ബ്രാഹ്മണ്യാചാരത്തിനായ് ഈ വിധിയെ നിരാകരിച്ചാൽ ചരിത്രം ഈ തലമുറയ്ക്ക് മാപ്പ് തരില്ല

By on

അറേബ്യയിൽ ഒരു നവീനമ തമായ് ഇസ്ലാം ആവിർഭവിച്ചപ്പോൾ ആരാധന നിർവ്വഹിക്കാൻ അഞ്ചു നേരം പള്ളിയിൽ പോയി സാമൂഹികമായ് നമസ്കരിക്കുക എന്നായിരുന്നു നിഷ്കർഷിക്കപ്പെട്ടത്. അതിൽ സ്ത്രീ പുരുഷ വിവേചനം ഉണ്ടായിരുന്നില്ല. എന്നാൽ.കൊച്ചു കുട്ടികൾ ഉള്ള സ്ത്രീകൾ പ്രായോഗിക ബുദ്ധിമു ട്ടുകൾ അവതരിപ്പിച്ചപ്പോൾ അങ്ങനെയുള്ളവർക്ക് വീടുകളിൽ നിർവ്വഹിച്ചാൽ കൂടുതൽ ഉത്തമമാണെന്നു പ്രവാചകൻ ഇളവു നൽകി. വരും കാലത്തെ മുൻ കൂട്ടിക്കണ്ട് പ്രവാചകൻ ഇത്ര കൂടി പറഞ്ഞു. ‘സ്ത്രീകൾ പള്ളികളിൽ നിസ്കരിക്കാൻ ആഗ്രഹിച്ചാൽ നിങ്ങൾ അവരെ തടയരുത്.’

ലോകത്തെങ്ങുമുള്ള പള്ളികളിൽ മുസ്ലിം സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ടെങ്കിലും ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ചില വിഭാഗം പള്ളികൾ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നില്ല .പള്ളികൾ സ്വകാര്യ വ്യക്തികളുടെയോ ട്രസ്റ്റിന്റെയോ ഉടമയിലുള്ളതാകയാൽ അവിടെ ആരു കയറണം, വേണ്ട എന്ന് തീരുമാനിക്കാൻ തങ്ങൾക്കാണധികാരം എന്നു വാദിക്കപ്പെട്ടേക്കാം.എന്നാൽ ഒരു കെട്ടിടം ‘പള്ളി’ എന്ന പേരിൽ സമൂഹത്തിനു മുന്നിൽ വയ്ക്കുമ്പോൾ തീർച്ചയായും അതു പ്രവാചക വചനങ്ങളോട് നീതി പുലർത്തിയില്ലെങ്കിൽ അത് കപടതയാവും.

‘ശബരിമലയിൽ പോകാൻ സ്ത്രീകൾ ആഗ്രഹിച്ചാൽ അവരെ തടയരുത് എന്ന സുപ്രീം കോടതി വിധിക്കു പ്രവാചകന്റെ നിർദ്ദേശവുമായ് അത്ഭുതകരമായ സമാനതയുണ്ട്.അതിനെക്കാൾ സമാനതകളുണ്ട് മുസ്ലിം തീർത്ഥാടനമായ ഹജ്ജിനും ശബരിമലതീർത്ഥാടനത്തിനും തമ്മിൽ. ഹജ്ജ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിശ്വാസികൾ ഒത്തു കൂടുന്ന ഇടം..സമാനാമായ വ്രതനിഷ്ടകൾ, ബ്രഹ്മചര്യം, പഞ്ചേന്ദ്രിയങ്ങളെ അടക്കൽ, ശുദ്ധിമര്യാദകൾ, മാലയിടൽ പോലെ ഇഹ്രാം കെട്ടി തീർത്ഥാടനത്തിൽ പ്രവേശിക്കൽ, ശരണം വിളി പോലെ യാത്രികർ ഉയർത്തുന്ന ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക് എന്ന പ്രാർത്ഥന… ഇത്തരത്തിൽ വളരെ ഉപരിപ്ലവമായി കാണപ്പെടുന്ന പൊതുവായ ആചാരങ്ങൾ അല്ല മറിച്ച് രണ്ട് കേന്ദ്രങ്ങളുടെയും ആന്തരിക ഘടനയിൽ ഉള്ള ഐക്യഭാവമാണു ഏറെ ശ്രദ്ധേയം.

അധ:കൃതരായ രണ്ട് പെണ്ണിടങ്ങളാണു മക്കയും ശബരി മലയും.മെസപ്പൊട്ടേമിയൻ സംസ്കാരത്തിന്റെ, അബ്രഹാം യുഗത്തിൽ ,വരേണ്യനാഗരികത പുറത്താക്കിയ ആഫ്രിക്കൻ അടിമയായിരുന്ന ഹാജിറയുടെ ഭവനമാണു ഹജ്ജിന്റെ കേന്ദ്രമെങ്കിൽ ആദി കാവ്യമായ രാമായണത്തിൽ തന്നെ പ്രതി പാദിക്കപ്പെട്ട ശബരി എന്ന ദ്രാവിഡസ്ത്രീയുടെ വാസസ്ഥലമാണു ശബരിമല. രണ്ട് പേരും തിരഞ്ഞെടുക്കപ്പെട്ട സ്ത്രീ രത്നങ്ങളാണെന്നു കാലം തെളിയിച്ച് കൊണ്ടിരിക്കുന്നു.

മറ്റൊന്ന്, പുറത്താക്കപ്പെട്ട രണ്ട് ബാലന്മാരുടെ സമാനചരിത്രമാണു. തനിക്ക് ശേഷം വരേണ്യരക്തത്തിൽ ജനിച്ച അനുജനു പിന്തുടർച്ചാവകാശം ലഭിക്കുവാൻ വേണ്ടി മരുഭൂമി യലേക്കും ബലിക്കല്ലിലേക്കും നയിക്കപ്പെട്ട ഇസ്മയിൽ.. രാജരക്തത്തിനു അനന്തരാവകാശം ലഭിക്കുവാനായ് കൊടും കാട്ടിലേക്കും പുലിക്കൂട്ടിലേക്കും നയിക്കപ്പെട്ട അയ്യപ്പൻ! ജൂദായിൽ നിന്നു ചെങ്കോൽ അതിന്റെ ഉടമസ്ഥനു നൽകപ്പെടും എന്ന ബൈബിൾ വാക്യം പോലെ സെമിറ്റിക് പാരമ്പര്യത്തിലെ അന്ത്യപ്രവാചക സ്ഥാനം ഇസ്മായീല്യനായ മുഹമ്മദിൽ എത്തിച്ചേർന്നു.തങ്ങൾ നിഷേധിച്ച തങ്ക അങ്കിയുമായ് രാജകുടുംബം എല്ലാ വർഷവും അയ്യപ്പനരികിൽ എത്തുന്നുവെങ്കിലും രാജവാഴ്ച അവസാനിച്ചിരിക്കുന്നു. അയ്യപ്പൻ ഭക്തഹൃദയങ്ങളിൽ തന്റെ ചെങ്കോൽ ഉറപ്പിച്ചിരിക്കുന്നു!

ശുദ്ധിയുടെ കാര്യത്തിൽ ആർത്തവരക്തം പോലെ തന്നെ മറ്റു തരത്തിലുള്ള രക്തവും ശരീര സ്രവങ്ങളും ടാർ കീൽ പെയിന്റ് മുതലായ വാട്ടർ പെർമ്മിസ്സിബിൾ അല്ലാത്ത വസ്തുക്കൾ ത്വക്കിലുണ്ടാവുന്നും മാതാപിതാക്കൾ മക്കൾ സഹോദരങ്ങൾ എന്നിവർ ഒഴികെയുള്ള എല്ലാ സ്ത്രീപുരുഷ സ്പർശവും അശുദ്ധിയാണു ഇസ്ലാമിക ആരാധനകളിൽ.കുറ്റമറ്റ ശുചിത്വ സംവിധാനങ്ങളൊരുക്കി ശുദ്ധി നിബന്ധനകൾ പാലിക്കാൻ സൗകര്യമുള്ളപ്പോൾ തന്നെ ഹജ്ജ് തീർത്ഥാടനം എന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിൽ സ്ത്രീ പുരുഷ സ്പർശം ഒഴിവാക്കുക എന്നത് സ്വാഭാവികമായും ബുദ്ധിമുട്ടായിരുന്നു.ഹജ്ജ് കർമ്മം ഈ പ്രയാസത്തെ മറികടക്കുന്നത് വളരെ യുക്തി ഭദ്രമായാണു!

മനുഷ്യരാശി മക്കയിൽ ഒത്തു കൂടുന്നത് ‘ആദം’ എന്ന പിതാവിന്റെയും ‘ഹവ്വ’ എന്ന മാതാവിന്റെയും മക്കളായാണെന്നതനിനാൽ എല്ലാ മനുഷ്യരും സഹോദരങ്ങളാണെന്ന താണാ മനോഹര യുക്തി ! സഹോദങ്ങളുടെ സ്പർശം അശുദ്ധമാവില്ല! ഒരു നിയന്ത്രണം അക്ഷരാർഥത്തിൽ മനുഷ്യ സാഹോദത്തിന്റെ അനുഭവമായ് പരാവർത്തനം ചെയ്തു കൊണ്ടാണ്, അല്ലാതെ സ്ത്രീസാന്നിധ്യം ഒഴിവാക്കിക്കൊണ്ടായിരുന്നില്ല. സ്പർശം പോലും അസാധ്യമായ ഇസ്ലാമികതീർത്ഥാടനത്തിലെ ബ്രഹ്മചര്യ നിഷ്ടയെ മക്കയിൽ ഉൾക്കൊണ്ടിരിക്കുന്നത്.

അടുത്തുള്ള പള്ളിയിൽ പോയി നിസ്കരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്കുണ്ടായിക്കെ ഹജ്ജിൽ ആ ചോയിസിനു അവസരമില്ല. അറേബ്യയിലെയും ന്യൂയോർക്കിലെ യും സൈബീരയിലെയും ഇങ്ങെന്റെ കൊച്ച് കേരളത്തിലെ ഏതോ ഓണാട്ട് കരയിലെയും ‘ എല്ലാ തരം ഫെമിനിസ്റ്റുകളും’ ഒരു പോലെ അനിവാര്യമായും നിർവ്വഹിക്കേണ്ട യാത്രയാണു ഹജ്ജ്. അങ്ങനെ ഒരു യാത്രയുടെ ഒടുക്കം, തീരത്തടുത്ത കപ്പലിലെ മുന്നൂറിലധികം സ്ത്രീകകളെയാണു താൻ കണ്ടുപിടിച്ച കപ്പൽ മാർഗ്ഗത്തിലൂടെ കേരള തീരത്തിലേക്കുള്ള കച്ചവട യാത്രയിൽ വാസ്ക്കോഡിഗാമ നിഷ്കരുണം കൊന്നു തള്ളിയത്. (ആ സ്ത്രീകൾ തങ്ങളുടെ ജീവനു പകരം നൽകിയ സ്വർണ്ണാഭരണങ്ങൾ ഉരുക്കിയാണു അധിനിവേശത്തെ ചെറുത്ത് തോൽപ്പിക്കാനുള്ള ആദ്യത്തെ ഉറുമി തീർത്തതെന്നാണ് മലയാള ചലചിത്രം ‘ഉറുമിയിൽ ‘ നമ്മൾ കണ്ടത്.)

ആയിരത്തറുന്നൂറു വർഷങ്ങൾക്കു മുൻപ് കൊളംബസ് 1492 വിൽ അമേരിക്ക കണ്ട് പിടിക്കുന്നതിനും,1498 ഇൽ വാസ്കോദെ​ഗാമ കോഴിക്കോട് കപ്പലിറങ്ങും മുമ്പ് 1893 യിൽ ആചാരങ്ങൾ ലംഘിച്ച് ഗാന്ധിജി കടൽ കടന്ന് ദക്ഷിണാഫ്രിക്കയിലെ ത്തുന്നതിനും മുൻപ്.തുടങ്ങിയ ആ ഫെമിനിസ്റ്റ് യാത്രകൾ.. അന്നെത്രമേൽ അപകടകരമായിരുന്നിരിക്കില്ല! സുരക്ഷയുടെ ഭാഗമായ് ഹജ്ജ് യാത്രയിൽ സ്ത്രീകൾ നേരിട്ടിരുന്ന ഒരു നിബന്ധന ഉണ്ടായിരുന്നു.സ്ത്രീകൾക്കൊറ്റയ്ക്ക് പോകാനാകില്ല. ഒപ്പം സഹോദരൻ , മകൻ ,പിതാവു, ഭർത്താവ് ഇവരിൽ ആരെങ്കിലും ഒപ്പമുണ്ടാവണം അഥവാ ബാഡ് ടച്ചിനു സാധ്യത ഇല്ലാത്ത പുരുഷനോടൊപ്പം ആവണം ആയിരം കാതമകലേയ്ക്കുള്ള ദീർഘയാത്ര! എന്നാൽ കർശനമായ ഈ നിയമത്തിനാണു കഴിഞ്ഞ വർഷം സൗദി ഭരണകൂടം ഇളവേർപ്പെടുത്തിയത്. ഇനി മേൽ സ്ത്രീകളുടെ ഗ്രൂപ്പുകൾക്ക് പുരുഷസാന്നിധ്യം ഇല്ലാതെ തന്നെ ഹജ്ജിനെത്താം എന്നൊരു നിയമം നിലവിൽ വന്നു.(ഇനി മുതൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഹജ്ജിനു പോകാം പ്രധാനമന്ത്രിക്ക് നന്ദി എന്നൊരു പരസ്യം നമ്മൾ കണ്ടിട്ടില്ലേ ?സൗദി ഭരണകൂടത്തിന്‍റെ ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ആണത്!)

‘സൗദി യാണു രാജ്യം ശരിയത്താണു കോടതി ‘ നിയമം മാറ്റാൻ പറ്റില്ല എന്ന മട്ടിൽ ഒരിടപെടൽ ലോകത്തെങ്ങും അതിന്റെ പേരിൽ ഉണ്ടായില്ല. കാരണം അതാതു കാലത്ത് കാര്യങ്ങൾ കൃത്യമായ് നടപ്പാക്കാൻ ഉണ്ടാക്കുന്ന നിയമങ്ങളെയാണു ‘ആചാരങ്ങൾ’ എന്നു വിളിച്ചിരിക്കുക. അതാതു കാലത്ത് പാലിക്കേണ്ട ചര്യകൾ. കാലത്തിനനുസരിച്ച് അത് നവീകരിക്കപ്പെടാനുള്ളവ തന്നെയാണു. പക്ഷേ, അടിസ്ഥാന നിയമങ്ങൾക്കവിടെ ഇളക്കം തട്ടുന്നില്ല. ഒരു മത നിയമത്തിനും മനുഷ്യത്വ വിരുദ്ധമോ സ്ത്രീ വിരുദ്ധമോ പ്രകൃതി വിരുദ്ധമോ ആവാൻ സാധിക്കില്ല.പ്രകൃതവിരുദ്ധമായ ഒരു നിയമമോ ആചാരമോ ഉണ്ടായാൽ അത് ദുരാചാരമായിരിക്കും. പുരോഗതിയുടെ പടവുകൾ ചവിട്ടിക്കയറുമ്പോൾ നിയമം കൊണ്ട് തന്നെ റദ്ദാക്കേണ്ടവയാണു ഓരോ ദുരാചാരവും.

എന്നും‌ നവീകരിക്കപ്പെട്ട വിശ്വാസങ്ങളയും ആചാരങ്ങളെയും ആണ് ശബരി മലയുടെ ചരിത്രത്തിൽ എക്കാലത്തും കാണാൻ കഴിയുന്നത്. ത്രേതായുഗത്തിൽ ശ്രീരാമൻ ശബരി എന്ന ദ്രാവിഡ സന്നിധിയിൽ എത്തിയ ശേഷം വൈഷ്ണവരിലും ശൈവരിലും കൂടി കടന്നു പോയ വിശ്വാസധാരകൾ. അവ സംഘർഷമേതുമില്ലാതൊരുമിച്ചാരാധന നടത്തിയിരിക്കാം .കേരളത്തിൽ ബുദ്ധമതം സ്വീകരിക്കപ്പെട്ടത്, ആ കാലയളവിൽ ശബരിമലയും ശാസ്താവിനെ ഉൾക്കൊണ്ടത് ഹരിഹരപുത്രനായ ശാസ്താവ് എന്ന സങ്കല്പത്തിൽ ശൈവ-വൈഷ്ണവ ധാരകൾ ഐക്യപ്പെട്ടത് ഒക്കെ അതിന്റെ തെളിവുകളാണ്..അപ്പോഴും ദ്രാവിഡ പുത്രിയായ ശബരിയുടെ സ്വന്തം ഗിരി ജനങ്ങളും കേരളത്തിലെ തനത് സമൂഹമായ ഈഴവരും അവിടെ പൂജ കഴിച്ചിരുന്നു. കലിയുഗത്തിൽ വെള്ളാട യുവാവായ അയ്യപ്പന്റെയും മുസ്ലിം സുഹൃത്തായ വാവരുടെയും കഥ കൂടി സ്വാംശീകരിക്കപ്പെടുന്നത് വരെ എത്ര വിശ്വാസ ധാരകൾ അവിടെ ഒന്നായൊഴുകിച്ചേർന്നിരുന്നു.പതിന്നാലാം നൂറ്റാണ്ടിലെ പ്രളയത്തിൽ പൂർണ്ണമായും ഇല്ലാതായ ഒരു ക്രിസ്ത്യൻ പാരമ്പര്യവും ശബരിമലയിലെ നിലയ്ക്കലിന്റെ ചരിത്രത്തിൽ അടയാളപ്പെട്ട് കിടപ്പുണ്ട്.ത്രേതാ യുഗത്തിലെ ശ്രീരാമൻ മുതൽ കലിയുഗ വരദൻ വരെ ഉള്ളവർ കല്ലും മുള്ളും ചവിട്ടിക്കയറി വന്ന ഏക ദ്രാവിഡ തീർത്ഥാടന കേന്ദ്രം !. കാലത്തെ അതിജീവിച്ച്അതിന്റെ ദ്രാവിഡ സ്വത്വം ശബരിമല എന്ന പേരിൽ കുടിയിരുത്തപ്പെട്ടിരിക്കുന്നു.
ഇന്നും പതിനെട്ടാം പടി കയറുന്ന വിശ്വാസിയോടു അവൻ ഏത് ധാരയിൽ പെട്ടവനായാലും ആ തിരു നട ഇങ്ങനെ വിളിച്ചു പറയുന്നുണ്ട്..”.തത്വമസി ..’അതു നീ തന്നെ’ എന്നു! എങ്കിലും ഈ ഒഴുക്കിൽ പെട്ട് ആരാധനാ സ്വാതന്ത്യത്തിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട രണ്ട് സ്വത്വങ്ങൾ അഡ്രസ്സ് ചെയ്യപ്പെടാതിരിക്കാനാവില്ല.

ശബരിമലയുടെ അടിസ്ഥാനമായ ‌ശബരിയുടെ തന്നെ ദളിത് സ്വത്വവും എന്നും അടിച്ചമർത്തപ്പെടേണ്ടവളായ ശബരിയുടെ തന്നെ
സ്ത്രീ സ്വത്വവും ആണെന്നത് എത്ര വലിയ വിരോധാഭാസമല്ല! വനവാസികളുടെയും ഈഴവരുടെയും പൂജകൾ റദ്ദാക്കപ്പെട്ടു.സ്ത്രീകളിൽ ഒരു വലിയ വിഭാഗം പുറത്താക്കപ്പെട്ടതും എങ്ങനെ ആണ്? ഇതിനു കാരണം തിരഞ്ഞാൽ നമ്മൾ ചെന്നെത്തുക ദക്ഷിണേന്ത്യ മുഴുവൻ ആര്യവൽക്കരിക്കപ്പെട്ടു കൊണ്ടിരുന്ന ഒരു വിളർത്ത കാലഘട്ടത്തിലേക്കാണു.( ഇരുണ്ടവരല്ല വെളുത്തവരായിരുന്നു മിക്കവാറും അധിനിവേശക്കാർ)

സ്വതവേ യുദ്ധത്തിനോടും യാഗത്തിനോടും പ്രതിഷ്ഠകളോടും തല്പരല്ലാതിരുന്ന ദ്രാവിഡ സമൂഹത്തെ ആയുധവുമായെത്തിയ ആര്യന്മാർ രാക്ഷസരെന്നു വിളിച്ച് അന്യവത്കരിച്ച് ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ നിഗ്രഹിച്ചും അധിനിവേശപ്പെടുത്തി. കൊല്ലപ്പെട്ടത് മൈസൂറിലെ മഹിഷാസുരനായാലും ഭസ്മാസുരനായാലും മഹിഷി ആയാലും തങ്ങൾ കടൽ കടഞ്ഞും തപം ചെയ്തും നേടിയതൊക്കെ ആര്യന്മാരുടെ മോഹനീ രൂപങ്ങളിലും മോഹന വാഗ്ദാനങ്ങളിലും അടങ്ങിയ ചതിയിൽ പെട്ട് നഷ്ടപ്പെടുമ്പോൾ കേരളത്തിലെ അടിസ്ഥാന വർഗ്ഗത്തിന്റെ ചുമലിൽ ബ്രാഹ്മണ്യത്തിന്റെ നുകങ്ങൾ കയറ്റി വയ്ക്കപ്പെട്ട് കഴിഞ്ഞിരുന്നു.അമ്മ സങ്കല്പങ്ങൾക്ക് പകരം വൈദിക പ്രതിഷ്ഠകൾ..അമ്മയെ കൊന്ന പാപം തീർക്കാൻ കേരളത്തെ ബ്രാഹ്മണർ ക്ക് തീറെഴുതിയത്…

ഒരധിനിവേശപ്രദേശമായ് ഒരു മഴു കൊണ്ട് കേരളം അളന്നെടുക്കപ്പെട്ടത്..അതേ പരശു രാമൻ തന്നെ ശബരിമലയിൽ പ്രതിഷ്ഠ സ്ഥാപിച്ചു എന്നും പന്തളംരാജ കുടുംബത്തെ ഏല്പിച്ചു എന്നും വായിയിച്ചിട്ടുണ്ട്. നമ്മൾ വിസ്മരിക്കാൻ വിധിക്കപ്പെട്ട ആ ദ്രാവിഡ , ദളിത സ്ത്രീ സാന്നിധ്യങ്ങൾ നില നിൽക്കുന്നത് ശബരിയിലും അസുര സ്ത്രീയായ മഹിഷിയിലും ഈഴവ സ്ത്രീ ആയ ലീലയിലും ഒക്കെ കൂടി മാളിക പുറത്തമ്മ എന്ന ഇമേജിലാണു.

സുപ്രീം കോടതിയുടെ ഈ ഒറ്റ വിധിയിലൂടെ വീണ്ടെടുക്കപ്പെടുന്നത് ബ്രാഹ്മണ്യം അറപ്പോടെ കണ്ടിരുന്ന ഈ അടിസ്ഥാന സ്വത്വങ്ങളെ തന്നെയല്ലേ. ഇടക്കാലത്ത് കടന്നു വന്ന ബ്രാഹ്മണ്യാചാരങ്ങളുടെ പേരിൽ ഈ തനത് ഐഡന്റിറ്റിയെ നിരസിച്ചാൽ, വനിതകളുടെ ഈ അവകാശം നിരാകരിച്ചാൽ നിലനില്പിനായ് ഒറ്റയ്ക്കും കൂട്ടായും പൂർവ്വികരാൽ നടത്തപ്പെട്ട എണ്ണിയാലൊടുങ്ങാത്ത നവോത്ഥാന പ്രതിരോധങ്ങൾ ഈ തലമുറയ്ക്ക് മാപ്പ് തരില്ല.

മുലക്കരത്തിനെതിരെ മുല മുറിച്ച് കൊടുത്ത നങ്ങേലിയുടെ ഒറ്റയാൾ പ്രതിരോധം മുതൽ എത്രയെത്ര മാറു മറയ്ക്കൽ സമരങ്ങൾ വഴി നടക്കാനുള്ള വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങൾ ക്ഷേത്ര പ്രവേശന വിളംബരങ്ങൾ അരുവിക്കര പ്രതിഷ്ഠ കൾ കണ്ണാടി പ്രതിഷ്ഠകൾ മത പരിവർത്തനങ്ങൾ, ശൈശവ വിവാഹ നിരോധനങ്ങൾ ,സതി നിർത്തലാക്കലുകൾ..എത്ര വില്ലുവണ്ടി യാത്രകൾ നടത്തി നേടിയെടുത്തതാണിന്നു ഭരണഘടനയിലൂടെ നാം ഉയർത്തി പ്പിടിക്കുന്ന മൗലികാവകാശങ്ങൾ .

അറിയാതൊന്നു കേട്ടു പോയാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കപ്പെടാൻ മാത്രം കാരുണ്യരഹിതമായ് അവതരിക്കപ്പെട്ടതെങ്കിലും പുരാതന വൈദികപ്രമാണങ്ങളിൽ എക്കാലത്തേക്കുമായ് കുറിക്കപ്പെട്ട ചില മഹാ വാക്യങ്ങളില്ലേ? തത്വമസി, അദ്വൈതം ,അഹംബ്രഹ്മാസ്മി തുടങ്ങിയവ – ഈ തത്വങ്ങൾ മുന്നോട്ട് വയ്ക്കുന്നത് കൃത്യമായ് സാമൂഹിക തുല്യത എന്ന ആശയം തന്നെയായിരുന്നു. ആ തുല്യതയുടെ അവകാശ പ്രഖ്യാപനങ്ങൾ തടയപ്പെടുക എന്ന ലക്ഷ്യവും അവയെ അസ്പർശ്യമാക്കി വയ്ക്കുന്നിലുണ്ടായിരുന്നിരിക്കാം. തുല്യതയുടെ ആ ആശയങ്ങൾ അവയെക്കാൾ‌ മനോഹരമായ് മൗലികാവകാശങ്ങളായ് അടയാളപ്പെടുത്തപ്പെട്ട ഒരു ഭരണഘടന അംബേദ്കർ എന്ന ആചാര്യന്റെ നേതൃത്വത്തിൽ യാഥാർത്ഥ്യവൽക്കരിക്കപ്പെട്ടത് നമുക്ക് സ്വന്തമായുണ്ട്.

കാലഹരണപ്പെട്ട ആചാരങ്ങൾക്ക് വേണ്ടിയല്ല നമ്മുടെ ഭരണഘടനയ്ക്കിളക്കം തട്ടാതിരിക്കാനും ജനാധിപത്യം കാത്തു സൂക്ഷിക്കാനുമാണു നാം ജാഗരൂകരാകേണ്ടത് . എക്കാലത്തും ഫാസിസ്റ്റ് ഭരണകൂടവും പൗരോഹിത്യവും ഒത്ത് ചേരുമ്പോൾ ദർശനങ്ങൾ മലിനമാക്കപ്പെട്ടിട്ടുണ്ട്. ഭരണപൗരോഹിത്യങ്ങൾക്കോ ഒരു മത സംഹിതയ്ക്കോ മുന്നിലും ഭരണഘടനയെ അടിയറവു വയ്ക്കരുത്.

അധികാരമതപ്രീണനങ്ങൾക്ക് മുൻപിൽ തലകുനിക്കാതിരിക്കാൻ പ്രാപ്തിയുള്ള ഒരു സർക്കാരുണ്ട് കേരളത്തിനു. അതിന് ശക്തി പകരാൻ നമുക്ക് സാധിക്കട്ടെ. സ്ത്രീകൾ കയറാതിരിക്കാനല്ല മറിച്ച് നൂറു ശത്മാനം സ്ത്രീ സൗഹൃദമായ ഒരന്തരീക്ഷം ഉണ്ടാവാനാണു നമ്മൾ ഡിമാന്റ് ചെയ്യേണ്ടത ്. സ്ത്രീ പ്രവേശത്തെ എതിർത്ത വിശ്വാസികളുടെ പ്രതികരണ രീതിയും ഭാഷയും അങ്ങേയറ്റം നിരാശാജനകമായിരിക്കുന്നു.

ഓരോ പ്രളയവും ഓരോ യുഗാന്ത്യമാണു.ഒരു പുതുയുഗപ്പിറവിയും.നവകേരള സൃഷ്ടിയെപ്പറ്റി ഒരുപാട് ദിവാസ്വപ്നങ്ങൾ കാണുന്നൊരാളാണു ഞാൻ.കൂട്ടത്തിൽ ഒരു മനോഹരസ്വപ്നം കൂടി . ഇന്ദ്രിയ നിഗ്രഹവും ബ്രഹ്മചര്യവും വ്രതത്തിലൂടെ പരിശീലിച്ച് മലകയറുന്ന സ്ത്രീ പുരുഷന്മാർ. വ്രതഭംഗം വരാതിരിക്കാൻ അങ്ങേയറ്റം സൂക്ഷ്മത വാക്കിലും നോക്കിലും പ്രവൃത്തിയിലും‌ സൂക്ഷിച്ച് മണ്ഡലകാലം കഴിച്ചു കൂട്ടുന്നവർ.അങ്ങേയറ്റം സ്ത്രീ സൗഹൃദമാർന്ന അന്തരീക്ഷം കാത്ത് സൂക്ഷിക്കപ്പെടുന്ന ശബരിമലയിലെ കാട്ട് വഴികൾ.മാനും പുലിയും ഇണങ്ങി ക്കഴിയുന്ന പുൽമേടുകൾ .കാട്ട് പ്രകൃതിക്കുതകുന്ന തരത്തിലുള്ള വിശ്രമത്താവളങ്ങൾ.. മനോഹരമായ വിളക്കു കാലുകൾ..കൽബഞ്ചുകൾ..തെളിനീരൊഴുകുന്ന പമ്പയാറ്.സ്ത്രീ പുരുഷന്മാർക്ക് പരസ്പരം ഏറ്റവും മാന്യമായി പെരുമാറാൻ പരിശീലനക്കളരിയാവുന്ന മണ്ഡല കാലങ്ങൾ..ആദ്യത്തെ സ്ത്രീ സൗഹൃദ തീർത്ഥാടന കേന്ദ്രം.ക്രമേണ സൗഹൃദാന്തരീക്ഷം ഒരു സംസ്കാരമായ് മാറി..ആദ്യത്തെ സ്ത്രീസൗഹൃദ സംസ്ഥാനമായ് മാറുന്ന കേരളം.പണ്ട്, തന്റെ അരികിലെത്തിയ ശ്രീരാമനോട് പമ്പയെ പരിശുദ്ധമാക്കാൻ ശബരി ആവശ്യപ്പെടുന്നുണ്ട്.എന്നാൽ പമ്പയെ ശുദ്ധം ചെയ്യാനുള്ള ശക്തി തനിക്കില്ലെന്നും ശബരിയുടെ പാദസ്പർശത്തിനു മാത്രമാണു അതിനു ശക്തി എന്നും രാമൻ പ്രതി വചിച്ചു. അതേ…സ്ത്രീകളുടെ പവിത്ര പാദത്താലാവും ശബരിമലയും ശുദ്ധീകരിക്കപ്പെടുക. കോടതിവിധിയുടെ യഥാർത്ഥ ലക്ഷ്യ പ്രാപ്തിക്കായ് ഒരുപാട് കല്ലും മുള്ളും നമ്മൾ താണ്ടേണ്ടതുണ്ട്. അറിയാം. പക്ഷേ മനസ്സ് പറയുന്നു ..ഈ സ്വപ്നം കാണുന്നത് ഞാനൊറ്റയ്ക്കല്ലെന്നു. എന്നോടൊപ്പം ഈ മൊഞ്ചുള്ള കിനവു പങ്കു വയ്ക്കുന്നുണ്ടാവില്ലേ നൈഷ്ഠിക ബ്രഹ്മചാരിയായ ആ കാനനവാസിയും?


Read More Related Articles