പ്രിയ മുഖ്യമന്ത്രീ കേരളം മാതൃകാ ഭിന്നശേഷി സംസ്ഥാനമാകുന്നതിന് തടസ്സമായി ഒരു ഉത്തരവുണ്ട്
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
എന്റെ പേര് ഫിറോസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആണ്. മലപ്പുറം പൊന്നാനി കോഓപ്പറേറ്റീവ് ബാങ്കിൽ അറ്റൻഡർ ആയി ജോലി ചെയ്യുന്നു. ഞാനൊരു ഭിന്നശേഷിക്കാരനാണ്. കഴിഞ്ഞ അഞ്ചു വർഷമായി പൊതുരാഷ്ട്രീയ പ്രവർത്തനത്തിനു പുറമേ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ജനാധിപത്യപരമായി പ്രവർത്തിക്കുന്നു.
ഇന്ന് ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട അങ്ങേയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. നമ്മുടെ സംസ്ഥാനത്തെ ഒരു മാതൃകാ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കൽ സർക്കാരിന്റെ ലക്ഷ്യമാണെന്ന് താങ്കൾ പറഞ്ഞത് എന്നെ പോലെയുള്ളവർക്ക് പകരുന്ന ഊർജ്ജം ചെറുതല്ല. ഓട്ടിസം ഉള്ളവരെയും ഭിന്നശേഷിക്കാരെയും മുഖ്യധാരയിലേക്ക് കൊണ്ടു വരുവാൻ സർക്കാർ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതും അതു നവമാധ്യമങ്ങളിലൂടെ ജനങ്ങളുമായി പങ്കുവെക്കുന്നതും ഏറെ സന്തോഷകരമാണ്.
എന്റെ കഴിഞ്ഞകാല എളിയ പ്രവർത്തനങ്ങൾക്കിടയിൽ ഭിന്നശേഷിക്കാരുടെ ജീവിതവുമായി ബന്ധപ്പട്ട് ഞാൻ നടത്തിയ, ഇനിയും സർക്കാരിന്റെ പരിഗണന കിട്ടാത്ത ചില ജനാധിപത്യസമരങ്ങൾ കൂടി ഈ വികലാംഗ ദിനത്തിൽ അങ്ങയുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധക്ഷണിച്ചുകൊണ്ട് ഞാനിവിടെ കുറിക്കുകയാണ്.അതിന് വേണ്ടിയാണ് ഈ തുറന്ന കത്ത്.
ഭിന്നശേഷിക്കാർക്ക് റെയിൽവേയാത്രകൂലി ഇളവ് അടക്കമുള്ള പലവിധ അവകാശങ്ങൾക്കായി ആവശ്യമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുവാൻ ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടർമാർക്ക് നിയമപരമായി ആവശ്യക്കാരന്റെ പക്കൽ നിന്നും ഫീസ് ഇടാക്കാവുന്നതാണ്. ഇങ്ങനെ ഒരു മനുഷ്യത്വ വിരുദ്ധമായ ഉത്തരവ് നിലനിൽക്കുന്നതായി എനിക്ക് അറിയില്ലായിരുന്നു. ഇതറിയാതെ 2011ഡിസംബർ മാസം പൊന്നാനി താലൂക്ക് ഹോസ്പിറ്റലിൽ ഓർത്തോ വിഭാഗം ഡോക്ടർ അബ്ദുള്ള പൂക്കോടൻ ഡോക്ടറേ ഞാൻ സമീപിച്ചു. ഞാൻ ഭിന്നശേഷിക്കാരനാണെന്ന് സർട്ടിഫിക്കറ്റ് നൽകാൻ അദ്ദേഹം എന്നോട് പണം ആവശ്യപ്പെട്ടു. ഒറ്റ നോട്ടത്തിൽ ഭിന്നശേഷിക്കാരനാണെന്ന് തിരിച്ചറിയുന്ന ഞാൻ അതു തെളിയിക്കാൻ പണം തരില്ലെന്ന് പറഞ്ഞു. ഞങ്ങൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായി.എന്നാൽ ഒരിക്കൽ പോലും അത് നിയമം ആണെന്ന് എന്നെ ബോധ്യപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചില്ല. അതറിയുമായിരുന്നെങ്കിൽ അദ്ദേഹത്തോട് ഞാൻ തർക്കത്തിന് മുതിരുമായിരുന്നില്ല. ഡോക്ടർ പോലീസിനെ വിളിക്കുകയും ഞാൻ അദ്ദേഹത്തിന്റെ കോളറിൽ പിടിച്ചു മുഖത്തടിച്ചു, കൃത്യനിർവഹണം തടസപ്പെടുത്തി എന്നൊക്കെ പരാതിപ്പെടുകയാണ് ഉണ്ടായത്. തുടർന്ന് ഞാൻ അറസ്റ്റ് ചെയ്യപ്പെടുകയും പിറ്റേന്ന് രണ്ടു ദിവസവും കോടതി അവധിആയതു കൊണ്ട് പോലീസ് സ്റ്റേഷനിൽ തടവിലാക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ വെച്ച് അന്നത്തെ അഡീഷണൽ എസ് ഐ മോഹനൻ സർ എന്നെ തീവ്രവാദി എന്നു വിളിക്കുകയും ആ രണ്ടു ദിവസവും എന്നെ മാനസികമായി ഒരുപാട് പീഡിപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ എനിക്ക് രണ്ടു കൈപ്പത്തിയും ഇല്ലാത്തത് കൊണ്ട് എനിക്ക് സ്വന്തമായി ഒരു തോർത്ത് പിഴിയാൻ പോലുമാകില്ലെന്നും ഡോക്ടറെ കോളറിൽ പിടിച്ചു മുഖത്തടിച്ചു എന്ന പരാതി വ്യാജമാണെന്നും കോടതിക്ക് സ്വയം ബോധ്യം വന്നു എന്നെ വിട്ടയക്കുകയുമാണ് ഉണ്ടായത്. വേണമെങ്കിൽ എനിക്ക് ഡോക്ടർക്കെതിരെ മലേഷ്യസ് പ്രോസിക്യൂഷ്യസ് ഫയൽ ചെയ്യാമായിരുന്നു. അതു ഞാൻ ചെയ്യാതിരുന്നത് അദ്ദേഹം തുടർന്ന് അദ്ദേഹത്തിന്റെ മുൻപിൽ എത്തുന്ന ഭിന്നശേഷിക്കാരോട് അനുതാപപൂർവ്വം പെരുമാറുവാനുള്ള ഒരു സ്വയം വിശകലനത്തിന് മുതിരട്ടെ എന്നു കരുതിയാണ്. അഡീഷണൽ എസ് ഐ ക്കെ തിരെ ഞാൻ അന്ന് ഡി ജി പി ആയിരുന്ന സെൻകുമാർ സാറിനു പരാതി കൊടുക്കുകയും പിന്നീട് ആ ഉദ്യോഗസ്ഥന്റെ റിട്ടയർമെന്റിന്റെ സമയത്തു ഞാൻ ആ പരാതി പിൻ വലിക്കുകയുമായിരുന്നു. ഏങ്കിലും ഈ അനുഭവങ്ങൾ തുറന്നെഴുതുന്നത് നമ്മുടെ ഗവണ്മെന്റ് സംവിധാനങ്ങളിൽ നിന്നും പലപ്പോഴും ഒരു ഭിന്നശേഷിക്കാരനായ ഞാൻ ദൗർഭാഗ്യകരമായ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു എന്ന് ഈ ഭിന്നശേഷി ദിനത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും ഇതു വായിക്കുന്ന മറ്റുള്ളവരെയും വിനീതമായി ഓർമപ്പെടുത്തുവാൻ മാത്രമാണ്.
എനിക്കങ്ങയേ ബോധിപ്പിക്കാനുള്ള ഏറ്റവും ദൗര്ഭാഗ്യകരമായ കാര്യം മേൽപറഞ്ഞ ഉത്തരവ് ഇന്നും നിലനിൽക്കുന്നു എന്നതാണ്. ഭിന്നശേഷിക്കാർക്ക് കിട്ടേണ്ട ഏല്ലാ സർക്കാർ പരിരക്ഷകളും പൂർണമായും സൗജന്യമായി നേടുവാൻ എന്നേ പോലുള്ളവർക്ക് അവകാശമുണ്ട്. എന്നാൽ ഈ വിധി ഞങ്ങളുടെ മേലുള്ള അനീതിയാണ്. ഈ വിധിയുടെ പരിധിയിൽ നിന്നും ഭിന്നശേഷിക്കാർ , ഓട്ടിസം ബാധിച്ചവർ, എൻഡോസൾഫാൻ ബാധിതർ, വാർധക്യപെന്ഷന് അപേക്ഷിക്കുന്നവർ, കിടപ്പുരോഗികൾ എന്നിവരെ ഒഴിവാക്കണമെന്ന് അപേക്ഷിച്ച് കഴിഞ്ഞ മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കം ഒരുപാട് മന്ത്രിമാരെയും ജസ്റ്റിസ് വി. ആർ കൃഷ്ണയ്യരെയും ഞാൻ സമീപിക്കുകയുണ്ടായി. എന്നാൽ ഇതു വരെ നടപടികൾ ഉണ്ടാകാതെ ആ ഉത്തരവ് നിലനിൽക്കുകയാണ്. ഒന്നാമതായി ഈ ഭിന്നശേഷി ദിനത്തിൽ മേല്പറഞ്ഞ ഉത്തരവിലേക്ക് അങ്ങേയുടെ ശ്രദ്ധ ഞാൻ ക്ഷണിക്കുകയാണ്.
2, ഇന്ന് പല ആവശ്യങ്ങൾക്കുമായി ഭിന്നശേഷിക്കാർക്ക് ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടി വരുന്നുണ്ടല്ലോ. എന്നാൽ നമ്മുടെ സ്വകാര്യ ബസ്സുകളിൽ വികലാംഗർക്ക് യാത്രാ ആനുകൂല്യം 40 കിലോമീറ്റർ വരെ മാത്രമാണ്. അനൂകൂല്യത്തിന് ദൂരപരിധി വെക്കുന്നത് ആനുകൂല്യത്തിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ഇല്ലാതാക്കുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊന്ന് നമ്മുടെ നിരത്തുകളിൽ ആകെ ഡിസേബിൾ ഫ്രണ്ട്‌ലി ആയിട്ടുള്ള ബസുകൾ സൂപ്പർ ഫാസ്റ്റ് ജെൻഡ്രം കെ.എസ് ആർ.ടി.സി ലോ ഫ്ലോർ ബസുകളാണ്. അവയിലാകട്ടെ യാത്രാ ഇളവോ ഭിന്നശേഷിക്കാർക്ക് പ്രത്യേക സീറ്റോ ഇല്ല. ഈ അവഗണന ചൂണ്ടിക്കാട്ടി ഞാൻ കഴിഞ്ഞ ഗവണ്മെന്റിനെ സമീപിക്കുകയും നടപടി ഉണ്ടാകാതെ ആയപ്പോൾ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പരാതി ക്കാരനെ കേൾക്കണം എന്ന് കോടതി സർക്കാരിനോട് നിർദേശിക്കുകയും തുടർന്ന് സാമൂഹിക നീതി വകുപ്പ് ഡയരക്ടർ ബഹുമാനപ്പെട്ട മിനി ആന്റണി ഐ. എ. എസ് എന്നെ ഹിയറിങ്ങിനു വിളിപ്പിക്കുകയും ഞാൻ എന്റെ പരാതികൾ ബോധിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിലും ഇന്നോളം നടപടികൾ ഉണ്ടായിട്ടില്ല. വികലാംഗരേ മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരുന്നതിന് സർക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യാവുന്ന ഏറ്റവും പ്രാഥമികമായ കാര്യം ഈ യാത്രയുമായി ബന്ധപ്പെട്ട അവകാശങ്ങൾക്കൊപ്പം നിൽക്കലാണ്. കാരണം യാത്ര ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടുന്ന സമൂഹമാണ് ഞങ്ങളുടേത്. അതു കൂടി ഈ ഭിന്നശേഷി ദിനത്തിൽ അങ്ങയുടെ പരിഗണനയിൽ ഉണ്ടാകണം.
മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും ഞങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട കാര്യമാണ്. നമ്മുടെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കെട്ടിടങ്ങളിലെ കടമുറികളിൽ മൂന്നു ശതമാനമാണ് ഭിന്നശേഷിക്കാർക്ക് സംവരണമുള്ളത്. ഇതാകട്ടെ ലേലം വഴിയാണ് കൊടുക്കുന്നത്. ഞാൻ ഇപ്പോഴുള്ള ജോലി കിട്ടുന്നതിന് മുൻപ് ആലംകോട് പഞ്ചായത്തിലെ ഒരു കെട്ടിടത്തിൽ , സ്വന്തമായി ഒരു ചെറിയ കച്ചവടം തുടങ്ങുവാനായി കടമുറികിട്ടുവാൻ ശ്രമിച്ചിരുന്നു. എന്നാൽ എനിക്ക് വമ്പിച്ച തുക ലേലത്തിൽ കടമുറി നേടാനായില്ല. എന്റെ അനുഭവത്തിൽ ഭിന്നശേഷിക്കാർക്കുള്ള കടമുറി ലേലത്തിൽ പിടിക്കുന്നത് ബിനാമികളെ വെച്ചു മറ്റു പലരുമാണ്. ഇതൊഴിവാക്കാൻ ലേലം ഒഴിവാക്കി നറുക്കെടുപ്പിലൂടെയോ കൂടുതൽ അവശത അനുഭവിക്കുന്നവർക്കോ സൗജന്യമായി നൽകണം എന്നാണ് എന്റെ അപേക്ഷ. മാത്രമല്ല കടമുറികളിൽ കൂടുതൽ സംവരണം ഏർപ്പെടുത്തി കുറഞ്ഞ വാടകയ്ക്ക് വികലാംഗർക്ക് കൊടുക്കുകയും കെ.എസ്.ആർ.ടി.സി അടക്കമുള്ള സർക്കാർ കെട്ടിടങ്ങളിൽ ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ചെയ്യാൻ കൂടുതൽ കടമുറികൾ അനുവദിക്കുകയും ചെയ്യാം. കാരണം അവർക്ക് മറ്റു തൊഴിലുകൾ കണ്ടെത്താനോ ഒരു തൊഴിൽ തുടങ്ങാനോ കടമുറി എടുക്കാനോ വേണ്ട പ്രാഥമിക മൂലധനം സ്വരുക്കൂട്ടാനോ പ്രയാസമായിരിക്കും. മേല്പറഞ്ഞ പ്രകാരം ലേലമില്ലാതെ കടമുറികൾ അനുവദിക്കാനായാൽ ഒരുപാട് പേർക്ക് തൊഴിൽ കിട്ടുകയും അവരുടെ കുടുംബം കഴിഞ്ഞുപോകുകയും അവരുടെ കുട്ടികൾ വിദ്യാഭ്യാസം നേടുകയും ചെയ്യും. ഈ വിഷയത്തിലും ഞാൻ പരാതിയുമായി സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ മേല്പറഞ്ഞ വിഷയങ്ങളെ പോലെ തന്നെ അവഗണിക്കപ്പെടുകയാണുണ്ടായത്.
ഭിന്നശേഷിക്കാരുടെ ഇത്തരം ഏറ്റവും അടിസ്ഥാന പരമായ ജീവിതാവശ്യങ്ങളിലേക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കാനാണ് ഈ ഭിന്നശേഷി ദിനത്തിൽ ഞാൻ ആഗ്രഹിക്കുന്നത്. അങ്ങു എഴുതിയത് പോലെ നമ്മുടെ കേരളം ഒരു മാതൃകാ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറട്ടെ. ഈയുള്ളവന്റെ ജീവിതത്തിൽ നിന്നും ഉൾകൊണ്ട വിനീതമായ നിർദേശങ്ങൾ അതിനു കരുത്തതായെങ്കിൽ.. ആ സ്വപ്നത്തിലേക്കായി രാഷ്ട്രീയബേധമന്യേ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ.
വിശ്വസ്ഥൻ
ഫിറോസ്