സാമ്പത്തിക സംവരണം എന്ന സവർണ സംവരണം

By on

Opinion by Shamseer Ibrahim

സാമ്പത്തിക സംവരണമെന്നത് സ്വാതന്ത്ര്യാനന്തരം തന്നെ സംവരണവിരുദ്ധര്‍ കൊണ്ടുവന്ന വാദമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയിലെ സംവരണ തത്വത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ വാദം. സംവരണത്തെ വെറും ദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതിയാക്കി ഒതുക്കുകയാണ് ഈ വാദം പ്രായോഗികമായി ചെയ്യുന്നത്. കേന്ദ്രത്തില്‍ സംഘ്പരിവാര്‍ നേതൃത്വത്തില്‍ മന്ത്രിസഭ അംഗീകരിച്ച് പാർലമെന്റിന്റെ ഇരുസഭകളും ഭൂരിപക്ഷത്തിൽ പാസാക്കിയെടുത്ത മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള നിയമം സവര്‍ണരെ തൃപ്തിപ്പെടുത്താനും വോട്ട് നേടാനുമുള്ള അടവാണ്. അതിനപ്പുറം കാലങ്ങളായി പല തരത്തില്‍ ഏതാണ്ട് എല്ലാ പാര്‍ട്ടികളുടെയും അകത്തളങ്ങളിൽ നിറഞ്ഞുനിന്നിരുന്ന സംവരണ വിരുദ്ധതയാണ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നത്. സവര്‍ണരുടെ പദ്ധതികളാണ് ഇടതും വലതുമെല്ലാം നടപ്പാക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇന്ത്യൻ സാമൂഹിക ഘടനയിലെ മുന്നാക്കക്കാരുടെ താല്‍പര്യങ്ങള്‍ പരിഗണിക്കാനാണ് എല്ലാവർക്കും താല്പര്യം. കേരളത്തില്‍ കാലങ്ങളായി പലരീതിയില്‍ സംവരണ അട്ടിമറികള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇടതുപക്ഷം സൈദ്ധാന്തികമായും പ്രായോഗികമായും സംവരണത്തെ തുരങ്കം വെക്കുന്ന നിലപാടാണ് പുലര്‍ത്തിവരുന്നത്. ജാതി, മത പരിഗണനകള്‍ ഇല്ലാതാക്കി സാമ്പത്തികമായി ഉള്ളവരും ഇല്ലാത്തവരുമെന്ന വര്‍ഗീകരണത്തെയാണ് ഇടതുപക്ഷം എന്നും പിന്തുണച്ചത്. എന്നാല്‍ ഇവിടെ സാമൂഹിക ഘടനയിലെ യാഥാര്‍ഥ്യമായ ജാതി-മത- സമുദായ പരിഗണനകള്‍ പരിഗണിക്കാനാവാതെ പോയതായിരുന്നു അവരുടെ പരിമിതി. സാമൂഹികമായ അധികാര പങ്കാളിത്തത്തില്‍ വ്യക്തമായ വിവേചനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അതിന്റെ പരിഹാരമാര്‍ഗങ്ങള്‍ സാമ്പത്തിക സംവരണമാണെന്ന വാദമാണ് അവര്‍ ഉയര്‍ത്തിയത്. കേന്ദ്ര ക്യാബിനറ്റ് തീരുമാനത്തോടുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം, തങ്ങൾ ഇത് 1978 മുതൽക്കേ പറഞ്ഞുതുടങ്ങിയിട്ടുണ്ട് എന്നായിരുന്നു. ശരിയാണ്. ഏറ്റവുമൊടുവിൽ പിണറായി സർക്കാറിന്റെ കാലത്താണ് ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം നൽകാൻ അവർ തീരുമാനിച്ചത്. സാമ്പത്തിക സംവരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനോട് ഭരണഘടനാ ഭേദഗതിക്ക് വേണ്ടി ആവശ്യപ്പെടും എന്ന് പറഞ്ഞത്. കേരളത്തിലെ കോൺഗ്രസും കമ്യൂണിസ്റ്റും സംഘ്പരിവാറും സ്വരച്ചേർച്ചയോടെ ഒത്തൊരുമിക്കുന്ന ത്രിവേണി സംഗമമാണ് സാമ്പത്തിക സംവരണം എന്ന സവർണ്ണ സംവരണം.

കെഎഎസ് സംവരണം

കേരളത്തിലെ ഇടതുപക്ഷത്തിന്റെ സംവരണ വിരുദ്ധതയുടെ ഏറ്റവും നല്ല ഉദാഹരണമാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ (കെഎഎസ്) സംവരണ അട്ടിമറി. ഇപ്പോള്‍ പിഎസ്സിയിലൂടെയും നിലവില്‍ സര്‍വീസിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയും നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന തസ്തികകളാണ് കെഎഎസ് ആയി മാറ്റിയത്. ഇതില്‍ എല്ലാ തസ്തികകളിലും നിയമനത്തില്‍ സംവരണം പാലിക്കപ്പെട്ടിരുന്നു. കെഎഎസ് മൊത്തത്തിലുള്ള നിയമനങ്ങള്‍ മൂന്ന് സ്ട്രീമുകളാക്കി തിരിക്കുകയാണ് ചെയ്തത്. തുല്യഎണ്ണമാണ് ഓരോ സ്ട്രീമിലും ഉണ്ടാവുക. ഒന്നാമത്തെ സ്ട്രീമില്‍ നേരിട്ടുള്ള പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് നിയമനം നടക്കുക. രണ്ടാമത്തെ സ്ട്രീമില്‍ ഗസറ്റഡ് ഓഫീസര്‍മാരല്ലാത്ത സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് പ്രത്യേക പരീക്ഷയും അഭിമുഖവും നടത്തിയാണ് നിയമിക്കുക. മൂന്നാമത്തെ സ്ട്രീം ഗസറ്റഡ് ഓഫീസര്‍മാക്കുള്ളതാണ്. ഇതില്‍ ഒന്നാമത്തെ സ്ട്രീമില്‍ മാത്രമാണ് സംവരണം പരിഗണിക്കുക. ബാക്കി രണ്ട് സ്ട്രീമുകളിലും സംവരണമില്ല. ഇതാണ് ഇടതുപക്ഷം നടപ്പാക്കാൻ പോകുന്ന കെഎഎസിന്റെ ഏകദേശ രൂപം.

കെഎഎസില്‍ നിലവിലെ തീരുമാനം കൃത്യമായ സംവരണ അട്ടിമറിയാണെന്ന് പരക്കെ പരാതികളുന്നയിക്കപ്പെട്ടു. കെഎഎസ് നടപ്പാക്കുന്നതിന് മുമ്പ് എല്ലാ തസ്തികകളിലും 50 ശതമാനം സംവരണം ഉണ്ട്. അതനുസരിച്ച് നൂറ് സീറ്റുകളില്‍ നിയമനങ്ങള്‍ നടക്കുമ്പോള്‍ 50 സീറ്റുകള്‍ വിവിധ സംവരണ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ കെഎഎസ് വരുന്നതോടെ 100 സീറ്റില്‍ വെറും 16.5 സീറ്റുകളിലാണ് സംവരണമുണ്ടാവുക. അതായത് 66 ശതമാനം തസ്തികകളിലും സംവരണം ബാധകമല്ല. ബാക്കി 33 ശതമാനത്തില്‍ മാത്രമാണ് സംവരണം ലഭിക്കുക. കേരളത്തിലെ ഏതാണ്ടെല്ലാ ഉയര്‍ന്ന തസ്തികകളും ഐഎഎസ് ആയി സ്ഥാനക്കയറ്റം നല്‍കുന്നതും കെഎഎസിനെ അടിസ്ഥാനമാക്കിയാകും ഇനി നടക്കുക. അപ്പോള്‍ ഇത്തരം ഉയര്‍ന്ന തസ്തികകളില്‍ കീഴാള-പിന്നാക്ക വിഭാഗങ്ങള്‍ക്ക് വരാനുള്ള അവസരമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. മുമ്പുണ്ടായിരുന്ന അവസ്ഥയില്‍ സ്വാഭാവികമായും പിന്നാക്കക്കാര്‍ക്ക് ലഭിച്ചിരുന്ന തസ്തികകളില്‍പോലും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥകളോടൊപ്പം അവര്‍ മുന്നോക്കക്കാരോട് മത്സരിക്കേണ്ട അവസ്ഥ വരുമെന്നര്‍ഥം.

സര്‍ക്കാര്‍ കെഎഎസിലെ സംവരണ നിഷേധത്തിന് രണ്ട് കാരണങ്ങളാണ് പറയുന്നത്. ഒരിക്കല്‍ സംവരണത്തിലൂടെ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പിന്നീട് സംവരണം നല്‍കാന്‍ സാധിക്കില്ലെന്നാണ് ഒന്നാമത്തേത്. കെഎഎസില്‍ അവസാന രണ്ട് സ്ട്രീമുകളും ബൈട്രാന്‍സ്ഫര്‍ നിയമനമാണ്. അതില്‍ സംവരണം നല്‍കാനാകില്ലെന്നാണ് രണ്ടാമത്തെ വാദം. എന്നാല്‍ ഇത് സംവരണനിഷേധം മറച്ചുവെക്കാനുണ്ടാക്കിയ പൊള്ള വാദങ്ങള്‍ മാത്രമാണ്. ഇവിടെ സംവരണത്തിലൂടെ ജോലിയില്‍ പ്രവേശിച്ചവര്‍ വീണ്ടും മത്സരപരീക്ഷയെഴുതി ഇന്റര്‍വ്യൂവില്‍ പങ്കെടുത്താണ് ജോലിയില്‍ കയറുന്നത്. യോഗ്യതാ പരീക്ഷയല്ല; മത്സര പരീക്ഷ തന്നെയാണ്. ഇത് തീര്‍ത്തും പുതിയ നിയമനമാണ്. അതിനാല്‍ രണ്ട് സംവരണത്തിന്റെ പ്രശ്‌നം വരുന്നില്ല. ബൈട്രാന്‍സ്ഫറിന് സംവരണമില്ലെന്ന വാദവും സംവരണനിഷേധത്തിനായി ഉണ്ടാക്കിയതാണ്. കാരണം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ 2018 ജൂണ്‍ 15-ലെ ഉത്തരവില്‍ സ്ഥാനക്കയറ്റത്തിലും സംവരണം നല്‍കാമെന്ന് പറയുന്നുണ്ട്. ജര്‍ണയില്‍ സിംങ് ആന്റ് അദേഴ്‌സ് V s ലഖ്മി നരേന്‍ ആന്റ് അദേഴ്‌സ് കേസില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. അതിന് പുറമേ ബൈട്രാന്‍സ്ഫര്‍ എന്നത് എന്താണെന്ന് നിര്‍വചിക്കാതെയാണ് കേരള സര്‍ക്കാര്‍ കെഎഎസില്‍ സംവരണം നിഷേധിച്ചിരിക്കുന്നത്. ബൈട്രാന്‍സ്ഫര്‍ എന്നാല്‍ സര്‍വീസില്‍ നിലവിലുള്ളവര്‍ക്ക് വകുപ്പ്തല പരീക്ഷയുടെയോ അല്ലെങ്കില്‍ അതില്ലാതെയോ സീനിയോറിറ്റിയുടെയും വകുപ്പ്തല റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ നല്‍കുന്നതാണ്. എന്നാല്‍ കെഎഎസ് എന്നത് തികച്ചും വ്യത്യസ്തമായ പോസ്റ്റിലേക്ക് വേറെ പ്രവേശന പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയാണ് നിയമിക്കുന്നത്. അതിനാല്‍ ഇത് ബൈട്രാന്‍സ്ഫറില്‍ ഒരിക്കലും ഉള്‍പെടുത്താനാകില്ല.
ഇതെല്ലാം തിരസ്‌കരിച്ചാണ് സംവരണ അട്ടിമറി മാത്രം ലക്ഷ്യം വെച്ച് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം മാത്രം പരിഗണിച്ച് പി.എസ്.സിയെ ദുരുപയോഗം ചെയ്താണ് സര്‍ക്കാര്‍ ഇത് നടപ്പിലാക്കുന്നത്. എല്ലാ സ്ട്രീമുകളിലും സംവരണം നല്‍കണമെന്ന് നിര്‍ദേശിച്ച നിയമസെക്രട്ടറി ബി.ജി ഹരീന്ദ്രന്റെ റിപ്പോര്‍ട്ടും പട്ടികവിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ മാവോജിയുടെയും ന്യൂനപക്ഷ കമ്മീഷന്റെയും ഉത്തരവുകളും അവഗണിച്ചാണ് സര്‍ക്കാര്‍ തിരക്കിട്ട് ഈ നീക്കം നടത്തിയിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടായ സ്ഥിതിക്ക് കൂടുതല്‍ ചര്‍ച്ച നടത്താനോ ഇടതുപക്ഷ സംഘടന തന്നെയായ പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) പോലുള്ളവരുടെ നിവേദനങ്ങള്‍ പരിഗണിക്കാനോ മുഖ്യമന്ത്രി കൂട്ടാക്കുന്നില്ല.

സംവരണ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ കുറവാണെന്ന് ബോധ്യപ്പെട്ടാല്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിലും വാര്‍ത്താസമ്മേളനത്തിലും പറഞ്ഞത്. എന്നാല്‍ ഇതിലും പ്രശ്‌നമുണ്ട്. കെഎഎസിലെ ഒന്നോ രണ്ടോ കേഡറുകള്‍ നിയമനം നേടിയ ശേഷമായിരിക്കും ഇത് തിരിച്ചറിയുകയും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുകയും ചെയ്യുക. അതിലൂടെ എല്ലാ സീനിയോറിറ്റിയും അതുവഴിയുള്ള ഐഎഎസിലേക്കുള്ള സ്ഥാനക്കയറ്റവും പിന്നാക്കക്കാര്‍ക്ക് നിഷേധിക്കപ്പെടുന്നു. അതിന് പുറമേ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് മാത്രമാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സാധ്യമാവുക. മറ്റുപിന്നാക്കവിഭാഗങ്ങള്‍ക്ക് അപ്പോഴും അവകാശപ്പെട്ട സാമൂഹികനീതി ലഭിക്കുകയില്ല. നിലവിലുള്ള ഉന്നത ഉദ്യോഗങ്ങളിലെ എസ് സി – എസ് ടി പ്രാതിനിധ്യം നീതിപൂർവകമല്ലെന്ന പകൽസത്യം കാലങ്ങളായി നമ്മുടെ മുമ്പിലുണ്ടായിരിക്കെ കെ എ എസിൽ പ്രാതിനിധ്യക്കുറവ് ബോധ്യപ്പെട്ടാൽ എസ് സി എസ് ടി സ്‌പെഷ്യൽ റിക്രൂട്ട്മെൻറ് നടത്താം എന്ന് മുഖ്യമന്ത്രി പറയുന്നത് തട്ടിപ്പല്ലാതെ മറ്റെന്താണ് ?

നവോത്ഥാന മതിലും സംവരണവും

വനിതാമതിൽ ഇടതുപക്ഷത്തിന്റെ ഒരു ആശയപ്രചരണം എന്ന നിലയിൽ ശ്രദ്ധേയമായി സംഘടിപ്പിക്കുവാനും ഒരു വിഭാഗം സംവരണീയ സമുദായ സംഘടനാ നേതാക്കളെ മതിലിനോടൊപ്പം ചേർത്ത് നിർത്താനും ഇടതുപക്ഷത്തിനു സാധിച്ചിട്ടുണ്ട്. എന്നാൽ ജനുവരി 1 കഴിഞ്ഞു കൃത്യം ഒരാഴ്ച പിന്നിടുമ്പോഴേക്കും മതിൽ മുന്നോട്ട് വെച്ച നവോത്ഥാനം എന്ന ആശയം സവർണ്ണ സംവരണ ചർച്ചകളിൽ തട്ടി ഉലയാൻ തുടങ്ങി. നവോത്ഥാനത്തെ നിർവ്വചിക്കാനും വ്യാഖാനിക്കാനും തീർച്ചയായും ഇടതുപക്ഷത്തിന് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആ നിർവ്വചനത്തിന്റെയും വ്യാഖ്യാനങ്ങളുടെയും അപ്പുറമാണ് യഥാർത്ഥ നവോത്ഥാനം. വില്ലുവണ്ടിയും കല്ലുമാലയും പഞ്ചമിയെന്ന പെൺകുട്ടിയും നവോത്ഥാനത്തിന്റെ ഉള്ളടക്കങ്ങളാണ്. പോർച്ചുഗീസ് – ബ്രിട്ടീഷ് അധിനിവേശങ്ങൾക്കെതിരായ പോരാട്ടവും സ്വാഭിമാന പ്രഖ്യാപനങ്ങളും കൊട്ടിഘോഷിക്കപ്പെടുന്ന സൊ കോൾഡ് നവോത്ഥാനത്തിന്റെ കാലഗണനയ്ക്കുമപ്പുറത്തെ യാഥാർഥ്യങ്ങളാണ്. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരായ നിരന്തരമായ പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും അതിലൂടെ നേടിയെടുത്ത പ്രാതിനിധ്യപരമായ അവകാശങ്ങളും ഇവിടുത്തെ നവോത്ഥാനത്തെ നിർണയിച്ചിട്ടുണ്ട്. കെ എ എസ് – സവർണ്ണ സാമ്പത്തിക സംവരണ രാഷ്ട്രീയം ഒരു ധ്രുവത്തിലും വനിതാമതിൽ ഉയർത്തിയ നവോത്ഥാന രാഷ്ട്രീയം മറുധ്രുവത്തിലുമാണുള്ളത്. നവോത്ഥാന മതിൽ നിർമ്മാണ വേളയിൽ ഭരണഘടനാ മൂല്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും ഭരണഘടനാ മൗലിക വാദങ്ങളും ഇവിടെ ഉയർത്തപ്പെട്ടിരുന്നു. എന്നാൽ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സംവരണ വിഷയത്തിൽ ഭരണഘടന ഒരു റഫറൻസേ അല്ല. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് ഭരണഘടന ഉറപ്പു നൽകുന്ന സംവരണ അവകാശങ്ങളെ സി പി എം കൗശലപൂർവം മതിലിന്റെ പിന്നാമ്പുറത്തു ഒളിപ്പിച്ചു വെക്കുകയും സംവരണാവകാശങ്ങളെ പാർട്ടിയുടെ വർഗ സിദ്ധാന്തവുമായി ബന്ധിപ്പിക്കുകയും പ്രയോഗതലത്തിൽ സവർണ്ണ ജനവിഭാഗങ്ങളെ പ്രീണിപ്പിക്കുകയെന്ന എക്കാലത്തെയും തന്ത്രം നടപ്പിലാക്കുകയുമാണ് ചെയ്യുന്നത്.

സാമൂഹ്യനീതിക്കു വേണ്ടി ശബ്ദിക്കാൻ ബാധ്യതപ്പെട്ട സമുദായ നേതാക്കളും ജാതിസംഘടനാ നേതാക്കളും താത്കാലികമോ വ്യക്തിപരമോ ആയ ലക്ഷ്യങ്ങൾക്ക് വേണ്ടി കേരളത്തിലെ ഇടതു – വലതു പക്ഷങ്ങളുടെ കെണികളിൽ തല വെച്ച് കൊടുക്കുന്നത് ദൗർഭാഗ്യകരമാണ്. സാമൂഹ്യ നീതിബോധം കക്ഷിരാഷ്ട്രീയത്തിനു വേണ്ടി പണയപ്പെടുത്താതെയും സ്വതന്ത്രമായ രാഷ്ട്രീയ ബോധ്യങ്ങളിൽ അടിയുറച്ചു നിന്ന് കൊണ്ടും സംഘവിരുദ്ധ രാഷ്ട്രീയം സാധ്യമാണെന്നെങ്കിലും തിരിച്ചറിയണം.

സാമൂഹിക നീതിയും ജനാധിപത്യവും

ചുരുക്കത്തില്‍ ജനാധിപത്യത്തിന്റെ അടിത്തറയാണ് സാമൂഹിക നീതി. സംവരണത്തെ വിവിധ തരത്തില്‍ ചോദ്യം ചെയ്യുകയും അട്ടിമറിക്കുകയും ചെയ്യുന്നതിലൂടെ ജനാധിപത്യത്തെയും ഭരണഘടനയെയും തന്നെയാണ് ഇടതും വലതും സംഘ്പരിവാറും ഉദ്യോഗസ്ഥ മേലാളന്മാരും ചേർന്ന് അട്ടിമറിക്കുന്നത്. സംവരണ വിഭാഗങ്ങളെയും പിന്നാക്കവിഭാഗങ്ങളെയും എന്നും തങ്ങളുടെ കീഴില്‍ നിര്‍ത്തണമെന്ന സവര്‍ണ താല്‍പര്യങ്ങളെ സംരക്ഷിക്കാനാണ് ഇപ്പോള്‍ അധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പിന്നാക്കവിഭാഗങ്ങളുടെ അധികാര പങ്കാളിത്തമെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം സംരക്ഷിക്കപ്പെടണമെങ്കില്‍ വിവിധ വിഭാഗങ്ങളുടെ ഒന്നിച്ചുള്ള പ്രക്ഷോഭങ്ങളും സാമൂഹ്യസമ്മര്‍ദ്ദങ്ങളും ശക്തിപ്പെടണം. ജനാധിപത്യവാദികളെല്ലാവരും സംവരണ വിഭാഗങ്ങളുടെ ഈ അവകാശപ്പോരാട്ടത്തിന്റെ കൂടെനില്‍ക്കുകയും വേണം.

-ഫ്രറ്രേണിറ്റി മൂവ്മെന്‍റ്  സംസ്ഥാന വൈസ്  പ്രസിഡന്‍റാണ് ഷംസീര്‍ ഇബ്രാഹിം-


Read More Related Articles