് വരുന്ന ദലിതുകൾ ആണ്.
ഇതിന്റെ കാരണം സിപിഎം എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇതേ പിന്നോക്ക സാഹചര്യത്തിൽ നിന്നുമുള്ള ആളുകളുടെ പ്രാതിനിധ്യം വളരെ കുറവാണ് എന്നതാണ്. അതുകൊണ്ട് മാത്രമാണ് ആ സമൂഹത്തിലുള്ള ആളുകളുടെ പ്രശ്നങ്ങൾ സംഘടനക്ക് മനസിലാകാത്തത്. അത് ആ സംഘടനയുടെ പ്രശ്നമല്ല മറിച്ച് ജാതി വ്യവസ്ഥിതിയുടെ ശക്തിയാണ്. പക്ഷെ ഇനിയും ഇപ്പോഴും അന്തർലീനമായി കിടക്കുന്ന ജാതിയെ നമ്മൾ പിന്നോക്ക ജനത തിരിച്ചറിഞ്ഞില്ലെങ്കിൽ അതിനെ അഡ്രസ് ചെയ്തില്ലെങ്കിൽ ആ സംഘടനയിലെ പ്രാതിനിധ്യം ചർച്ച ചെയ്തില്ലെങ്കിൽ നമുക്ക് മാത്രമായിരിക്കും വ്യക്തിപരമായി നഷ്ടം. നമ്മൾ മാത്രമായിരിക്കും ജാതി എന്ന സാമൂഹിക വിപത്തിനെ തിരിച്ചറിയുക, സംഘടനാപരമായി അങ്ങനെ ഒരു മനസിലാക്കൽ ഉണ്ടാകില്ല.. ഇത് സംഘടനയിൽ മാത്രമുള്ളവരെ ബാധിക്കുന്ന വിഷയമല്ല മറിച്ച് ഏറ്റവും ശക്തമായ രാഷ്ട്രീയ കക്ഷി എന്ന നിലക്ക് സംഘടനക്ക് പുറത്തു നിൽക്കുന്ന പിന്നോക്ക ജനതയെ കൂടി ഈ പ്രശ്നം അപകടത്തിലാക്കും. അവരുടെ പ്രശ്നങ്ങളെ സംഘടനക്ക് മനസിലാക്കാൻ കഴിയുകയുമില്ല സ്വാഭാവികമായി സംഘടനാ അവരെ ശത്രുപക്ഷത്തു നിർത്തുകയും ചെയ്യും. അധികാരം പാർട്ടിയിൽ കേന്ദ്രീകരിക്കുന്നതുകൊണ്ടും പാർട്ടി ദുർബല ജനവിഭാങ്ങളെക്കാൾ ശക്തമായ ഒരു സംവിധാനമായതുകൊണ്ടും ആക്രമണത്തിൽ എതിർവശത്തുള്ളവർ തകർന്നു പോകുകയും ചെയ്യും. അത് നമ്മൾ
മുൻപ് പറഞ്ഞ സ്ഥലത്തൊക്കെ കണ്ടതാണ്. നമുക്ക് വേണ്ട പ്രധിനിധ്യം ആ സംഘടനയിൽ ഇല്ലാത്തതുകൊണ്ടാണ് ഇത്തരം സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാകുന്നതു. ഈ സമൂഹത്തിന്റെ ഗുണപരമായ മാറ്റത്തെ തന്നെയായിരിക്കും അങ്ങനെ ഈ പ്രശ്നം അപകടത്തിലാക്കുക. ഇങ്ങനെയുള്ള വസ്തുതകൾ പറയുമ്പോൾ ചിലപ്പോൾ ഹരിശങ്കർ കർത്തയും ഹാഫിസ് മുഹമ്മദും ഷഫീക് സൽമാനും മുതൽ റഫീക്ക് ഇബ്രാഹിമും വരെയുള്ളവരെപ്പോലുള്ള നവ ബുദ്ധിജീവികൾ എംപിരിക്കലായി ഇതെല്ലാം തെറ്റാണെന്നു വാദിച്ചു നിങ്ങളെ പാർട്ടി ലൈനിലേക്ക് കൊണ്ടുവന്നേക്കാം, കാരണം അവർക്കും ഇത് ബോധ്യപ്പെട്ടിട്ടില്ല. അവര്ക്കും ഇത് മനസിലാക്കാൻ സാധിക്കാത്തതു അവരുടെ മുന്നോക്ക സാമൂഹിക സാഹചര്യം കൊണ്ട് മാത്രമാണ്.അവരെ തെറ്റു പറയാൻ ആകില്ല. ഇനി അവർ അങ്ങനെ തിരുത്താൻ ശ്രമിച്ചിട്ട് നിങ്ങൾക്ക് അതാണ് ശരി എന്ന് തോന്നുന്നെങ്കിൽ ഇനിയും പൊതിച്ചോർ വിതരണവും, രക്തദാന ക്യാമ്പുകളും, ക്രിക്കറ്റ്, ഫുട്ബാൾ ക്യാമ്പുകളുമായി നിങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്വം മുന്നോട്ട് കൊണ്ട് പോകാനേ ഞാൻ പറയൂ. സംഘടനയുടെ അടിത്തട്ടാണ് ചോരുന്നതെന്നു ഈ മുന്നോക്കക്കാർ നിയന്ത്രിക്കുന്ന ഈ സംഘടനക്ക് മനസിലാക്കാൻ അല്പം കഴിഞ്ഞേ സാധിക്കൂ. നിങ്ങൾ ആണത് ബോധ്യപ്പെടുത്തേണ്ടത് എന്ന് മറക്കണ്ട.