ലിംഗപരമായ മുൻവിധികളെ തിരുത്തുന്ന ബ്രൂക് ബോണ്ട് റെഡ് ലേബൽ പരസ്യം ശ്രദ്ധ നേടുന്നു
പരസ്യ ചിത്രങ്ങള്‍ പലപ്പോഴും ഗൗരവമുള്ള രാഷ്ട്രീയം പങ്കുവെച്ചു കൊണ്ട് ശ്രദ്ധ നേടാറുണ്ട്. ആ പാത പിന്തുടരുകയാണ് ബ്രൂക് ബോണ്ട് റെഡ് ലേബൽ തേയിലയുടെ പുതിയ പരസ്യ ചിത്രം. ട്രാൻസ്ജെൻഡേഴ്സിനോടുള്ള പൊതുസമൂഹത്തിൻ്റെ ലിംഗപരമായ മുൻവിധി ആണ് പരസ്യചിത്രത്തിൻ്റെ പ്രമേയം.
ഒരു ട്രാഫിക് ബ്ലോക്കിൽ പെട്ടു കിടക്കുന്ന കാറിൻ്റെ ഗ്ലാസിൽ ഒരു ട്രാൻസ് യുവതി മുട്ടുന്നു. കാറിൻ്റെ പിൻസീറ്റിൽ ഒരു വൃദ്ധയും അവരുടെ പേരക്കുട്ടിയുമാണ് ഉള്ളത്. ട്രാൻസ് യുവതി ഭിക്ഷാടകയാണെന്ന് കരുതി, വ്യദ്ധ അസ്വസ്ഥതയോടെ പണം നൽകാനൊരുങ്ങുന്നു. എന്നാൽ തന്റെ ചായക്കട അടുത്താണെന്നും മഴയിൽ പെട്ട് പോയ ആർക്കെങ്കിലും ഓരോ ചായ നൽകാം എന്ന് കരുതി വിളിച്ചതാണെന്നും തന്റെ ചായക്കട ചൂണ്ടിക്കാട്ടിക്കൊണ്ട് ട്രാന്‍സ് യുവതി പറയുന്നു. കാറിലുള്ള സ്ത്രീ അത്ഭുതത്തോടെ ചായ വാങ്ങുന്നു. തന്റെ പേരക്കുട്ടിക്കും ചായ കൊടുക്കുന്നു. ചായ നൽകി തിരികെ പോവുന്ന ട്രാന്‍സ് യുവതിയെ കാറിലുള്ള സ്ത്രീ തിരികെ വിളിക്കുമ്പോൾ പണത്തിന് വേണ്ടിയല്ല ചായ നൽകിയത് എന്ന് അവർ പറയുന്നു. എന്നാൽ പണം തരാനല്ല സ്നേഹം തരാനാണ് തിരികെ വിളിച്ചതെന്ന് ആ മുത്തശ്ശി പറയുകയും ട്രാന്‍സ് യുവതിയുടെ മുഖത്ത് തഴുകുകയും ചെയ്യുന്നു. ഇതാണ് നാം ബ്രൂക് ബോണ്ട് റെഡ് ലേബൽ തേയിലയുടെ പരസ്യത്തിൽ കാണുന്നത്. തേയിലയുടെ പരസ്യം ഏറെ പ്രസക്തമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത് ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. മാർച്ച് 1 നാണ് പരസ്യം യൂറ്റ്യൂബിലെത്തിയത്.