വീരപ്പന്‍ ഭ്രഷ്ടനാവുന്നതിന്‍റെ രാഷ്ട്രീയം

By on

1969ൽ എറിക് ഹോബ്സോമിന്‍റെ Social Bandits എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നതോടെയാണ് വ്യത്യസ്തയിടങ്ങളിൽ വേറിട്ട രീതിയിൽ, നിലനിൽക്കുന്ന വ്യവസ്ഥയോട് കലഹിച്ചും ഇടഞ്ഞും സാമൂഹിക ഇടപാടുകൾ നടത്തുന്നവരെ സംബന്ധിച്ച പുതിയ വായനകൾ വികസിച്ചു വരുന്നത്. മർദ്ദക ഭരണ കൂടങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ പ്രതിരോധങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു സവിശേഷ യാഥാർത്ഥ്യമായിട്ടാണ് ഹോബ്സ്ബോം ഇത്തരം ആളുകളെയും അവർക്കു ചുറ്റും വികസിച്ചു വരുന്ന ആൾക്കൂട്ട- പ്രവർത്തനങ്ങളെയും കാണുന്നത്. കുറ്റകൃത്യങ്ങളുടെ ലോകത്തു നിന്ന്, കുറ്റവാളി എന്ന ലേബൽ മറികടന്ന്, മർദ്ദിതരുടെ പ്രാതിനിധ്യം പേറുന്ന തരത്തിലേക്ക് ഉയരുകയും അവരുടെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഇത്തരം ആളുകളെയും അവരുടെ പോരാട്ടങ്ങളെയും തിരസ്കരിക്കുന്ന, ആ രീതിയിൽ അവരെ ഉൾക്കൊള്ളാൻ സന്നദ്ധമാകാത്ത ചരിത്ര , നരവംശശാസ്ത്ര പഠനങ്ങളെ അദ്ദേഹം വിമർശന വിധേയമാക്കുന്നുമുണ്ട്.

സത്യമംഗലം കാട് കേന്ദ്രീകരിച്ചുള്ള വീരപ്പന്‍റെ ഇടപെടലുകളെ , അയാൾ സാധ്യമാക്കാൻ ശ്രമിച്ച ഭാവനകളെ ആ രൂപത്തിൽ വായിക്കാനുള്ള ശ്രമമാണിത്. വീരപ്പൻ തന്‍റെ അനുഭവങ്ങൾ, ആലോചനകൾ വിശദീകരിക്കുന്ന മുതൽ വേട്ടയും മുതൽ കൊലയും (നക്കീരൻ പബ്ലിക്കേഷൻസ്, 1999) എന്ന പുസ്തകത്തിന് എം. എസ്.എസ് പാണ്ഡ്യൻ എഴുതിയ നിരൂപണവും പ്രമുഖ ഓസ്ട്രേലിയൻ ഗവേഷകൻ ഗ്രഹാം സീലിന്‍റെ റോബിൻ ഹുഡ് പ്രിൻസിപ്പിൾ എന്ന വിചാര മാതൃകയും ഈ ആലോചനക്ക് നമ്മെ സഹായിക്കും.

വ്യത്യസ്ത കാലഘട്ടങ്ങളിൽ, വിഭിന്ന ദേശങ്ങളിൽ, വ്യത്യസ്ത സംസ്കാരങ്ങൾക്കുള്ളിൽ നിലനിൽക്കുകയും അക്കാലങ്ങളിലെ പൊതു ഭാവനകളെ അലോസരപ്പെടുത്തുന്ന തരത്തിൽ നിരന്തരമായി പ്രവർത്തിക്കുകയും ചെയ്ത അനേകം പേരെക്കുറിച്ചുള്ള ഗവേഷണത്തിലൂടെയാണ് ഗ്രഹാം സീൽ ഈയൊരു ഫ്രെയിംവർക്ക് രൂപപ്പെടുത്തുന്നത്. ഇറ്റലിയിലെ ആഞ്ചലോ ഡ്യൂക്ക, കശ്മീരിലെ മഹാദേവ് , ഫൂലൻ ദേവി, സൗത്ത് ആഫ്രിക്കയിലെ സ്യൂൾ സിലോ, ടെക്സസിലെ സാം ബാസ്, നെഡ് കെല്ലി , വില്യം ടെൽ തുടങ്ങി അനേകം പേർ ഈ പഠനത്തിൽ കടന്നു വരുന്നു.

വ്യത്യസ്ത കാലങ്ങളിലും പ്രദേശങ്ങളിലുമായി സമാനമായ ഭാവനകളും ഇടപെടലുകളുമുള്ളവർ എങ്ങനെ ഉരുവം കൊള്ളുന്നു എന്ന ചോദ്യത്തിന് സാംസ്കാരിക- സാമൂഹിക- രാഷട്രീയ പശ്ചാത്തലങ്ങളിൽ നിന്ന് ഉത്തരങ്ങൾ ഇഴപിരിച്ചെടുക്കാൻ ഏറെ എളുപ്പമാണ്. ഒപ്പം ഒരു നല്ല കള്ളനെ നിർമ്മിച്ചെടുക്കാനും ശോഷണം സംഭവിക്കാതെ അവയെ നിലനിർത്താനുമുള്ള ആന്തരിക ചോദന ഓരോ സമൂഹത്തിനകത്തും നിലനിൽക്കുന്നുണ്ടെന്നും ഡാർക് ഏജ് മുതൽ ഇക്കാലത്ത് ഉസാമ ബിൻ ലാദൻ വരെയുള്ള ബിംബ നിർമിതികൾ അതാണ് കാണിക്കുന്നതെന്നും സീൽ വാദിക്കുന്നുണ്ട്.

റോബിൻഹുഡ് റോൾ വഹിക്കുന്ന യഥാർത്ഥ ആളുകളോ, അല്ലാത്തയിടങ്ങളിൽ സമാനമായ സ്വാധീനം ചെലുത്തുന്ന കഥാപാത്രങ്ങളോ നിലനിൽക്കുന്നതായി കാണാം. അനേകം കഥാപാത്രങ്ങളും ചരിത്രവും വിശകലനം ചെയ്ത് അവയിലെല്ലാം ഒരു പോലെ കാണുന്ന സ്വഭാവ സവിശേഷതകളും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. നിലനിൽക്കുന്ന നിയമങ്ങളുടെ ലംഘനം, അയാൾക്കു ചുറ്റും രൂപപ്പെടുന്ന ഗ്രൂപ്പിൽ നിന്നും ലഭിക്കുന്ന നിരുപാധിക സ്നേഹവും പിന്തുണയും, സമാഹരിച്ച വിഭവങ്ങളുടെ വിതരണം, ഒടുക്കം സ്വന്തം ഗ്രൂപ്പിനകത്തു ഒറ്റു കൊടുക്കപ്പെടുന്നു, വീരോചിതമായ മരണം.

ചില പ്രത്യേക സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾക്കുള്ളിൽ തന്നെയാണ് കൂസെ മുനിസാമി വീരപ്പൻ ഗൗണ്ടർ വീരപ്പൻ ആയി മാറുന്നത്. ചന്ദനക്കൊള്ള, ഫോറസ്റ്റ് ഓഫീസർമാരെ തട്ടിക്കൊണ്ടു പോകൽ, ക്രൂര കൊലപാതകങ്ങൾ ഇവയൊക്കെയാണ് മുഖ്യധാര വീരപ്പൻ ആഖ്യാനങ്ങൾ. ഇവയുടെയെല്ലാം നിരാകരണം അല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

1996 ൽ നക്കീരൻ മാസികക്കു വേണ്ടി എട്ടു മണിക്കൂറോളം വീരപ്പൻ സ്വന്തം കഥ വിവരിക്കുന്നുണ്ട്. ആ വീഡിയോ രേഖകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതിനെ റിവ്യൂ ചെയ്ത് എംഎസ്എസ് പാണ്ഡ്യൻ പറയുന്നു: ” സ്റ്റേറ്റിനും അതിന്‍റെ പിണിയാളുകൾക്കുമെതിരായ നൈതിക രോഷവും, അയാൾക്കു ചുറ്റുമുള്ള പ്രദേശ വാസികളോടുള്ള ഉറച്ച കടപ്പാടും നൈതിക നിഷ്ഠമായ ഒരു ബദൽ ഭരണ വ്യവഹാരം നിർമ്മിച്ചെടുക്കാനുമുള്ള ആഗ്രഹവും അവയിൽ ക്യത്യമായി പ്രതിഫലിക്കുന്നുണ്ട് .ജയലളിത, ദേവഗൗഡ, കരുണാനിധി, രാജീവ് ഗാന്ധി തുടങ്ങിയവരോടുള്ള രാഷ്ട്രീയ വിയോജിപ്പുകൾ, നോർത്ത് ശ്രീലങ്കയിൽ ഇന്ത്യൻ സൈന്യത്തിന്‍റെ ഇടപെടലുകളോടുള്ള കനത്ത അമർഷം ഇവയെല്ലാം പുസ്തകത്തിൽ വളരെ വ്യക്തമാണ്.

പാണ്ഡ്യൻ റിവ്യൂ സമാഹരിക്കുന്നത് ഇങ്ങനെയാണ്: ”തങ്ങളുടെതിൽ നിന്ന് വ്യത്യസ്തമായ അയാൾ ഉയർത്തുന്ന നൈതികതയേയും മൂല്യങ്ങളെയും ഉൾവഹിക്കാനോ സമഗ്രമായി മനസ്സിലാക്കാനോ മോഡേൺ സ്റ്റേറ്റിനും അതിന്റെ ഭരണകൂട യുക്തിക്കോ ഒരിക്കലും സാധിക്കുകയില്ല. മോഡേൺ സ്റ്റേറ്റും കീഴാള വ്യവഹാര ഭാഷയും പരസ്പരം ചേരാത്തിടത്ത് പുതിയ രാഷ്ട്രീയത്തെയും ഭരണ രൂപങ്ങളെയും കുറിച്ചുള്ള വ്യത്യസ്തമായ ഇമേജിനേഷൻ വേണ്ടി വരും. ഈയർത്ഥത്തിലാണ് വീരപ്പന്‍റെ ജീവിതവും കാലവും പ്രധാനമായിത്തീരുന്നത് .

ഈ വായനകളുടെ പശ്ചാത്തലത്തിൽ നിന്നു കൊണ്ട്, വീരപ്പനെ മുൻ നിർത്തി, കീഴാള ജീവിതങ്ങൾക്കുള്ള ബദൽ സംവിധാനങ്ങളെ കുറിച്ചും വയലൻസിന്‍റെ ഭിന്ന തലങ്ങളെ കുറിച്ചും പുതിയ അർത്ഥങ്ങളെ കുറിച്ചും പ്രകൃതിയുമായുള്ള ഇടപെടലിന്‍റെ അർത്ഥങ്ങളെ കുറിച്ചും വീരപ്പൻ  ഭ്രഷ്ടനായിത്തീരുന്ന നിലവിലെ നിയമ സംവിധാനങ്ങളുടെ പ്രാപ്തിയെ കുറിച്ചും ആലോചിക്കാവുന്നതാണ്.


Read More Related Articles